2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ദേശീയപാത വികസനം: നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി


Imageകോഴിക്കോട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ മുമ്പ് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ മുസ്‌ലിംലീഗ് ഇക്കാര്യം വളരെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. അതത് പ്രദേശങ്ങളിലെ ഭൂമിയുടെ മാര്‍ക്കറ്റ്‌വില ഉടമകള്‍ക്ക് ലഭ്യമാക്കണമെന്നും ജനനിബിഡ പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും യോഗത്തില്‍ ധാരയായതാണ്. ജനങ്ങള്‍ ഏറെ താമസിക്കുന്ന പ്രദേശങ്ങളില്‍ പരമാവധി ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിച്ച് നഷ്ടം ഒഴിവാക്കണമെന്നും യോഗത്തില്‍ ധാരണയായിരുന്നു. ദേശീയ പാത വികസനം അനിവാര്യമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ സാധാരണക്കാരുടെ ജീവിതം പെരുവഴിയിലാക്കരുതെന്ന നിലപാടാണ് ലീഗിനുള്ളത്.
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുത്. ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണ്ണമായും പരിഹരിച്ച ശേഷമെ പാതക്ക് വേണ്ടി അക്വസിഷന്‍ നടപടികള്‍ ആരംഭിക്കാവൂ. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാര പാക്കേജ് വളരെ വേഗം തയ്യാറാക്കി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ