2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ദേശീയപാത വികസനം: ഉത്തര കേരളത്തില്‍ പരാതിതീര്‍ക്കാന്‍ ആര്‍ബിട്രേറ്റര്‍

Friday, August 20, 2010
തിരുവനന്തപുരം: ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്നതിന് സ്വമേധയാ സ്ഥലം നല്‍കിയവരില്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതിയുള്ളവര്‍ക്കായി ദേശീയപാത ആക്ട് പ്രകാരം ആര്‍ബിട്രേറ്ററെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വടക്കന്‍ കേരളത്തില്‍ പാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് നേരത്തേ പൂര്‍ത്തിയായിരുന്നു. ഇവരില്‍ നഷ്ടപരിഹാരത്തെപ്പറ്റി ആക്ഷേപമുള്ളവരുടെ പരാതികള്‍ ആര്‍ബിട്രേറ്റര്‍ പരിശോധിച്ച് അര്‍ഹമായപക്ഷം അധികതുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.

ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പുതിയ പുനഃസ്ഥാപന പാക്കേജ് തീരുമാനിക്കാന്‍ ദേശീയപാത അതോറിറ്റി കേരള സര്‍ക്കാറിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെയും അതിലെ സ്ഥാവര വസ്തുക്കളുടെയും വിപണി വിലയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരമുള്‍പ്പെടെ കാര്യങ്ങള്‍ തീരുമാനിക്കുക.

ഓരോ സ്ഥലത്തും നിലവിലെ വിപണി വില, റവന്യു വകുപ്പ് നിശ്ചയിച്ച ഫെയര്‍ വാല്യു, ഭൂമി രജിസ്‌ട്രേഷന്‍ അടിസ്ഥാനമാക്കിയുള്ള ബേസിക് വാല്യു എന്നിവ പരിശോധിച്ചായിരിക്കും ഏറ്റെടുക്കപ്പെടുന്ന ഭൂമിയുടെ നഷ്ടപരിഹാരവും മറ്റും അന്തിമമായി തീരുമാനിക്കുക. ഒപ്പം പാതവികസനം മൂലം ജീവിതമാര്‍ഗം നഷ്ടമാകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പാതക്കായി സ്ഥലം ഏറ്റെടുക്കപ്പെട്ടശേഷം വളരെ കുറച്ച് ഭൂമി മാത്രം മിച്ചം വരുന്നവരുണ്ടെങ്കില്‍ പ്രസ്തുത ഭൂമി കൂടി പാക്കേജില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കും.

പുനരധിവാസ പാക്കേജിന് അന്തിമരൂപം നല്‍കുന്നതിന് പൊതുമരാമത്ത്, റവന്യു വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. യോഗത്തില്‍ പുനരധിവാസനയം രൂപവത്കരിച്ച് മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ