2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

200 മീറ്റര്‍ തീരം വികസന നിരോധിത മേഖല

Tuesday, September 14, 2010
ന്യൂദല്‍ഹി: തീരപ്രദേശങ്ങളില്‍ വേലിയേറ്റരേഖയില്‍നിന്ന് കരഭാഗത്തേക്ക് 200 മീറ്റര്‍ 'വികസന നിരോധിത മേഖല'യായി പ്രഖ്യാപിച്ച് പുതിയ തീരനിയന്ത്രണ നിയമത്തിന്റെ അന്തിമ വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു. ഈ ഭാഗത്ത് മത്സ്യബന്ധനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പരമ്പരാഗത സമൂഹങ്ങളെ അനുവദിക്കുമെങ്കിലും വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതിയില്ല.

കേരളത്തിലെ മുഴുവന്‍ കായലോരങ്ങളെയും തീരനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയ അന്തിമ വിജ്ഞാപനം പരമ്പരാഗതമായി തീരത്ത് ജീവിക്കുന്നവര്‍ അനുഭവിച്ചുവരുന്ന തൊഴില്‍പരമായ താല്‍ക്കാലിക ഉപയോഗങ്ങള്‍ക്ക് വിലക്കില്ലെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു.
അതേസമയം, പ്രത്യേക സാമ്പത്തിക മേഖലകളിലും വികസന നിരോധിത മേഖലയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കുകയില്ലെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. പുതിയ വിജ്ഞാപനത്തോടെ കേരളത്തിന്റെ തീര മേഖല പൂര്‍ണമായും തീരനിയന്ത്രണ മേഖലയിലായി. ഇത് കൂടാതെ കായലുകള്‍ക്കിടയിലുള്ള കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളായി.

ഓരോ കായലിന്റെയും വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്റര്‍ അകലത്തിലുള്ള കരഭാഗങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വേലിയേറ്റരേഖയില്‍നിന്ന് 50 മീറ്റര്‍ വീതിയോ കായലിന്റെയോ ജലസ്രോതസ്സിന്റെയോ വീതിയോ ഇവയില്‍ ഏതാണ് കുറവെങ്കില്‍ അത്രയും അകലം എന്നായിരുന്നു കരട് വിജ്ഞാപനത്തില്‍ ഇത് കണക്കാക്കിയിരുന്നത്. ഈ പ്രദേശത്ത് പുതിയ വീടുകളോ കെട്ടിടങ്ങളോ നിര്‍മിക്കുന്നത് നിരോധിക്കും. നിലവില്‍ വേലിയേറ്റരേഖയില്‍നിന്ന് കരയിലേക്കുള്ള 50 മീറ്ററിനിടയില്‍ താമസിക്കുന്ന പരമ്പരാഗത സമൂഹങ്ങള്‍ക്ക് തങ്ങളുടെ നിലവിലുള്ള കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യാനല്ലാതെ പുതിയവ പണിയാന്‍ അനുവദിക്കുകയില്ല.
വേലിയേറ്റ രേഖയില്‍നിന്ന് കരഭാഗത്തേക്കുള്ള 50 മീറ്റര്‍ പരിധിക്ക് അപ്പുറത്തും വീട് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രത്യേക അനുമതി വാങ്ങണം. മത്സ്യബന്ധന ജെട്ടി, മത്സ്യം ഉണക്കാനുള്ള കളങ്ങള്‍, വല നെയ്യാനും നന്നാക്കുന്നതിനുമുള്ള സ്ഥലങ്ങള്‍, പരമ്പരാഗതമായ മത്സ്യ സംസ്‌കരണ രീതികള്‍, മത്സ്യബന്ധന വള്ളങ്ങളുടെ നിര്‍മാണം, റിപ്പയറിങ്, ഐസ് പ്ലാന്റുകള്‍ തുടങ്ങി തീരവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ക്ക് നിയന്ത്രിത മേഖലയില്‍ അനുമതി നല്‍കും.

വേലിയേറ്റ രേഖയും വേലിയിറക്ക രേഖയും നിര്‍ണയിക്കുന്നതിന് ദേശീയ സുസ്ഥിര തീരമേഖലാ കേന്ദ്രത്തിന്റെ ശിപാര്‍ശപ്രകാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രത്യേക ഏജന്‍സിയെ നിയോഗിക്കും. എന്നാല്‍, നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലുള്ള തീര പരിപാലന പദ്ധതി അതത് പ്രാദേശിക ഭരണകൂടങ്ങള്‍ തയാറാക്കണമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. കേരളത്തെ ഗോവയെപ്പോലെ തീര സംസ്ഥാനത്തിന്റെ പ്രത്യേക കാറ്റഗറിയില്‍പ്പെടുത്തിയാണ് തീര സംരക്ഷണ നിയമത്തിന്റെ അന്തിമ കരട് വിജ്ഞാപനമായിട്ടുള്ളത്. വേമ്പനാടിനെ സുന്ദര്‍വനങ്ങള്‍ക്കൊപ്പം അതീവ പാരിസ്ഥിതികപ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഹസനുല്‍ ബന്ന

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ