2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിക്കരുത് -ജസ്റ്റിസ് കൃഷ്ണയ്യര്‍


കൊച്ചി: വികസന പദ്ധതികള്‍ക്കായി പുനരധിവാസം ഉറപ്പിക്കാതെ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പറഞ്ഞു. ജനകീയ പ്രതിരോധ സമിതി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഭൂമിയും പാര്‍പ്പിട സൗകര്യവും ഒരുക്കിയതിന് ശേഷമാകണം പദ്ധതി ആരംഭിക്കേണ്ടതെന്ന് നിയമ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. വെറുതെ സമയം കളഞ്ഞത് മിച്ചം-കൃഷ്ണയ്യര്‍ വ്യക്തമാക്കി.

റോഡിന് വീതികൂട്ടുമ്പോള്‍ പട്ടിണിപ്പാവങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. അവര്‍ക്ക് പകരം ഭൂമി കിട്ടുന്നുമില്ല. സോഷ്യലിസം എന്ന് ഭരണഘടനയില്‍ എഴുതിവയ്ക്കുകയും സ്വകാര്യമേഖലയെ അമിതമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണിവിടെ- ജസ്റ്റിസ് കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ ഡോ.ഡി.സുരേന്ദ്രനാഥ് നയരേഖ അവതരിപ്പിച്ചു. വിലക്കയറ്റം തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കുക, പൊതുജനാരോഗ്യ സംവിധാനം സംരക്ഷിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, പൊതുവഴികളുടെ സ്വകാര്യവത്കരണവും കുടിയൊഴിപ്പിക്കലും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് നയരേഖയില്‍ അവതരിപ്പിച്ചത്. ഡോ.പി.എസ്. പണിക്കര്‍ അനുസ്മരണ പ്രമേയവും ജോര്‍ജ് മുല്ലക്കര പ്രവര്‍ത്തന മാര്‍ഗരേഖയും അവതരിപ്പിച്ചു. മൂലമ്പിള്ളി, ചെങ്ങറ, ദേശീയപാതാ വികസന കുടിയൊഴിപ്പിക്കല്‍ എന്നീ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്,സി.ആര്‍.നീലകണ്ഠന്‍, പ്രൊഫ. കെ.അരവിന്ദാക്ഷന്‍, ജിയോജോസ്, പ്രൊഫ. കെ.ബി.ഉണ്ണിത്താന്‍, മുതലാംതോട് മണി, അമ്പലപ്പുഴ ഗോപകുമാര്‍, ഹാഷിം ചേന്ദാമ്പിള്ളി, സി.കെ.രാജന്‍, ഫാ. എബ്രഹാം ജോസഫ്, കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ, ഇന്ത്യന്നൂര്‍ ഗോപി, മാത്യു വേളങ്ങാടന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ , വി.കെ.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച