2011, ജനുവരി 25, ചൊവ്വാഴ്ച

സി.ആര്‍.നീലകണ്ഠന്‍ഃഅഭിമുഖം


എല്ലാം തലതിരിഞ്ഞ്

സി.ആര്‍.നീലകണ്ഠന്‍/ പരിസ്ഥിതി പ്രവര്‍ത്തകന്‍

20/may/2010
വി.എസ്. സര്‍ക്കാറിന്റെ
പ്രവര്‍ത്തന കാലാവധി എണ്‍പതുശതമാനം കഴിഞ്ഞു. അത്യപൂര്‍വമായ ഒരു മന്ത്രിസഭയാണിത്. മുഖ്യമന്ത്രിയാണ് ഭരണത്തലവന്‍. അദ്ദേഹത്തിന്റെതാണ് നയം. എന്നാല്‍ ഇവിടെ എല്ലാം തലതിരിഞ്ഞാണ്. മുഖ്യമന്ത്രിയുടേതിന് നേര്‍വിപരീതമാണ് മറ്റു മന്ത്രിമാരുടെ നിലപാടുകള്‍.പൂര്‍ണ വലതുപക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഇതാണ് യഥാര്‍ഥ പ്രശ്‌നം.
സ്വന്തം പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളെപ്പോലും തീരുമാനിക്കാന്‍ മുഖ്യമന്ത്രിക്കധികാരമില്ല. ഏതു മന്ത്രിയെയും നീക്കംചെയ്യാന്‍ അവകാശവും അധികാരവും മുഖ്യമന്ത്രിക്കുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ സര്‍വാധിപത്യമാണിവിടത്തെ ജനാധിപത്യം.
മുഖ്യമന്ത്രിയെ പാര്‍ട്ടി സംഘടനയില്‍ തരംതാഴ്ത്തി 'ശിക്ഷിച്ചു'. 'മുഖ്യമന്ത്രിയുടെ പദ്ധതി' ആയതിനാല്‍ സ്മാര്‍ട്ട് സിറ്റി പരമാവധി തകര്‍ക്കാന്‍ ശ്രമിക്കുന്നു. 'പൊതുഭരണം' എന്നത് ഒന്നും ചെയ്യാതിരിക്കുന്ന വകുപ്പായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു.
ഓരോ വകുപ്പുകളായി തിരിച്ചു പരിശോധിക്കുമ്പോള്‍ പൊതുവെ മിക്ക മന്ത്രിമാരും ഭംഗിയായി സംസാരിക്കാന്‍ കഴിയുന്നവരാണ്. സെമിനാര്‍ ഭാഷയില്‍ സംസാരിക്കും. എന്നാല്‍ പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ പറഞ്ഞതിനു വിപരീതഫലമുണ്ടാക്കും. ഇത് 'മുകളില്‍ നിന്നുള്ള സ്വാധീനം' അഥവാ മുന്നണിയുടെ അടിസ്ഥാന നയംതന്നെയാണ് കാണിക്കുന്നത്.

ആഭ്യന്തരം:
മന്ത്രിയുടെ പ്രവര്‍ത്തനം തുടക്കത്തില്‍ പ്രതീക്ഷകളെ കടത്തിവെട്ടിയിരുന്നു. പിന്നീട് പോലീസ് സേന അടിമുറി അഴിമതിയില്‍ മുങ്ങിത്താണു. ഏതളവില്‍ അതിക്രമവും അഴിമതിയും നടത്തുന്നവരും സംരക്ഷിക്കപ്പെടുന്ന സ്ഥിതിയായി. അച്ചടക്കം പഴങ്കഥയായി. ജനമൈത്രി സംവിധാനം നേട്ടമാകേണ്ടതായിരുന്നു. കൊച്ചി പോലുള്ള നഗരങ്ങളില്‍ കുറ്റകൃത്യനിരക്ക് കുറയാന്‍ ഇടയായിട്ടുമുണ്ട്. എന്നാല്‍ കസ്റ്റഡിപീഡനങ്ങളും മരണങ്ങളും സര്‍വസാധാരണമായി. പോലീസിനെ പേടിച്ചോടി മരണമടഞ്ഞവര്‍ ധാരാളം. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് വേട്ട മുറയ്ക്കു നടക്കുന്നുണ്ട്. പാര്‍ട്ടി പിന്തുണയുണ്ടെങ്കില്‍ എന്തുമാകാം. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതിയെ വിടുവിച്ച ഒട്ടനവധി സംഭവങ്ങളുണ്ടായി. മൂലധനശക്തികള്‍ക്കു വേണ്ടി പോലീസ് ഏതറ്റംവരെയും പോകുമെന്ന് മൂലമ്പിള്ളിയിലും കിനാലൂരിലും കണ്ടു.

ടൂറിസം:
ഒരേ മന്ത്രിയുടെ കീഴിലാണല്ലോ ആഭ്യന്തരവും ടൂറിസവും. കേരളത്തിന്റെ ഭാവി ടൂറിസത്തിലാണെന്നത് ഈ മന്ത്രിയുടെയും നിലപാടാണ്. ഇവിടത്തെ മണ്ണും വെള്ളവും പ്രകൃതിവിഭവങ്ങളും വന്‍തോതില്‍ നശിപ്പിച്ച് കുറേ കുത്തകകള്‍ സമ്പന്നരാകുന്നതിനപ്പുറം ഒരു നേട്ടവും ടൂറിസം സംവിധാനംകൊണ്ടില്ല. കുത്തകക്കാരുടെ നികുതിപോലും ശരിയാംവിധത്തില്‍ പിരിച്ചെടുക്കുന്നില്ല. നെല്‍പ്പാടം നികത്തി ഗോള്‍ഫ് ക്ലബ്ബുണ്ടാക്കലും ജലമൂറ്റി പാര്‍ട്ടിവക വാട്ടര്‍ തീംപാര്‍ക്കുണ്ടാക്കലും കണ്ടല്‍ നശിപ്പിച്ച് ടൂറിസം പദ്ധതി നടപ്പാക്കലുമെല്ലാം കണ്ടു. മൂന്നാറിലെ അവസ്ഥ അനുദിനം മോശമാകുന്നു. വാഗമണ്ണില്‍ ചോദിക്കാന്‍പോലും ആരുമില്ല. കുമരകത്ത് കായല്‍ നികത്തിയാണ് ടൂറിസം പദ്ധതി വരുന്നത്.

റവന്യൂ:
മന്ത്രി നടത്തുന്ന പ്രസ്താവനകളുടെ ഒരംശം പ്രാവര്‍ത്തികമാകുന്നില്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണസമിതിയുണ്ടാക്കിയതില്‍ അഹങ്കരിക്കുമ്പോള്‍ ഒരിടത്തും അതു നടപ്പാക്കാതിരിക്കുകയും വയല്‍ കുഴിക്കാനും നികത്താനും വ്യവസായത്തിന്റെ മറവില്‍ അനുമതി നല്‍കുന്നത് തുടരുന്നു. പ്രാദേശിക നേതാക്കളുടെ പ്രധാന വരുമാനമാണിത്. മൂന്നാര്‍ വിഷയത്തില്‍ വന്‍പിറകോട്ടടിയുണ്ടായി. മൂലമ്പിള്ളി മുതല്‍ കിനാലൂര്‍ വരെയുള്ള കുടിയിറക്കലുകള്‍ക്ക് നേതൃത്വം നല്കി. ഏറെ സമരം ചെയ്ത് മൂലമ്പിള്ളിക്കാര്‍ക്ക് നേടാനായ പാക്കേജ് രണ്ടു വര്‍ഷമായിട്ടും നടപ്പായിട്ടില്ല.

വനം, ഭവനം:
റവന്യൂമന്ത്രിയെപ്പോലെ നന്നായി സംസാരിക്കും. ഫലം നാസ്തി. സൈലന്റ് വാലിക്ക് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചത് വലിയ നേട്ടമായി. ആ ബഫര്‍ സോണില്‍ത്തന്നെ റിസോര്‍ട്ട് നിര്‍മിക്കാന്‍ മൗനാനുവാദവും നല്കി. റിസോര്‍ട്ടുകളും പാര്‍ട്ടി ഓഫീസുകളും മൂലം മൂന്നാറിലെ വനഭൂമി ഏതെന്ന് കണ്ടെത്താനായിട്ടില്ല! ഇ.എം.എസ്. ഭവനപദ്ധതി, എം.എന്‍. ലക്ഷംവീട് പദ്ധതി മുതലായവയെല്ലാം കടലാസില്‍ത്തന്നെ. പുതുതായി വീട് നല്കിയില്ലെങ്കിലും നിരവധി പേരെ ഉള്ള വീടുകളില്‍നിന്നിറക്കാന്‍ സാധിച്ചു.

വിദ്യാഭ്യാസം:
രണ്ടാം മുണ്ടശ്ശേരിയെന്നഭിമാനിച്ച് അധികാരമേറ്റശേഷം വിദ്യാഭ്യാസരംഗത്തിന് ഇത്ര ദോഷംചെയ്ത മറ്റൊരു മന്ത്രിയില്ല. തിടുക്കത്തില്‍ തയ്യാറാക്കിയ സ്വാശ്രയബില്ലും അനന്തരനടപടികളും ഒത്തുകളിയായിരുന്നു. ഏറ്റവും ഉയര്‍ന്ന ഫീസ് നിരക്കും തോന്നിയപോലുള്ള പ്രവേശന രീതികളും വ്യാപകമാണ്. കോടതികളെ കുറ്റം പറഞ്ഞു തടിതപ്പുന്നു. പരീക്ഷാഫലങ്ങളും അവാര്‍ഡുകളും പ്രഖ്യാപിക്കുന്നതിലാണ് മിടുക്ക്. എല്ലാവരും ജയിക്കുന്ന പരീക്ഷാഫലം അതിവേഗം പുറത്തുവിടുന്നതില്‍ എന്തത്ഭുതം? പൊതുവിദ്യാഭ്യാസം വിലയില്ലാതാക്കി. വിവാദം സൃഷ്ടിക്കുന്നതില്‍ സര്‍വകാല റെക്കോഡ്.

വൈദ്യുതി:
പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ലാതെ ഒരു വേനല്‍ കടക്കുന്നതിന്റെ അഭിമാനം മന്ത്രിക്കുണ്ട്. എന്നാല്‍ ഉപഭോഗം കുറപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയമായി. വൈദ്യുതിക്കമ്മിയുണ്ടെന്നു പറയുമ്പോഴും ആന്ധ്രാപ്രദേശിന് വൈദ്യുതി വിറ്റു. വില കൂട്ടി. ടൂറിസത്തിനും പരിസ്ഥിതിക്കും ആദിവാസികള്‍ക്കും ദോഷമുണ്ടാക്കുന്ന അതിരപ്പിള്ളി പദ്ധതിവേണമെന്ന് വാശിപിടിക്കുന്നത് എല്ലാ വൈദ്യുതി മന്ത്രിമാരെയും പിടിക്കുന്ന ബാധ തന്നെയാകും.

പട്ടികജാതി ക്ഷേമം:
മനസ്സുകൊണ്ടെങ്കിലും ഈ വകുപ്പില്‍ മന്ത്രി അല്പം ഭേദമാണെന്ന് തോന്നിയിട്ടുണ്ട്. പ്രഖ്യാപനങ്ങളും ഊരു സന്ദര്‍ശനങ്ങളും ഗംഭീരം. പക്ഷേ, ആദിവാസികളുടെ അവസ്ഥ പഴയതുപോലെ തന്നെ. ദളിതരുടെ ഭൂരാഹിത്യവും കൃഷിഭൂമിയിലുള്ള അവകാശവും സര്‍ക്കാറിന് ബോധ്യപ്പെടാന്‍ ചെങ്ങറയില്‍ ദീര്‍ഘകാലം സമരം വേണ്ടിവന്നു. ആ ദളിതരുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സഖാക്കള്‍ ഉപരോധം തീര്‍ത്തതും മന്ത്രിക്കു നോക്കിനില്‍ക്കേണ്ടിവന്നു. വൈകിയാണെങ്കിലും അവരുമായൊരു കരാറുണ്ടാക്കിയതു നന്ന്. എന്നാല്‍ അത് ഇപ്പോഴും കടലാസില്‍ മാത്രം.

ആരോഗ്യം:
വിദ്യാഭ്യാസമെന്ന പോലെ കേരളത്തിന്റെ ആഗോളപ്രസിദ്ധമായ ആരോഗ്യമാതൃക തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു ഭരണമാണിത്. ഇതിനായി ബോധപൂര്‍വം തന്നെ ശ്രമിക്കുകയാണെന്ന തോന്നല്‍ ജനങ്ങളിലുണ്ട്. ഡോക്ടര്‍മാരെ പ്രകോപിപ്പിച്ച് നിരവധി സമരങ്ങളുണ്ടാക്കി പൊതു ആരോഗ്യസംവിധാനം തകര്‍ത്തു. ഓരോ വര്‍ഷവും മുറ തെറ്റാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പകര്‍ച്ചവ്യാധി വരുന്നു. ചികിത്സാച്ചെലവ് ആര്‍ക്കും താങ്ങാനാവാത്തവിധം കുതിച്ചുയരുന്നു. പകല്‍ക്കൊള്ളയാണ് സ്വകാര്യമേഖലയില്‍ നടക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സുകൊണ്ട് ദരിദ്രര്‍ക്കൊരു പ്രയോജനവുമില്ല. ലോകബാങ്കിന്റെ എന്‍.ആര്‍.എച്ച്.എം. പദ്ധതികൊണ്ടുള്ള കസര്‍ത്തുമാത്രം നടക്കുന്നു. വകുപ്പിന്റെ കീഴിലുള്ള മലിനീകരണ നിയന്ത്രണബോര്‍ഡ്, കേവലം 'ബോര്‍ഡ്' മാത്രമായി.

കാര്‍ഷികമേഖല:
വലിയ ബഹളമില്ലാതെ ഉദ്യോഗസ്ഥ സംവിധാനത്തെ കൂടെ നിര്‍ത്തി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് മന്ത്രി. ബി.ടി. വഴുതനയ്‌ക്കെതിരായ ശക്തമായ നിലപാട് ഇതിലൊന്നാണ്. കര്‍ഷകര്‍ക്കായുള്ള കടാശ്വാസ കമ്മീഷന്‍ ഒരിക്കലും തുടങ്ങാത്ത ഒന്നായി. ഇതിനു മന്ത്രി മാത്രമല്ല, ഉത്തരവാദിയെങ്കിലും നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയതും കമ്പോളത്തില്‍ അരിവില ഉയര്‍ന്നതുംമൂലം നെല്‍കൃഷി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ നെല്‍പ്പാടങ്ങള്‍ അതിവേഗം ഇല്ലാതാകുന്നതിനാല്‍ ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷ വേണ്ട.

വ്യവസായം:
പൊതുമേഖലാ യൂണിറ്റുകള്‍ മിക്കവയും ലാഭത്തിലാക്കിയെന്നത് (പലതും കണക്കിലെ കളികൊണ്ടാണെങ്കിലും) ശരിയായ ദിശയിലുള്ള ഗതിയാണെന്ന് പറയാം. കേന്ദ്രസഹായത്തോടെ ചില പുതിയ പദ്ധതികള്‍ കൊണ്ടുവരാനും നിലവിലെ ചില യൂണിറ്റുകള്‍ (ടെല്‍ക്ക്, കെല്‍ടെക്) വികസിപ്പിക്കാനുമായിട്ടുണ്ട്. എന്നാല്‍ 'നിക്ഷേപസൗഹൃദ'മാക്കല്‍ എന്ന പേരില്‍ നാട്ടിലെങ്ങും മനുഷ്യരെ കുടിയിറക്കി ഭൂമി ഏറ്റെടുക്കുന്നതും പൊതുഭൂമി കുത്തകകള്‍ക്ക് മറിച്ചു വില്‍ക്കുന്നതും വികസനമായി കാണാനാകില്ല. വന്‍ ഭൂമാഫിയകളുടെ താത്പര്യമാണ് പല പദ്ധതികളുടെയും (എച്ച്.എം.ടി., അത്താണിയിലെ കേരള ലാംപ്‌സ് ഭൂമി, വളന്തക്കാട്, തുറവൂര്‍ കിന്‍ഫ്ര, വിഴിഞ്ഞം അനുബന്ധ മേഖല, മാവൂര്‍ റയോണ്‍സ്, കോംട്രസ്റ്റ് മുതലായവ) പിന്നിലെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. ജനങ്ങളെ ഏത് വിധേനെ അടിച്ചമര്‍ത്തിയിട്ടായാലും മാഫിയാ താത്പര്യം സംരക്ഷിക്കണമെന്നതാണ് നയമെന്ന് കിനാലൂരില്‍ തെളിയിച്ചു. ''തെങ്ങിന്റെ മണ്ടയില്‍ വ്യവസായം വരില്ല'' തുടങ്ങിയ പ്രയോഗങ്ങളുടെ അര്‍ഥം ഇപ്പോള്‍ വ്യക്തമാകുന്നു.

ധനകാര്യം:
എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ