2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ദേശീയപാത വികസനം: കേരളത്തിന്റെ നിര്‍ദേശം തള്ളി

Thursday, July 29, 2010
ന്യൂദല്‍ഹി: ദേശീയ പാത വികസനത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ടു നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ തള്ളി. ദേശീയ പാത നാല് വരിയാക്കുമ്പോള്‍ വീതി 30 മീറ്ററില്‍ കൂടരുതെന്നും ചുങ്കം പിരിക്കരുതെന്നുമായിരുന്നു കേരളത്തിന്റെ നിര്‍ദേശം.
ദേശീയ പാതയോരത്ത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഉപരിതല ഗതാഗത മന്ത്രാലയവും വ്യക്തമാക്കി.
കെ.ഇ. ഇസ്മാഈല്‍ എം.പി രാജ്യസഭയിലുന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേരളം മുന്നോട്ടുവെച്ച രണ്ടു നിര്‍ദേശങ്ങളില്‍ കേന്ദ്രം ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ആര്‍.പി സിങ് വ്യക്തമാക്കിയത്.
ദേശീയ പാത വികസനത്തിന് കേന്ദ്രം നിര്‍ദേശിച്ച വീതി 60 മീറ്ററാണ്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ ഇത് 45 മീറ്റര്‍ വരെയാക്കി പരിമിതപ്പെടുത്താമെന്നതാണ് കേന്ദ്ര നിലപാട്. കേന്ദ്ര ഫണ്ടുപയോഗിച്ചാലും സ്വകാര്യ ഫണ്ടിനെ ആശ്രയിച്ചാലും ദേശീയ പാത നാല് വരിയാക്കുകയാണെങ്കില്‍ ചുങ്കം പിരിക്കണമെന്നത് സര്‍ക്കാര്‍ നയമാണ്. അതിനാല്‍ കേരളത്തിന്റെ രണ്ടു നിര്‍ദേശങ്ങളും തള്ളാതെ നിര്‍വാഹമില്ലെന്ന് മന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ ജോസ് കെ. മാണിയും ഈ ചോദ്യമുന്നയിച്ചു.
പി. കരുണാകരന്‍ ലോക്‌സഭയില്‍ ഉന്നയിച്ച മറ്റൊരു ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി മഹാദേവ് സിങ് ഖണ്ഡേല നല്‍കിയ മറുപടിയില്‍ ദേശീയ പാതയോരത്ത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. വിശ്രമ മുറികള്‍, റസ്റ്റാറന്റുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, സ്‌നാക്ക് ബാറുകള്‍, ചെറുകിട വ്യാപാര കിയോസ്‌ക്കുകള്‍ എന്നിവ സ്ഥാപിക്കാനാണ് ദേശീയ പാതയുടെ ഭൂമി പാട്ടത്തിന് നല്‍കുകയെന്നും മന്ത്രി തുടര്‍ന്നു.

ഹസനുല്‍ ബന്ന

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ