2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ദേശീയപാത വികസനം; പുനരധിവാസ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി

Saturday, 04 September 2010
Imageതിരുവനന്തപുരം: ദേശീയപാതയുടെ വീതി 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുമ്പോള്‍ നടപ്പാക്കേണ്ട പുനരധിവാസ പാക്കേജിലെ ശുപാര്‍ശകള്‍ക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ആവശ്യമുളള സ്ഥലങ്ങളില്‍ രൂപരേഖയ്ക്കു മാറ്റം വരുത്തണമെന്നു ദേശീയപാതാ അതോറിട്ടിയോട് ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പാക്കേജ് ഉടന്‍ ദേശീയപാതാ അതോറിട്ടിയ്ക്കു സമര്‍പ്പിക്കും. പലതരത്തിലുളള ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നതുകൊണ്ടാണ് അംഗീകരിക്കപ്പെട്ട ദേശീയപാതയുടെ രൂപരേഖ പുനപ്പരിശോധിക്കണമെന്നു ദേശീയപാതാ അതോറിട്ടിയോട് ആവശ്യപ്പെടുന്നതെന്നു മന്ത്രി എം വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രൂപരേഖ മാറ്റുമ്പോള്‍ വീണ്ടും സര്‍വേ നടത്തേണ്ടിവരും.
റോഡിനോട് ചേര്‍ന്നു താമസിക്കുന്നവരെ അവരുടെ തൊട്ടുപിന്നിലുളള സ്ഥലം ഏറ്റെടുത്തു പുനരധിവസിപ്പിക്കും. പിന്നിലുളള സ്ഥലത്തിനു വഴിസൗകര്യം കുറവായതിനാല്‍ താരതമ്യേന വില കുറവായിരിക്കുമെന്നതിനാല്‍ എതിര്‍പ്പുയരാന്‍ ഇടയില്ല. പുതുതായി സ്ഥാപിക്കുന്ന കെട്ടിടങ്ങളില്‍ പഴയ സ്ഥാപനങ്ങള്‍ തുടര്‍ന്നു നടത്തുന്നതിനു അനുവാദം നല്‍കണമെന്ന വ്യവസ്ഥ ചേര്‍ക്കണം. ദേശീയപാതയോട് ചേര്‍ന്നുളള സ്ഥലം ഏറ്റെടുക്കുമ്പോള്‍ തൊട്ടുപിന്നിലെ വസ്തുവിനു അധികമായി ലഭിക്കുന്ന കമ്പോളവിലയുടെ നിശ്ചിതശതമാനം കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കു നല്‍കാന്‍ ബാധ്യതയുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്കു അതതു ജങ്ഷനുകളില്‍ ഭൂമി ഏറ്റെടുത്തു തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചു നല്‍കും.

വീട് നഷ്ടപ്പെടുന്നവര്‍ക്കു റോഡിനു അടുത്തതന്നെ വൈദ്യുതി, വെളളം എന്നിവ ലഭിക്കുന്ന സ്ഥലത്തു ഭൂമി നല്‍കും. ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി തീരുമാനിക്കുന്ന ഭൂമിയുടെ കമ്പോളവിലയും കെട്ടിടങ്ങളുടെ പുതിയ ഷെഡ്യൂള്‍ ഓഫ്് റേറ്റ് പ്രകാരം തീരുമാനിക്കുന്ന വിലയും പ്രസ്തുത തുകയുടെ 25 ശതമാനവുംകൂടി പുനര്‍നിര്‍മാണത്തിനുവേണ്ടി നല്‍കും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ ഉപയോഗപ്രദമായ സാധനങ്ങളും അവര്‍ക്കു ഉപയോഗിക്കാം. ജീവനോപാധി നഷ്ടപ്പെടുന്ന വാടകക്കാര്‍ക്കു ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി നിശ്ചയിക്കുന്ന ഭൂമിയുടെയും കെട്ടിടത്തിന്റെയും വിലയുടെ പത്തുശതമാനം നഷ്ടപരിഹാരമായി നല്‍കും. ഒന്നിലധികം വാടകക്കാരുണ്ടെങ്കില്‍ പ്രസ്തുത തുക അവര്‍ക്കു തുല്യമായി വീതംവയ്ക്കും.
ചുരുങ്ങിയ നഷ്ടപരിഹാരം ഒരുലക്ഷത്തില്‍ കുറയാന്‍ പാടില്ലെന്നും പാക്കേജില്‍ പറയുന്നു. വ്യാപാരത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്കു വ്യാവസായ തര്‍ക്കനിയമപ്രകാരം നിശ്ചയിച്ചിട്ടുളള നഷ്ടപരിഹാരം നല്‍കും. വീടുകള്‍ നഷ്ടമാവുന്ന വസ്തു ഉടമകള്‍ക്കു പുതിയ കമ്പോളനിരക്ക് പ്രകാരമുളള നഷ്ടപരിഹാരവും പുനര്‍നിര്‍മാണത്തിനായി കെട്ടിടത്തിന്റെയും വസ്തുവിന്റെയും വിലയുടെ 25 ശതമാനവും നല്‍കും. 25,000 രൂപ ഷിഫ്റ്റിങ് അലവന്‍സായി നല്‍കും. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും ചെറിയ കച്ചവടങ്ങള്‍ നടത്തുന്നവര്‍ക്കും ആറുമാസത്തെ മിനിമം വേജസ് കണക്കാക്കി നല്‍കും. കൂടാതെ കെട്ടിടത്തിന്റെയോ കടയുടെയോ വിലയും ഒരുലക്ഷം രൂപ പുനരധിവാസത്തിനും നല്‍കും.
നഷ്ടപ്പെടുന്ന ആരാധനാലയങ്ങള്‍ക്കു പകരം സര്‍ക്കാര്‍ ചെലവില്‍ പുതിയ സ്ഥലത്തു ആരാധനാലയം നിര്‍മിച്ചുനല്‍കും. മരങ്ങള്‍ക്കും കൃഷിയ്ക്കുമുളള നഷ്ടപരിഹാരം വനം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട കോമ്പീറ്റന്റ് അതോറിട്ടി തീരുമാനിക്കുന്ന നഷ്ടപരിഹാരം നല്‍കും. കോമ്പീറ്റന്റ് അതോറിട്ടി നിശ്ചയിക്കുന്ന നഷ്ടപരിഹാരതുകയില്‍ ആക്ഷേപമുളളവര്‍ക്കു സര്‍ക്കാര്‍ നിയമിക്കുന്ന അപ്പലേറ്റ് അതോറിട്ടിയില്‍ പരാതിപ്പെടാം. അതോറിട്ടിയ്ക്കു 50 ശതമാനംവരെ വര്‍ധനവ് വരുത്തുന്നതിനു അധികാരമുണ്ടായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ