2010, നവംബർ 15, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതില്‍ പ്രതിഷേധം അലയടിക്കുന്നു

15 Nov 2010 12:02, 
തൊടുപുഴ: ലോകത്തിലെ 63 രാജ്യങ്ങള്‍ നിരോധിച്ച എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്‌ അപലപനീയമാണെന്ന്‌ കര്‍ഷക സംഘടന ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോസ്‌ ചേന്പേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗര്‍ഭസ്‌ഥ ശിശുക്കളെയും മുതിര്‍ന്നവരെയും ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും വിരൂപികളും ആക്കിത്തീര്‍ത്ത എന്‍ഡോസള്‍ഫാന്‍റെ ഇരകള്‍ നമ്മുടെ ഇടയില്‍ തന്നെ ജീവിക്കുന്പോള്‍ ഇതിന്‍റെ പ്രചാരകനായി കേന്ദ്രമന്ത്രി കെ.വി. തോമസ്‌ മാറിയതില്‍ ദുരൂഹതയുണ്ട്‌. 1998 ലെ കീടനാശിനി നിയമമനുസരിച്ച്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരാന്‍ കീടനാശിനി കന്പനികളുടെ അഭിപ്രായം ശരിയെന്ന്‌ അടിവരയിട്ടുപറഞ്ഞു 2004 ല്‍ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച ഡോക്‌ടര്‍ സി.ഡി. മായിയെ പുതിയ ആറംഗ പഠനസമിതിയുടെ അധ്യക്ഷസ്‌ഥാനത്ത്‌ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതും ദുരൂഹമാണ്‌. പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുള്ള കീടനാശിനി ബില്ലില്‍ സംസ്‌ഥാന താല്‍പര്യങ്ങള്‍ അംഗീകരിക്കപ്പെടുന്ന വ്യവസ്‌ഥകള്‍ ഉണ്ടാകണം. ഇക്കാര്യങ്ങളില്‍ എ.കെ. ആന്‍റണി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും എം.പി.മാരും തുറന്ന നിലപാടു സ്വീകരിക്കണം.ദുരിതബാധിതര്‍ക്ക്‌ കേന്ദ്രസഹായം നല്‍കണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനു കര്‍ഷകസംഘടന ഐക്യവേദി പ്രചരണ രംഗത്തും സമരരംഗത്തും ശക്‌തമായ നിലപാട്‌ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പത്രസമ്മേളനത്തില്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്‍റ്‌ ഡോ. എം.സി. ജോര്‍ജ്‌, സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ അഡ്വ. ചിറ്റൂര്‍ രാജ്‌ മന്നാര്‍ എന്നിവര്‍ പങ്കെടുത്തു.എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മരണ വ്യാപാരത്തിന്‌ ഒത്താശ ചെയ്യുന്നതായി ബി.ജെ.പി. ആരോപിച്ചു. അപകടകാരിയെന്ന്‌ കണ്ടെത്തിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതെ വീണ്ടും ഇതിന്‍റെഅപകട സാധ്യതാപഠനത്തിന്‌ സമിതിയെ നിയോഗിക്കാനുള്ള കേന്ദ്ര പരിസ്‌ഥിതി മന്ത്രി ജയറാം രമേശിന്‍റെ പ്രഖ്യാപനം ദുരൂഹമാണെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ്‌ പി.പി. സാനു പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ നിരോധനം വൈകുന്നത്‌ രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയുടെ കുറവുമൂലമാണെന്ന്‌ ഇന്‍ഫാം തൊടുപുഴ മേഖലാ നേതൃയോഗം കുറ്റപ്പെടുത്തി.പ്രസിഡന്‍റ്‌ എം.ടി. ഫ്രാന്‍സീസ്‌ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഫാ. ജോര്‍ജ്‌ പൊട്ടയ്‌ക്കല്‍, റീജണല്‍ പ്രസിഡന്‍റ്‌ ജോസ്‌ എടപ്പാട്ട്‌, മേഖലാ രക്ഷാധികാരി ഫാ. ജോസഫ്‌ മോനിപ്പള്ളി, തോമസ്‌ കൂട്ടുങ്കല്‍, ജെയിംസ്‌ പള്ളിക്കമ്യാലില്‍, തങ്കച്ചന്‍ പാറത്തലയ്‌ക്കല്‍, ജോയി കാഞ്ഞിരക്കൊന്പില്‍, ഷൈന്‍ മാങ്കുഴ, ഷിബു തലയ്‌ക്കല്‍, കെ.വി. ജോണ്‍, സി.എം. മാത്യു, അഗസ്‌റ്റ്യന്‍ മാത്യു, എം.പി. ജോസഫ്‌, ബെന്നി പട്ടേരിപറന്പില്‍, ജോസഫ്‌ പെരിയംകുന്നേല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി.ജില്ലയിലെ ഏലക്കാടുകളിലും തേയിലത്തോട്ടങ്ങളിലും മാരക വിഷമായ എന്‍ഡോസള്‍ഫാന്‍ കലര്‍ത്തിയ കീടനാശിനികള്‍ ഉപയോഗിക്കുന്നത്‌ ഉടന്‍ നിരോധിക്കണമെന്നും ദുരിതത്തിനിരയായവര്‍ക്ക്‌ പുനരധിവാസം ഉള്‍പ്പെടെയുള്ള നഷ്‌ടപരിഹാര പാക്കേജ്‌ പ്രഖ്യാപിക്കാന്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും ജില്ലാ പ്ലാന്‍റേഷന്‍ ലേബര്‍ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്‍റ്‌ തോമസ്‌ കരിന്പീച്ചി ആവശ്യപ്പെട്ടു. മാരക കീടനാശിനി ഉല്‍പാദക കന്പനികളുടെ അച്ചാരം വാങ്ങി ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ്‌ കേന്ദ്രമന്ത്രി കെ.വി. തോമസിന്‍റെ എന്‍ഡോസള്‍ഫാന്‍ അനുകൂല പ്രസ്‌താവനയായി പുറത്തുവന്നിരിക്കുന്നതെന്ന്‌ സോളിഡാരിറ്റി ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി. യോഗത്തില്‍ ഏരിയാ പ്രസിഡന്‍റ്‌ സുബൈര്‍ ഹമീദ്‌, എല്‍.കെ. റഹിം, ടി.എച്ച്‌. നാസര്‍, ടി.എസ്‌. ഹുസൈന്‍, ടി.ജെ. ഷാജി, സി.എസ്‌. അബ്‌ദുള്‍ അസീസ്‌, ടി.എച്ച്‌. ഇസ്‌മായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.കേന്ദ്രനിലപാടിനെതിരേ ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധ ധര്‍ണ നാളെകട്ടപ്പന: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെതിരെ ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കട്ടപ്പനയില്‍ പ്രതിഷേധ ധര്‍ണ നടത്തും. പഞ്ചായത്ത്‌ മൈതാനിയില്‍ രാവിലെ 10 മുതല്‍ 2 വരെയാണ്‌ ധര്‍ണ. ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറി ടി.വി രാജേഷ്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ജില്ലാ സെക്രട്ടറി അഡ്വ. ജി. ഗോപകൃഷ്‌ണന്‍, ജില്ലാ വൈസ്‌ പ്രസിഡന്‍റ്‌ കെ.പി സുമോദ്‌ എന്നിവര്‍ അറിയിച്ചു. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പ്രയോഗം വ്യാപകമാണ്‌. തമിഴ്‌നാട്ടില്‍ നിന്നാണ്‌ കേരളത്തിലേക്ക്‌ ഇവ എത്തുന്നത്‌. അംഗീകൃത കന്പനികളുടെ കീടനാശിനികളില്‍ മാരക കീടനാശിനികള്‍ കൂട്ടിക്കലര്‍ത്തിയാണ്‌ വിപണനം നടത്തുന്നത്‌. ഇതു കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്താന്‍ ഉദ്യോഗസ്‌ഥര്‍ തയാറാകണം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരേയും നടപടി സ്വീകരിക്കണം. ചെക്കുപോസ്‌റ്റുകളിലൂടെ കീടനാശിനികള്‍ വന്‍തോതില്‍ കടത്തുന്നത്‌ നിയന്ത്രിക്കാന്‍ പരിശോധന ശക്‌തമാക്കണം. ഹൈറേഞ്ചില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകിയത്‌ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമാണ്‌. എന്‍ഡോസള്‍ഫാന്‍ ഏലച്ചെടികള്‍ക്ക്‌ നേരിട്ട്‌ പ്രയോഗിക്കുന്ന രീതിയാണ്‌ ഹൈറേഞ്ചിലുള്ളത്‌. കീടനാശിനി തളിക്കുന്പോള്‍ പോലും മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്തത്‌ തോട്ടങ്ങളില്‍ പണിയെടുക്കുന്ന നൂറു കണക്കിന്‌ തൊഴിലാളികളെ നേരിട്ട്‌ ബാധിക്കും. കുത്തക കന്പനികളുടെ ലാഭം വര്‍ധിപ്പിക്കാന്‍ പാവങ്ങളെ കൊലയ്‌ക്കു കൊടുക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഈ നയം തിരുത്താത്ത പക്ഷം ഡി.വൈ.എഫ്‌.ഐ സമരം വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
http://www.newshunt.com/cr.action?act=browseNewsItem&npKey=mang&ctKey=IDUKKI&newsUid=7008065&brand=NewsHunt&parent=mang&res=128x128

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ