2010, നവംബർ 15, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍ പുതിയ പഠനം ഇരകളെ അപമാനിക്കുന്ന നടപടി- സി.ആര്‍.നീലകണ്ഠന്‍

കാസര്‍കോട്: വിശദമായ പഠനങ്ങള്‍ നടന്നിട്ടും പ്രത്യക്ഷമായി തന്നെ ദുരന്തങ്ങള്‍ ബോധ്യപ്പെട്ടിട്ടും വീണ്ടും പുതിയൊരു പഠനം നടത്താനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം ഇരകളെ അപമാനിക്കുന്ന നടപടിയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക' എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ക്കനുസരിച്ച സമഗ്രമായ കീടനാശിനി നിയമം ഉണ്ടാകണം. ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ഉദ്പാദനവും വില്‍പനയും ഉപയോഗവും നിരോധിക്കുകയും ദുരിതം പേറുന്ന ഇരകള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കുകയും വേണം. നഷ്ടപിരഹാര ട്രൈബ്യൂണല്‍ സ്ഥാപിച്ച് വിശദമായ പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നമ്മുടെ ആര്‍ത്തി മൂത്ത വികസനത്തിന്റെ ഇരകളാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ഈ വികല വികസനം നമ്മുടെ പ്രകൃതിയെ മാത്രമല്ല തകര്‍ത്തത്. മനുഷ്യരെയും കൊന്ന് തിന്നുകയാണ്. എന്‍ഡോസള്‍ഫാന്‍ കാരണം ജില്ലയില്‍ ദിനേന മരണം സംഭവിക്കുമ്പോള്‍ ഭരണവര്‍ഗം പുതിയ പഠനത്തെക്കുറിച്ചാണ് പറയുന്നത്. ഇനി പഠനമല്ല പരിഹാരമാണ് വേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിച്ച് കോര്‍പറേറ്റുകളെ സഹായിക്കുകയാണ്. എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുത്ത സി.ഡി.മായിയെ തന്നെ പുതിയ പഠന സംഘത്തിന്റെ തലവനാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. കാര്യങ്ങള്‍ ഇനിയും മനസ്സിലാവാത്ത കേന്ദ്ര മന്ത്രി കെ.വി.തോമസ് കെ.പി.സി.സി അംഗമായ വി.എം.സുധീരനോട് ചോദിച്ച് പഠിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് കേരളത്തെ പ്രക്ഷുബ്ധമാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നാളിതുവരെയായി ഈ വിഷയത്തില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഇവരുടെ പുതിയ സമരാഹ്വാനം സ്വാഗതാര്‍ഹമാണെന്നും ഇത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ പ്രൊഫ.എം.എ.റഹ്മാന്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.അഹമ്മദ്, എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി ചെയര്‍മാന്‍ നാരായണന്‍ പേരിയ, ഉദിനൂര്‍ സുകുമാരന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.മുഹമ്മദ്, കെ.കെ.ബഷീര്‍, ജില്ലാ പ്രസിഡന്റ് വി.പി.അഷറഫ്, ജനറല്‍ സെക്രട്ടറി ശഫീഖ് നസ്‌റുല്ല എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ കാസര്‍കോട് പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ദുരിതബാധിതരും അമ്മമാരും ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. മാര്‍ച്ചിന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബുറഹ്മാന്‍, സി.ആര്‍.നീലകണ്ഠന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.മുഹമ്മദ്, കെ.കെ.ബഷീര്‍, ജില്ലാ പ്രസിഡന്റ് വി.പി.അഷറഫ്, ജനറല്‍ സെക്രട്ടറി ശഫീഖ് നസ്‌റുല്ല, സെക്രട്ടറി മുഹമ്മദ്, ജില്ലാ സമിതിയംഗങ്ങളായ എന്‍.എം.റിയാസ്, ഫാരിഖ് അബ്ദുല്ല, സോളിഡാരിറ്റി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി കണ്‍വീനര്‍ കെ.കെ.ഇസ്മായില്‍, എസ്.ഐ.ഒ.ജില്ലാ പ്രസിഡന്റ് ടി.എം.സി. സിയാദലി, സെക്രട്ടറി റാഷിദ് മുഹിയുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ