2011, ജനുവരി 25, ചൊവ്വാഴ്ച

ദേശീയപാത വികസനം(ബി.ഒ.ടി )-അനുകൂലവാദം


ദേശീയപാത വികസനം ആവശ്യപ്പെട്ടു ധര്‍ണ 
Thursday, February 18, 2010
തിരുവനന്തപുരംദേശീയപാതയുടെ വികസനം ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി. കരമന മുതല്‍ കളിയിക്കാവിളവരെയുള്ള റോഡിനു കഴിഞ്ഞ അരനൂറ്റാണ്ടായി വികസനമില്ലെന്നാരോപിച്ചായിരുന്നു ധര്‍ണ. എന്‍എച്ച് 47ന്‍റെ ഭാഗമായ റോഡിന്‍റെ ഭാഗത്തെ നിരവധി ജംക്ഷനുകളില്‍ അപകടം പതിവാണ്. റോഡിന്‍റെ പല ഭാഗങ്ങളും തീരെ ഇടുങ്ങിയ അവസ്ഥയിലാണ്.
ആവശ്യമായ സ്ഥലം ഏറ്റെടുത്തു പാത വികസിപ്പിക്കാന്‍ ബജറ്റില്‍ തുക വക കൊള്ളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കു തയാറെടുക്കുകയാണ് ഇവര്‍. കഴിഞ്ഞ ഏഴിനു വെള്ളായണിയില്‍ കൂടിയ ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സില്‍ യോഗമാണു സമര പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.
ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ വി.ജെ. തങ്കപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫ്രാറ്റ് പ്രസിഡന്‍റ് പട്ടം ശശിധരന്‍ നായര്‍, ജമാ അത്ത് കൗണ്‍സില്‍ സെക്രട്ടറി കരമന ബയാര്‍, ഡോ. എന്‍.എ. കരിം, നേമം ജബാര്‍, ഡിസിസി സെക്രട്ടറി വത്സലന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.  


തുള്ളി രക്‌തം നഷ്‌ടപ്പെടാതെ പ്രസവം നടക്കുമോ

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണു ഞങ്ങളുടെ സംസ്‌ഥാനത്തിനു വികസനം വേണ്ട എന്ന മെമ്മോറാണ്ടവുമായി ഒരു അഖിലകക്ഷി നിവേദകസംഘം പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ ചെന്നത്‌. നമുക്കു വീതി കൂടിയ റോഡ്‌ വേണ്ടെന്നു വാദിക്കുന്ന കേരളത്തിലെ വയോധിക നേതാക്കള്‍ വരുംതലമുറയെ തീരാദുരിതങ്ങളിലേക്കാണു തള്ളിയിടാന്‍ പോകുന്നത്‌. കമ്പ്യൂട്ടറിന്റെ വരവിനെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ത്തവരുടെ പ്രേതങ്ങള്‍ ഇപ്പോഴും കേരളത്തില്‍ അലയുകയാണെന്നു തോന്നുന്നു.

അറിയുകയും ആദരിക്കുകയും ചെയ്യുന്ന കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളേയും ഓര്‍ത്ത്‌ ഞാന്‍ സഹതപിക്കുകയാണിപ്പോള്‍. കാരണം വരാനിരിക്കുന്ന തലമുറയുടെ കൊടുംശാപം ഈ നേതാക്കളുടെ നെറുകയിലാണു വന്നുപതിക്കാന്‍ പോകുന്നത്‌. തങ്ങളെ തീരാ ദുരിതങ്ങളിലേക്കും കൊടും ക്ലേശങ്ങളിലേക്കും തള്ളിക്കൊണ്ട്‌ കടന്നുപോയവരാണല്ലോ മുന്‍ തലമുറയിലെ നേതാക്കള്‍ എന്നോര്‍ത്തുകൊണ്ടായിരിക്കും വരുംതലമുറ ഇവരെ ശപിക്കുക.


കേരളത്തിനു വീതി കൂടിയ റോഡുകള്‍ വേണ്ട, കേരളത്തിന്‌ അങ്ങനെയൊരു വികസനം വേണ്ട എന്ന ആവശ്യവുമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനു നിവേദനം നല്‍കാന്‍ പോയ അഖിലകക്ഷി നേതാക്കളുടെ സംഘത്തെപ്പറ്റി ചരിത്രം എന്താണു വിധിയെഴുതുക എന്നു മനസിലാക്കാന്‍ അധികകാലമൊന്നും വേണ്ടിവരില്ല. കേരളത്തില്‍ റോഡ്‌ വികസനം വേണ്ട എന്ന മെമ്മോറാണ്ടം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ചപ്പോള്‍ പ്രധാനമന്ത്രി ഞെട്ടിപ്പോയി എന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. എന്റെ ദീര്‍ഘകാല സുഹൃത്തായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി എന്നോടു പരിഹാസ രൂപത്തില്‍ പറഞ്ഞതു ന്യൂഡല്‍ഹിയിലെ അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ടോളം നീണ്ട പത്രപ്രവര്‍ത്തനത്തിനിടയില്‍ ഞങ്ങളുടെ സംസ്‌ഥാനത്തിനു വികസനം വേണ്ട എന്ന നിവേദനവുമായി പ്രധാനമന്ത്രിയെ കാണാന്‍വന്ന ഏക അഖിലകക്ഷി പ്രതിനിധിസംഘം കേരളത്തിന്റേതു മാത്രമാണെന്ന്‌.


ഏതു നാടിന്റേയും വികസനത്തിനുള്ള അടിസ്‌ഥാനം ഗതാഗതസൗകര്യമുള്ള വീതി കൂടിയ റോഡുകളാണ്‌. അതുകൊണ്ടാണു ദേശീയപാതകള്‍ നാലുവരിപ്പാതകളും ആറുവരിപ്പാതകളുമായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിപാടി ആവിഷ്‌കരിച്ചത്‌. അതനുസരിച്ച്‌ എല്ലാ സംസ്‌ഥാനങ്ങളിലും കേന്ദ്രസഹായത്തോടെ അറുപതു മീറ്റര്‍ വീതിയില്‍ ദേശീയപാതകള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു. അതിനുള്ള സ്‌ഥലമെടുപ്പു പരിപാടികളും അവര്‍ നടപ്പാക്കി. പക്ഷേ, കേരളത്തില്‍ ഭൂമിയുടെ വലിയ വില, ജനസാന്ദ്രത തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടെ ഹൈവേകളുടെ വീതി 45 മീറ്ററാക്കി കുറയ്‌ക്കണമെന്നു കേരള സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ആ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്‌തു.


പക്ഷേ, അടുത്തകാലത്തു കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ ചേര്‍ന്നു തീരുമാനിച്ചതു സംസ്‌ഥാനത്തെ ദേശീയപാതയുടെ വീതി മുപ്പതു മീറ്ററായി കുറയ്‌ക്കണമെന്നാണ്‌. അതിനുകാരണം വീതി കൂട്ടുമ്പോള്‍ ആ റോഡുവക്കിലെ കച്ചവട സ്‌ഥാപനങ്ങളും മറ്റും പൊളിച്ചുമാറ്റേണ്ടി വരുമെന്നതാണ്‌. അതോടൊപ്പം നൂറുകണക്കിനു കുടുംബങ്ങള്‍ക്കു കുടിയൊഴിഞ്ഞുപോകേണ്ടി വരുമെന്നതാണു മറ്റൊരു കാരണം. അവരെയെല്ലാം പുനരധിവസിപ്പിച്ചുകൊണ്ട്‌ റോഡ്‌ വീതി കൂട്ടാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. ഇതിനുകാരണം സംസ്‌ഥാനത്തിന്റെ നികുതിവരുമാനത്തില്‍ എണ്‍പതു ശതമാനവും ഗവ. ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും വാങ്ങിയ വായ്‌പയ്‌ക്കു പലിശ കൊടുക്കാനുമായി ചെലവഴിക്കുകയാണ്‌. കേരളസര്‍ക്കാരിന്റെ മൊത്തം കടബാധ്യത അറുപതിനായിരം കോടിയിലധികമാണ്‌. ഒരു കേരളീയന്‍ ശരാശരി പന്തീരായിരം രൂപയില്‍ കൂടുതല്‍ കടക്കാരനാണെന്നര്‍ഥം.


ഇതുകൊണ്ടാണു സ്വകാര്യ ഏജന്‍സികളെക്കൊണ്ട്‌ റോഡ്‌ വികസനം നടത്തിച്ച്‌ നിശ്‌ചിത കാലാവധിക്കുള്ളില്‍ ടോള്‍ പിരിവിലൂടെ ആ തുക പിരിച്ചെടുത്ത ശേഷം പിന്നീട്‌ സംസ്‌ഥാനത്തിനു ആ റോഡുകള്‍ വിട്ടുകൊടുക്കുക എന്ന ബി.ഒ.ടി. സമ്പ്രദായം (ബില്‍ഡ്‌, ഓപ്പറേറ്റ്‌, ട്രാന്‍സ്‌ഫര്‍) നിര്‍ദേശിക്കപ്പെട്ടത്‌. ലോകത്തിലെ എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്ന മാര്‍ഗമാണിത്‌. ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളും സ്വീകരിച്ചുകഴിഞ്ഞ സമ്പ്രദായം ഇതുതന്നെ. കേരളത്തിലെ പാലങ്ങള്‍ക്കു ടോള്‍ പിരിക്കുന്ന സമ്പ്രദായം പൊതുമരാമത്തുവകുപ്പ്‌ എത്രയോ കൊല്ലം മുമ്പു നടപ്പാക്കിയിരുന്നതാണെന്നോര്‍ക്കുക.


പക്ഷേ, ഇപ്പോള്‍ നേതാക്കള്‍ പറയുന്നതു ഞങ്ങള്‍ക്കു റോഡിന്റെ വീതി 30 മീറ്ററില്‍ കൂടുതല്‍ കൂട്ടുകയും വേണ്ട, ഇവിടെ ബി.ഒ.ടി. സമ്പ്രദായവും വേണ്ട എന്നാണ്‌. വേണ്ടെങ്കില്‍ വേണ്ട. പക്ഷേ, കാലത്തിന്റെ വെല്ലുവിളി എങ്ങനെയാണു കേരളം നേരിടാന്‍ പോകുന്നത്‌? ഒരുകാര്യമോര്‍ക്കണം, 2005-ല്‍ നടത്തിയ സര്‍വേപ്രകാരം അന്നത്തെ നിലവിലുള്ള വാഹനപ്പെരുപ്പമനുസരിച്ച്‌ അടിയന്തരമായി ദേശീയപാതകള്‍ നാലുവരിപ്പാതകളാക്കണമെന്നു നിര്‍ദേശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വാഹനപ്പെരുപ്പം 50 ശതമാനമെങ്കിലും വര്‍ധിച്ചുകഴിഞ്ഞു.


ഭാവിയിലോ? പുതിയ പഠനം വ്യക്‌തമാക്കുന്നത്‌ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകുമെന്നാണ്‌. അതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം വല്ലാര്‍പാടം കണ്ടെയിനര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനലിന്റെ പ്രവര്‍ത്തനം പൂര്‍ണ സ്‌ഥിതിയിലെത്തുമ്പോള്‍ ഒരുമിനിറ്റില്‍ ആറു കൂറ്റന്‍ കണ്ടെയ്‌നറുകളാണു തുറമുഖത്തിന്‌ അകത്തേക്കും പുറത്തേക്കും വരാന്‍ പോകുന്നതെന്നാണ്‌. ഈ കണ്ടെയ്‌നറുകളില്‍ രണ്ടെണ്ണം ഇപ്പോഴത്തെ ദേശീയപാതയില്‍ മറിഞ്ഞാല്‍ കേരളത്തിലെ റോഡുഗതാഗതമാകെ സ്‌തംഭിക്കുമെന്നു മുന്‍കൂട്ടി കാണാന്‍ എന്തുകൊണ്ട്‌ റോഡ്‌ വികസനവിരുദ്ധരായ നമ്മുടെ നേതാക്കള്‍ക്കു കഴിയുന്നില്ല?


ദേശീയപാതയ്‌ക്കു വീതികൂട്ടുമ്പോള്‍ ആയിരക്കണക്കിനു വ്യാപാരികള്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്നതാണത്രേ അവരുടെ വ്യാപാര സ്‌ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ വികസനം വേണ്ടെന്ന നിലപാടെടുക്കാന്‍ നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്‌. അല്ലെങ്കില്‍ത്തന്നെ ദേശീയപാതയുടെ ഇരുവശത്തും ഇപ്പോള്‍ 45 മീറ്റര്‍ വീതം സ്‌ഥലം മരവിപ്പിച്ചിട്ടിരിക്കുകയാണ്‌. അവിടെ ഈ സ്‌ഥലമുടമകള്‍ക്ക്‌ ഒരു നിര്‍മാണവും നടത്താന്‍ ഇന്നു കഴിയില്ല. അവര്‍ക്കല്ല പ്രതിഷേധം. ഒരുമിച്ചു മാറ്റേണ്ടിവരുന്ന പാതവക്കിലെ കടയുടമകള്‍ക്കാണ്‌ പ്രതിഷേധം. അവയില്‍ ഏതാനും ബാര്‍ ഹോട്ടലുകളും ഉള്‍പ്പെടുന്നതുകൊണ്ട്‌ അവരുടെ പ്രതിഷേധം രാഷ്‌ട്രീയ നേതാക്കളുടെ മനസ്‌ അലിയിക്കുമല്ലോ? അല്ലെങ്കില്‍ അലിയിക്കാനുള്ള മാര്‍ഗം അവര്‍ക്കറിയാമല്ലോ?


വീതി കൂടുന്നതുമൂലം സ്‌ഥലം നഷ്‌ടപ്പെടുന്നവര്‍ക്ക്‌ ന്യായമായ നഷ്‌ടപരിഹാരം കിട്ടുന്നില്ല, തൃപ്‌തികരമായ പുനരധിവാസം സാധ്യമാക്കുന്നില്ല എന്നുള്ളതു വളരെ വളരെ ന്യായമായ പരാതിയാണ്‌. അതിനു തൃപ്‌തികരമായ പരിഹാരം കാണുകയെന്നുള്ളതാണു ഭാവനാശേഷിയുള്ള ഭരണകര്‍ത്താക്കളുടെ ചുമതല. അതിനെന്തുകൊണ്ട്‌ ജനകീയ മന്ത്രിമാര്‍ക്കു കഴിയുന്നില്ല? പഴയ പാര്‍വത്യകാരെയോ പേഷ്‌കാരെയോ ഉത്തരവാദിത്തം ഏല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ ഇതിനു പരിഹാരം കാണുമായിരുന്നു.


വമ്പിച്ച റോഡു വികസനം സാധ്യമാക്കിയ തമിഴ്‌നാട്ടില്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായിരുന്ന പി.സി. സിറിയക്‌ ഈ പ്രശ്‌നത്തിനു പ്രായോഗിക പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്‌.


സിറിയക്കിന്റെ നിര്‍ദേശം ഇതാണ്‌: വീതികൂട്ടുന്നതുമൂലം സ്‌ഥലം നഷ്‌ടപ്പെടുന്നവര്‍ ഹൃദയവേദനകൊണ്ടു നോക്കിനില്‍ക്കുമ്പോള്‍ പുറകില്‍ക്കിടക്കുന്ന സ്‌ഥലത്തിന്റെ ഉടമകള്‍ക്ക്‌ പെട്ടെന്ന്‌ വന്‍ ലാഭം കിട്ടുന്നു (കാരണം അവരുടെ ഭൂമിവില പത്തിരട്ടിയായി വര്‍ധിച്ചെന്നിരിക്കും). അവരുടെ യാതൊരു മൂലധനനിക്ഷേപവും പരിശ്രമവുമില്ലാതെയാണ്‌ ഇപ്രകാരം കുതിച്ചുയര്‍ന്നുകിട്ടുന്നത്‌. 45 മീറ്റര്‍ സ്‌ഥലം റോഡ്‌ വികസനത്തിനാവശ്യമെങ്കില്‍ 245 മീറ്റര്‍ വീതിയില്‍ സ്‌ഥലമെടുക്കുക. സ്‌ഥലം നഷ്‌ടപ്പെടുന്നവര്‍ക്കെല്ലാംതന്നെ പുതിയ ഹൈവേയുടെ ഓരത്ത്‌ അധികമായി ലഭിച്ചിട്ടുള്ള ഇരുനൂറുമീറ്റര്‍ വീതിയില്‍ സ്‌ഥലം നല്‍കുക. വിട്ടുകൊടുക്കുന്ന സ്‌ഥലത്തിന്‌ ആനുപാതികമായി വിസ്‌തീര്‍ണവും ഫ്രണ്ടേജും ഓരോരുത്തര്‍ക്കും സുതാര്യമായി നല്‍കുക. അതോടൊപ്പം ഭൂമി വിട്ടുകൊടുക്കുന്ന എല്ലാവരേയും പുതിയ വ്യാപാര സമുച്ചയവും മറ്റുമുണ്ടാക്കുന്ന പദ്ധതികളുടെ ഉപയോക്‌താക്കളാക്കി മാറ്റുക.


ഇങ്ങനെയുള്ള ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളുന്നതോടെ ഭൂമി നഷ്‌ടപ്പെടുന്നവര്‍ക്ക്‌ മാര്‍ക്കറ്റ്‌ വിലയേക്കാള്‍ താഴ്‌്ന്ന വില കൊടുക്കുക, അതുപോലെ നഷ്‌ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം സംഭവിക്കുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയും. പാവപ്പെട്ടവരാണ്‌ കുടിയൊഴിപ്പിക്കപ്പെടുന്നതെങ്കില്‍ ഫ്‌ളാറ്റ്‌ സമുച്ചയവും മറ്റും നിര്‍മിച്ച്‌ അവരുടെ പുനരധിവാസം തൃപ്‌തികരമാക്കാം. അതിനു കേന്ദ്ര ധനസഹായം വിനിയോഗപ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാരിനു കഴിയും.


അതിനുപകരം നമ്മുടെ തലമൂത്ത നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്‌ വരുംതലമുറയോടു പാതകം ചെയ്യുന്ന നയമാണ്‌. ഞങ്ങള്‍ക്ക്‌ പ്രായമായി. എന്നുപറഞ്ഞാല്‍ എണ്‍പതുകഴിഞ്ഞ നേതാക്കളും നമുക്കുണ്ട്‌. ഞങ്ങള്‍ക്ക്‌ ആരുടേയും എതിര്‍പ്പു വാങ്ങാന്‍ വയ്യ. വരുംതലമുറ വീതികുറഞ്ഞ റോഡുകളില്‍ക്കിടന്ന്‌ നരകിക്കുകയോ മോട്ടോര്‍ അപകടത്തില്‍പ്പെട്ടു മരിക്കുകയോ എന്തുവേണമെങ്കിലും ചെയ്‌തുകൊള്ളട്ടേ. അതെല്ലാം ഞങ്ങള്‍ ഇഹലോകവാസം വെടിഞ്ഞതിനുശേഷമല്ലേ സംഭവിക്കൂ. അത്രയും ആശ്വാസം. ആര്‍ക്കുമൊരു ബുദ്ധിമുട്ടുമില്ലാതെ വികസനം നടക്കണമെന്നു നേതാക്കള്‍ വാദിക്കുന്നത്‌ ഒരു തുള്ളി രക്‌തം നഷ്‌ടപ്പെടാതെ ഒരു പ്രസവം നടക്കണമെന്നു വാദിക്കുന്നതിനു തുല്യമാണ്‌.


നിര്‍ദിഷ്‌ട ദേശീയപാതയുടെ നടുവില്‍ എന്തിനാണ്‌ നാലരമീറ്റര്‍ വീതിയുള്ള മീഡിയന്‍ എന്നു ചോദിക്കുന്ന നേതാക്കളുമുണ്ട്‌. ദേശീയപാതകള്‍ക്കിത്‌ അനിവാര്യമാണെന്നതോ പോകട്ടെ, ഈ മീഡിയനിലാണ്‌ ഭാവിയില്‍ കൂറ്റന്‍ തൂണുകള്‍ സ്‌ഥാപിച്ച്‌ അതില്‍ മറ്റൊരു സമാന്തര റോഡുയരാന്‍ പോകുന്നത്‌ എന്നു ചിന്തിക്കാന്‍പോലും കഴിവില്ലാത്തവരാണ്‌ എതിര്‍പ്പുകാര്‍.


ഇങ്ങനെയുള്ള നേതാക്കള്‍ ലോകത്തില്‍ കാണുമോ? ജനങ്ങളാല്‍ നയിക്കപ്പെടുന്നവനല്ല യഥാര്‍ഥ നേതാവ്‌. മറിച്ച്‌ ദീര്‍ഘവീക്ഷണത്തോടെ ജനങ്ങളെ നയിക്കുന്നവനാണ്‌ യഥാര്‍ഥ നേതാവ്‌. കേരളത്തില്‍ കംപ്യൂട്ടര്‍ വന്നുകഴിഞ്ഞാല്‍ ലക്ഷക്കണക്കിനു മനുഷ്യര്‍ തൊഴില്‍രഹിതരായി വലഞ്ഞു ദുരിതമനുഭവിക്കുമെന്നു ജനങ്ങളോടു പറഞ്ഞ അതേ നേതാക്കളാണ്‌ ഇപ്പോള്‍ റോഡുവികസനത്തിനെതിരായും നിലകൊള്ളുന്നതെന്നതാണ്‌ കൗതുകകരമായ കാര്യം.


വാല്‍ക്കഷണം: എനിക്ക്‌ ഏറ്റവും വേദന തോന്നിയ കാര്യം റോഡിനു വീതിവേണ്ട എന്ന നിവേദനവുമായി പ്രധാനമന്ത്രിയെ കാണാന്‍പോയ നേതാക്കളില്‍ സോഷ്യലിസ്‌റ്റ് ജനതാദള്‍ പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാറുമുണ്ടായിരുന്നു എന്നതാണ്‌. കേരളത്തില്‍ ഇന്നുള്ള നേതാക്കളില്‍വച്ച്‌ ആദ്യം ലോകംകണ്ട വ്യക്‌തി അദ്ദേഹമാണ്‌. അമ്പതുകൊല്ലം മുമ്പ്‌ അമേരിക്കയിലെ സിന്‍സിനാറ്റി യൂണിവേഴ്‌സിറ്റിയിലാണ്‌ അദ്ദേഹം ഉപരിപഠനം നടത്തിയത്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കേരളത്തിലെ ഏക നേതാവും അദ്ദേഹംതന്നെ. അതിന്റെയെല്ലാം അടിസ്‌ഥാനത്തില്‍ അതിവിശാല വീക്ഷണത്തോടെ കാര്യങ്ങള്‍ എഴുതുന്ന വീരേന്ദ്രകുമാര്‍ എന്തുകൊണ്ടാണ്‌ റോഡിന്റെ കാര്യത്തില്‍ മാത്രം ഇടുങ്ങിയ മനസുള്ളയാളായി മാറിയതെന്നെനിക്കറിയില്ല. ഐക്യമുന്നണി രാഷ്‌ട്രീയത്തിന്റെ ദൗര്‍ബല്യങ്ങളില്‍ ഒന്നാകാം അത്‌.
 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ