2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ദേശീയ പാത വികസനം: സര്‍വ്വകക്ഷികളും വഞ്ചിച്ചുവെന്ന് വിക്ടിംസ് അസോസിയേഷന്‍


News Posted On: 20/08/2010

മലപ്പുറം: സംസ്ഥാനത്തെ ദേശീയപാതകള്‍ നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ ദുരൂഹമാണെന്ന് ദേശീയപാത വിക്ടിംസ് അസോസിയേഷന്‍ ആരോപിച്ചു. 45 മീറ്റര്‍ വീതിയില്‍ ചുങ്കം കൊടുത്ത് മാത്രം യാത്ര ചെയ്യാന്‍ അനുവാദമുള്ള ബി ഒ ടി പാത തലപ്പാടി മുതല്‍ ഇടപ്പള്ളി വരെ 430 കിലോമീറ്റര്‍ നീളുന്ന ദേശീയപാതയോരത്തെ ലക്ഷകണക്കിനാളുകളുടെ കിടപ്പാടവും തൊഴിലും മറ്റ് ജീവനോപാധികളും നഷ്ടപ്പെടുത്തും. പണമുള്ളവന് മാത്രം യാത്രയെന്ന അവസ്ഥയിലേക്ക് കേരളത്തിലെ സഞ്ചാരസ്വാതന്ത്ര്യം മാറുമെന്നും സംഘടന വിലയിരുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത ആദ്യസര്‍വ്വകക്ഷി യോഗത്തില്‍ ഏകകണ്ഠമായാണ് 30 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിച്ചാല്‍ മതി എന്ന് തീരുമാനിച്ചത്. ബി ഒ ടി വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള സഹചര്യങ്ങളോട് നീതി പുലര്‍ത്തുന്നതും കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട് വഴിയാധാരമാകുന്ന ഇരകളുടെ ദുരിതം ലഘൂകരിക്കുന്നതുമായിരുന്നു തീരുമാനം. എന്നാല്‍ ഇതിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് ഇത് അട്ടിമറിച്ച് കിടപ്പാടം നഷ്ടപ്പെടുന്നവരെ ബി ഒ ടി കുത്തകകളുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് സര്‍വ്വകക്ഷികളും ചെയ്തത്. ചുങ്കപ്പാത നിര്‍മ്മിച്ച് ടോള്‍ പിരിച്ചാല്‍ ഇന്നത്തെ നിരക്കനുസരിച്ച് 75000 കോടി രൂപയുടെ അറ്റാദായം ലഭിക്കുമെന്ന് ബി ഒ ടി ഉടമകള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ബി ഒ ടി കുത്തകകള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചതിന് പിന്നിലെ അവിശുദ്ധബാന്ധവം പുറത്തുകൊണ്ടുവരും. കോടികളുടെ കിലുക്കത്തില്‍ മഞ്ഞളിച്ച ലക്ഷക്കണക്കിന് ഇരകളുടെ ദുരിതം അവഗണിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ മോഹം നടപ്പാകാന്‍ പോകുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കി. കേരളത്തിന് തികച്ചും അനുയോജ്യമായിരുന്ന ആദ്യ സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം അട്ടിമറിച്ചത് ആസൂത്രിതമായിട്ടായിരുന്നു. ആ തീരുമാനത്തെ പറ്റി കേന്ദ്രത്തില്‍ നിന്ന് ഇതേവരെ ഒരു കത്തുപോലും ലഭിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭ സമ്മേളനത്തില്‍ പി സി ചാക്കോ എം പിയുടെ ചോദ്യത്തിന് കേരളത്തിന്റെ സവിശേഷ സഹചര്യത്തില്‍ ദേശീയപാതയുടെ വീതി 30 മീറ്ററോ 45 മീറ്ററോ വേണ്ടതെന്ന കാര്യം സംസ്ഥാനത്തിന് തന്നെ തീരുമാനിക്കാമെന്നാണ് മന്ത്രി കമല്‍നാഥ് പറഞ്ഞത്. ഈ സഹചര്യത്തില്‍ തിടുക്കപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ച് ദേശീയപാതയുടെ വീതി 45 മീറ്റര്‍ വേണമെന്ന് തീരുമാനമെടുക്കേണ്ട കാര്യമില്ലായിരുന്നു. മലപ്പുറം ജില്ലയില്‍ ഇടിമുഴിക്കല്‍ മുതല്‍ അണ്ടത്തോട് വരെ 45 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിച്ചാല്‍ അയ്യായിരത്തോളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ക്കേണ്ടി വരും. ജില്ലയിലെ പ്രബലകക്ഷിയായ മുസ്‌ലിം ലീഗ് അവസാനനിമിഷം വരെ റോഡിന്റെ വീതി 30 മീറ്റര്‍ മതിയെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. മുസ്‌ലിം ലീഗിന്റെ നിലപാടിനെ വലിയ പ്രതീക്ഷയോടെയാണ് ജില്ലയിലെ ജനങ്ങള്‍ കണ്ടിരുന്നത്. പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോട്ട് പോയ മുസ്‌ലിം ലീഗ് നിലപാടില്‍ പ്രതിഷേധമുണ്ടെന്ന് വിക്ടിംസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി പി ഉസ്മാന്‍ ഹാജി, ചെയര്‍മാന്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ