2011, ജനുവരി 13, വ്യാഴാഴ്‌ച

ദേശീയപാത 212 രണ്ടുവരിയാക്കും

Published on Thursday, September 9, 2010 -

 കോഴിക്കോട്: ദേശീയപാത 212 ലെ കോഴിക്കോട് നിന്നും മുത്തങ്ങയിലെ കേരളാ അതിര്‍ത്തിവരെയുള്ള  112 കി.മീറ്റര്‍ ദൂരം  രണ്ടുവരിപ്പാതയായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി.  പദ്ധതി സംബന്ധിച്ച്  ബംഗളൂരുവിലെ വില്‍ബര്‍സ്മിത്ത് അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തയാറാക്കി  കേന്ദ്ര ഉപരിതല  ഗതാഗത മന്ത്രാലയം അംഗീകരിച്ച രൂപരേഖ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മുമ്പാകെ കണ്‍സല്‍ട്ടന്റ് പ്രതിനിധികള്‍   വിശദീകരിച്ചു. മലാപ്പറമ്പ് ബൈപാസ് ജങ്ഷന്‍ മുതല്‍ സംസ്ഥാനാതിര്‍ത്തിവരെയുള്ള 112 കി.മീ റോഡാണ് രണ്ടുവരിയാക്കുന്നത്.  ഇതില്‍ 76 കിലോമീറ്റര്‍ നിലവിലുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തലാണ്.  22 കിലോമീറ്റര്‍ റീ അലൈന്‍മെന്റ് നടത്തും.  15 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെയാണ് വീതി .  താമരശ്ശേരി , കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ടൗണുകളില്‍ ബൈപാസ് നിര്‍മിക്കും.  ഇവ 30 മീറ്റര്‍ വീതിയിലായിരിക്കും  നിര്‍മിക്കുക.  12.5 കിലോമീറ്ററായിരിക്കും ഇവയുടെ മൊത്തം നീളം.  നിലവില്‍ 15 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള പ്രദേശങ്ങളില്‍ റോഡ്  നാലുവരിയാക്കി 20 മീറ്റര്‍ വീതിയിലാക്കും.  ബി. ഒ. ടി. അടിസ്ഥാനത്തില്‍ 292 കോടി രൂപ ചെലവിലാണ് നിര്‍മിക്കുക.  സ്ഥലം ഏറ്റെടുക്കുന്നതിന്  275.74 കോടി രൂപ കൂടി  ചെലവുവരും.   പദ്ധതിയുടെ  40 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും.60 ശതമാനം  കരാര്‍ എറ്റെടുക്കുന്ന കമ്പനി വഹിക്കേണ്ടി വരും.   താമരശ്ശേരിക്ക് മുമ്പും മീനങ്ങാടിക്ക്  മുമ്പുമായി രണ്ട് ടോള്‍ ബൂത്തുകള്‍ സ്ഥാപിക്കും.  അടുത്തവര്‍ഷം ആരംഭിച്ച് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും.  അതിനുശേഷം 15.5  വര്‍ഷം  ചുങ്കം പിരിക്കാനനുവദിക്കും.    രണ്ട്  പാലങ്ങള്‍ വീതികൂട്ടുകയും  അറുപതോളം  കല്‍വര്‍ട്ടുകള്‍ നിര്‍മിക്കുകയും ചെയ്യും.  547 കെട്ടിടങ്ങള്‍  പൊളിക്കേണ്ടി   വരും.  രണ്ടാം വളവിലെ മുസ്‌ലിം  പള്ളിയുടെ മുന്‍ഭാഗത്തെ മതിലൊഴികെ  മറ്റാരാധനാലയങ്ങളൊന്നും പൊളിക്കേണ്ടിവരില്ല. 3,246 കെട്ടിടങ്ങളായിരുന്നു ആദ്യം തയാറാക്കിയ  സര്‍വേയില്‍  ഉണ്ടായിരുന്നത്.  കേന്ദ്ര നിര്‍ദേശമനുസരിച്ച്  രണ്ടുതവണ മാറ്റിയാണ് 547ല്‍ എത്തിയതെന്ന്  പൊതുമരാമത്ത് ദേശീയപാത വിഭാഗം  എക്‌സിക്യൂട്ടീവ്  എന്‍ജിനീയര്‍ കെ. ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു.   പദ്ധതിക്ക് എട്ടു കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്.  ഭൂമി ഏറ്റെടുക്കേണ്ടതിന്  ഇനി അതോറിറ്റിയെ നിയമിക്കേണ്ടതുണ്ട്.  1956ലെ നാഷനല്‍ ഹൈവേ ആക്റ്റ്, 2007ലെ നാഷനല്‍ ഹൈവേ  പോളിസി,  നാഷണല്‍ ഹൈവേ അതോറിറ്റിയുടെ  2002ലെ പോളിസി,  അടുത്ത കാലത്ത് രൂപം നല്‍കിയ സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ റിക്കവറി പാക്കേജ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും  ഭൂമി ഏറ്റെടുക്കുക.  കോഴിക്കോട്, വൈത്തിരി, സുല്‍ത്താന്‍ബത്തേരി താലൂക്കുകളിലായി   21 വില്ലേജുകളില്‍പ്പെട്ട ഭൂമിയാണ്  ഏറ്റെടുക്കേണ്ടിവരുന്നത് .  വിശദമായ പരിസ്ഥിതി പഠനം നടത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സും  വാങ്ങിയ ശേഷമേ പദ്ധതി ആരംഭിക്കൂ.    എം. കെ. രാഘവന്‍ എം. പി, എം. എല്‍. എമാരായ പി. ടി. എ റഹീം, ജോര്‍ജ് എം. തോമസ് , എ. കെ. ശശീന്ദ്രന്‍, എ. പ്രദീപ്കുമാര്‍ എന്നിവരും ജില്ലാ കലക്ടര്‍, ഡോ.പി. ബി. സലിം , ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍  എ. കെ. ബാലകൃഷ്ണന്‍, പൊതുമരാമത്ത് നാഷനല്‍ ഹൈവേ എന്നിവയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  റോഡിന്റെ പഞ്ചായത്തു തലത്തിലുള്ള സ്‌കെച്ച് അതത് പഞ്ചായത്താപ്പീസുകളില്‍ ലഭ്യമാക്കുമെന്ന് കലക്ടര്‍ ഡോ. പി.ബി. സലിം അറിയിച്ചു.  കലക്ടറേറ്റിലെ ലാന്‍ഡ് അക്വ്വസിഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസില്‍ മുഴുവന്‍ സ്‌കെച്ചും പരിശോധനക്ക് ലഭ്യമാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ