2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ദേശീയപാത വികസനം: പാക്കേജ് കേന്ദ്രത്തിന് സമര്‍പ്പിച്ചു

Tuesday, September 7, 2010
ന്യൂദല്‍ഹി: 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പുനരധിവാസ പാക്കേജിന്റെ കരട് നിര്‍ദേശം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എം.വിജയകുമാര്‍ കേന്ദ്ര ഉപരിതല മന്ത്രി കമല്‍നാഥിനാണ് ചൊവ്വാഴ്ച ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പാക്കേജ് സമര്‍പ്പിച്ചത്.

കേരളം ആഗസ്റ്റ് 17ന് വിളിച്ചു കൂട്ടിയ സര്‍വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കേജ് തയാറാക്കിയതെന്ന് പാക്കേജിനൊപ്പം സംസ്ഥാനം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ദേശീയപാത 17ഉം 47ഉം വികസിപ്പിക്കുന്നത് 30 മീറ്റര്‍ വീതിയിലാകണമെന്ന കേരളത്തിന്റെ ശിപാര്‍ശ തള്ളിയ സാഹചര്യത്തിലാണ് ഈ സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടിയതെന്ന് നിവേദനം വിശദീകരിക്കുന്നു. നേരത്തേ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായി ബി.ഒ.ടി അടിസ്ഥാനത്തില്‍ ദേശീയപാത വികസിപ്പിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഇതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പാക്കേജ് തയാറാക്കിയിരിക്കുന്നതെന്ന് വിശദീകരിച്ചു. അതിനാല്‍ സ്ഥലമെടുപ്പ് ബാധിക്കുന്ന വീട്ടുകാരുടെയും കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ന്യായമായ പുനരധിവാസം ഉറപ്പു വരുത്തുന്നതാണ് കേരളം തയാറാക്കിയ പാക്കേജിന്റെ കരട് നിര്‍ദേശമെന്നും നിവേദനം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന് സമര്‍പ്പിച്ച പത്തിന പാക്കേജ് ഇവയാണ്.
1.'ഫാസ്റ്റ് ട്രാക്ക്' മാതൃകയില്‍ വിലപേശി ഭൂമി വാങ്ങി ഭൂമിയുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരത്തുക ലഭ്യമാക്കുക; അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ന്യായവില, വിപണി വിലയുടെ അടിസ്ഥാനമായി കണക്കാക്കി നഷ്ടപരിഹാര ത്തുക നിജപ്പെടുത്തുക.

2. ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ച പോലെ അക്വയര്‍ ചെയ്ത ഭൂമിയില്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വിഹിതം നല്‍കുകയും അതേ സ്ഥലത്തോ പരിസരത്തോ ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിത് ബാധിക്കുന്ന കച്ചവടക്കാര്‍ക്ക് കച്ചവടത്തിന് അവസരം നല്‍കുകയും വീടുകള്‍ ഒഴിയേണ്ടവരെ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള വിദൂരമല്ലാത്ത ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യുക.
3. കെട്ടിടങ്ങള്‍ക്ക് വില കണക്കാക്കി 25 ശതമാനം കൂട്ടി നല്‍കുകയും വിപണി വില ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിക്കുകയും ചെയ്യുക.
4. വാടകക്കെടുത്ത് കച്ചവടം നടത്തുന്നവരുടെ നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ വാടക ഉടമ്പടിയും പരിഗണിക്കുക.
5. കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യവസായ തര്‍ക്ക നിയമ പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുക.
6. പൊളിക്കുന്ന വീടുകളുടെ വില ജില്ലാ പര്‍ച്ചേസ് കമ്മിറ്റി കണക്കാക്കി അതിന്റെ 25 ശതമാനം കൂട്ടി നല്‍കുകയും പഴയ വീടിന്റെ സാധന സാമഗ്രികള്‍ എടുക്കാന്‍ അനുവദിക്കുകയും ചെയ്യുക. ഇതോടൊപ്പം 25,000 രൂപ വീടുമാറ്റത്തിനുള്ള അലവന്‍സും നല്‍കുക.
7. അനധികൃത താമസക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ആറ് മാസത്തെ വേതനവും നഷ്ടപരിഹാരമായി നല്‍കുക.
8. മരങ്ങളുടെയും കാര്‍ഷികവിളകളുടെയും നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിന്റെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക.
9. ആരാധനാലയങ്ങള്‍ ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക.
10. മേല്‍പറഞ്ഞ പ്രകാരം നിശ്ചയിക്കുന്ന നഷ്ടപരിഹാരം മതിയാകാതെ വരുന്നവര്‍ക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുന്ന അപ്പലേറ്റ് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുക.

ഹസനുല് ബന്ന
7.9.2010

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ