ന്യൂദല്‍ഹി: സാമ്പത്തിക-ശാസ്ത്രീയ മേഖലയില്‍ ആര്‍ജിച്ച ശക്തമായ മുന്നേറ്റങ്ങള്‍ക്കിടയിലും ലോകം മുഴുവന്‍ അസന്തുലിതത്വം പെരുകുന്നതായി ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷന്‍ സെയ്ദ് ജലാലുദ്ദീന്‍ ഉമരി അഭിപ്രായപ്പെട്ടു. ഈ അസന്തുലിതത്വത്തിന്റെ പ്രത്യക്ഷ ഇരകളായി മാറിയ ദരിദ്ര ജനസമൂഹത്തിന്റെ ജീവിതം മാറ്റിയെടുക്കാന്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ ജമാഅത്ത് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തുടനീളം ഭൗതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തികരംഗത്തെ അജയ്യ ശക്തികളായി അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും മറ്റും ഏറെ മുന്നോട്ടു പോയി. ആഡംബര ഉല്‍പന്നങ്ങളുടെയും വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെയും ധാരാളിത്തം ജനജീവിതത്തെ അടിമുടി മാറ്റിയിരിക്കുന്നു. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലും ജനങ്ങളില്‍ ഭൂരിഭാഗവും ദാരിദ്ര്യ രേഖക്കു ചുവടെയാണ്. ഇന്ത്യയിലാകട്ടെ വികസനത്തിന്റെ തുല്യാവകാശം വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ ക്രൂരമായി ലംഘിക്കപ്പെടുന്നു. നിയമ പരിരക്ഷകളുണ്ടെങ്കിലും ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല -ജലാലുദ്ദീന്‍ ഉമരി. വര്‍ഗീയ പ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ജീവിതത്തിന്റെ സാമൂഹിക തലങ്ങളില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന വാദം ജമാഅത്ത് അംഗീകരിക്കുന്നില്ല. ദൈവിക നീതിക്ക് അനുസരിച്ച് ജീവിതം കെട്ടിപ്പടുക്കണം. സ്‌നേഹത്തിലും ധര്‍മത്തിലും അധിഷ്ഠിതമായി മനുഷ്യനന്‍മക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളുമായി ജമാഅത്ത് മുന്നോട്ടുതന്നെ പോകും. രാഷ്ട്രീയാദി മേഖലകളില്‍ നേരിട്ടും അല്ലാതെയുമുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും ജമാഅത്ത് അമീര്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. അമീറിന്റെ പ്രസംഗം മലയാളത്തിലേക്ക് യൂസുഫ് ഉമരിയും ബംഗാളി ഭാഷയിലേക്ക് ഡോ. റഈസുദ്ദീനും മൊഴിമാറ്റം നടത്തി. ഓഖ്‌ല അബുല്‍ ഫസല്‍ എന്‍ക്ലേവിലെ ജമാഅത്ത് ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എണ്ണായിരത്തോളം അംഗങ്ങളാണ് സംബന്ധിക്കുന്നത്. മൗലാന മുഹമ്മദ് യൂസുഫ് ഇസ്‌ലാഹിയുടെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ജമാഅത്ത് സെക്രട്ടറി ജനറല്‍ നുസ്‌റത്ത് അലി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇഅ്ജാസ് അഹ്മദ് അസ്‌ലം, മുഫ്തബ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് അഞ്ച് സെഷനുകളിലായി വിവിധ വിഷയങ്ങളെക്കുറിച്ച് തുറന്ന സംവാദം നടന്നു. ഡോ. അബ്ദുര്‍റഖീബ്, നസീറാ ഖാനം, ഡോ. ഷക്കീല്‍ അഹ്മദ്, ടി. ആരിഫലി, മുജ്തബ ഫാറൂഖ്, മുഹമ്മദ് റഫീഖ് ഖാസ്മി, ഡോ. അബ്ദുസ്സലാം വാണിയമ്പലം, അശ്ഫാഖ് അഹ്മദ്, ഡോ. അഹ്മദ് സജ്ജാദ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം റാലിയോടും പൊതുസമ്മേളനത്തോടും കൂടി ഞായറാഴ്ച സമാപിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ