2011, ജനുവരി 13, വ്യാഴാഴ്‌ച

ദേശീയപാത 212 വികസനം: ഡസനോളം കൊച്ചുപട്ടണങ്ങള്‍ ഇല്ലാതാവും


സുല്‍ത്താന്‍ബത്തേരി: മൈസൂര്‍-കോഴിക്കോട് ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമ്പോള്‍ ഇതിനിടയിലെ കൊച്ചുപട്ടണങ്ങള്‍ നാമാവശേഷമാകും. ഈങ്ങാപ്പുഴ, കൈതപ്പൊയില്‍, പുതുപ്പാടി, അടിവാരം, ലക്കിടി, വൈത്തിരി, ചുണ്ടേല്‍, മീനങ്ങാടി, കൃഷ്ണഗിരി, കൊളഗപ്പാറ, ബീനാച്ചി എന്ന പട്ടണങ്ങളാണ് ഇല്ലാതെയാവുകയെന്ന് ബംഗളൂരുവിലെ വില്‍ബര്‍സ്മിത്ത് അസോസിയേറ്റ്‌സ് സര്‍ക്കാറിന് സമര്‍പ്പിച്ച പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൈപാസുകള്‍ നിര്‍മിക്കുന്നതുകൊണ്ട് കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, സുല്‍ത്താന്‍ബത്തേരി എന്നീ പട്ടണങ്ങള്‍ നിലനില്‍ക്കും. 45 മീറ്റര്‍ വീതി ലഭിക്കാന്‍ വേണ്ടി നിലവിലുള്ള റോഡിന്റെ ഇരു ഭാഗത്തുമുള്ള കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തേണ്ടി വരുമെന്നാണ് വില്‍ബര്‍സ്മിത്തിന്റെ പദ്ധതിരേഖ പറയുന്നത്. ഇതിനു പുറമെ, പാതയോരത്തെ നിരവധി വീടുകളും കെട്ടിടങ്ങളും നിലംപരിശാവും.
വയനാടിനും കോഴിക്കോടിനുമിടയില്‍ രണ്ട് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ച് ബി.ഒ.ടി അടിസ്ഥാനത്തില്‍ 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കാനാണ് തീരുമാനം. കോഴിക്കോട് മലാപ്പറമ്പ് മുതല്‍ മുത്തങ്ങക്കടുത്ത കര്‍ണാടക അതിര്‍ത്തിവരെയുള്ള  112.30 കിലോമീറ്റര്‍ ദൂരം നാലുഘട്ടങ്ങളായാണ് പൂര്‍ത്തീകരിക്കുക. താമരശ്ശേരിയിലും മീനങ്ങാടിയിലുമാണ് ടോള്‍ബൂത്തുകള്‍. ബൈപാസ് അടക്കം വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 446.28 കോടിയാണ് സര്‍വേ റിപ്പോര്‍ട്ടില്‍ ചെലവ് കണക്കാക്കിയത്.
സുല്‍ത്താന്‍ ബത്തേരി ടൗണിന്റെ തന്നെ ഭാഗമായ ദൊട്ടപ്പന്‍ കുളത്തുനിന്നും ബൈപാസ് ആരംഭിക്കാനുള്ള നിര്‍ദേശം വിവാദമുയര്‍ത്തുന്നുണ്ട്. ദേശീയപാതയില്‍ ഏറ്റവുമധികം അപകടങ്ങള്‍ നടക്കുന്നതും തിരക്കേറിയതുമായ ബീനാച്ചി ഭാഗം ഒഴിവാക്കി ടൗണിനോട് ചേര്‍ന്ന് ബൈപാസ് തുടങ്ങുന്നതിലെ അശാസ്ത്രീയതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബൈപാസ് തുടങ്ങുന്നതിന് മുമ്പായി സ്വകാര്യ കുത്തകയുടെ തല്‍പര്യ സംരക്ഷണത്തിനു വേണ്ടി ദേശീയപാത വളച്ചു മൂന്ന് വീടുകള്‍ക്കു നടുവിലൂടെ അതിര്‍ത്തി മാറ്റി നിശ്ചയിച്ചതായും ആരോപണമുണ്ട്.
ബി.ഒ.ടി കമ്പനിക്ക് നിര്‍മാണ ചെലവ് കുറക്കാന്‍ ഒത്താശ ചെയ്യുന്നതാണ് സര്‍വേ റിപ്പോര്‍ട്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞ ദിവസമാണ് റോഡിന്റെ സ്‌കെച്ച് ലഭിച്ചത്.
ദേശീയപാത ലെയ്‌സണ്‍ ഓഫിസര്‍ അംഗീകരിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഒപ്പ് വെക്കേണ്ട സാങ്കേതിക നടപടി മാത്രമേ ബാക്കിയുള്ളൂ. 45 മീറ്റര്‍ വീതിയില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ ദേശീയപാത 212 വികസിപ്പിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന സര്‍ക്കാറും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ