2010, സെപ്റ്റംബർ 20, തിങ്കളാഴ്ച
2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച
ദേശീയ പാത വികസനം: സര്‍വ്വകക്ഷികളും വഞ്ചിച്ചുവെന്ന് വിക്ടിംസ് അസോസിയേഷന്‍
News Posted On: 20/08/2010
മലപ്പുറം: സംസ്ഥാനത്തെ ദേശീയപാതകള്‍ നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ ദുരൂഹമാണെന്ന് ദേശീയപാത വിക്ടിംസ് അസോസിയേഷന്‍ ആരോപിച്ചു. 45 മീറ്റര്‍ വീതിയില്‍ ചുങ്കം കൊടുത്ത് മാത്രം യാത്ര ചെയ്യാന്‍ അനുവാദമുള്ള ബി ഒ ടി പാത തലപ്പാടി മുതല്‍ ഇടപ്പള്ളി വരെ 430 കിലോമീറ്റര്‍ നീളുന്ന ദേശീയപാതയോരത്തെ ലക്ഷകണക്കിനാളുകളുടെ കിടപ്പാടവും തൊഴിലും മറ്റ് ജീവനോപാധികളും നഷ്ടപ്പെടുത്തും. പണമുള്ളവന് മാത്രം യാത്രയെന്ന അവസ്ഥയിലേക്ക് കേരളത്തിലെ സഞ്ചാരസ്വാതന്ത്ര്യം മാറുമെന്നും സംഘടന വിലയിരുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത ആദ്യസര്‍വ്വകക്ഷി യോഗത്തില്‍ ഏകകണ്ഠമായാണ് 30 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിച്ചാല്‍ മതി എന്ന് തീരുമാനിച്ചത്. ബി ഒ ടി വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള സഹചര്യങ്ങളോട് നീതി പുലര്‍ത്തുന്നതും കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട് വഴിയാധാരമാകുന്ന ഇരകളുടെ ദുരിതം ലഘൂകരിക്കുന്നതുമായിരുന്നു തീരുമാനം. എന്നാല്‍ ഇതിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് ഇത് അട്ടിമറിച്ച് കിടപ്പാടം നഷ്ടപ്പെടുന്നവരെ ബി ഒ ടി കുത്തകകളുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് സര്‍വ്വകക്ഷികളും ചെയ്തത്. ചുങ്കപ്പാത നിര്‍മ്മിച്ച് ടോള്‍ പിരിച്ചാല്‍ ഇന്നത്തെ നിരക്കനുസരിച്ച് 75000 കോടി രൂപയുടെ അറ്റാദായം ലഭിക്കുമെന്ന് ബി ഒ ടി ഉടമകള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ബി ഒ ടി കുത്തകകള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചതിന് പിന്നിലെ അവിശുദ്ധബാന്ധവം പുറത്തുകൊണ്ടുവരും. കോടികളുടെ കിലുക്കത്തില്‍ മഞ്ഞളിച്ച ലക്ഷക്കണക്കിന് ഇരകളുടെ ദുരിതം അവഗണിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ മോഹം നടപ്പാകാന്‍ പോകുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കി. കേരളത്തിന് തികച്ചും അനുയോജ്യമായിരുന്ന ആദ്യ സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം അട്ടിമറിച്ചത് ആസൂത്രിതമായിട്ടായിരുന്നു. ആ തീരുമാനത്തെ പറ്റി കേന്ദ്രത്തില്‍ നിന്ന് ഇതേവരെ ഒരു കത്തുപോലും ലഭിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭ സമ്മേളനത്തില്‍ പി സി ചാക്കോ എം പിയുടെ ചോദ്യത്തിന് കേരളത്തിന്റെ സവിശേഷ സഹചര്യത്തില്‍ ദേശീയപാതയുടെ വീതി 30 മീറ്ററോ 45 മീറ്ററോ വേണ്ടതെന്ന കാര്യം സംസ്ഥാനത്തിന് തന്നെ തീരുമാനിക്കാമെന്നാണ് മന്ത്രി കമല്‍നാഥ് പറഞ്ഞത്. ഈ സഹചര്യത്തില്‍ തിടുക്കപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ച് ദേശീയപാതയുടെ വീതി 45 മീറ്റര്‍ വേണമെന്ന് തീരുമാനമെടുക്കേണ്ട കാര്യമില്ലായിരുന്നു. മലപ്പുറം ജില്ലയില്‍ ഇടിമുഴിക്കല്‍ മുതല്‍ അണ്ടത്തോട് വരെ 45 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിച്ചാല്‍ അയ്യായിരത്തോളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ക്കേണ്ടി വരും. ജില്ലയിലെ പ്രബലകക്ഷിയായ മുസ്‌ലിം ലീഗ് അവസാനനിമിഷം വരെ റോഡിന്റെ വീതി 30 മീറ്റര്‍ മതിയെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. മുസ്‌ലിം ലീഗിന്റെ നിലപാടിനെ വലിയ പ്രതീക്ഷയോടെയാണ് ജില്ലയിലെ ജനങ്ങള്‍ കണ്ടിരുന്നത്. പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോട്ട് പോയ മുസ്‌ലിം ലീഗ് നിലപാടില്‍ പ്രതിഷേധമുണ്ടെന്ന് വിക്ടിംസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി പി ഉസ്മാന്‍ ഹാജി, ചെയര്‍മാന്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയപാത വികസനം; പുനരധിവാസ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി
Saturday, 04 September 2010 |
വീട് നഷ്ടപ്പെടുന്നവര്‍ക്കു റോഡിനു അടുത്തതന്നെ വൈദ്യുതി, വെളളം എന്നിവ ലഭിക്കുന്ന സ്ഥലത്തു ഭൂമി നല്‍കും. ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി തീരുമാനിക്കുന്ന ഭൂമിയുടെ കമ്പോളവിലയും കെട്ടിടങ്ങളുടെ പുതിയ ഷെഡ്യൂള്‍ ഓഫ്് റേറ്റ് പ്രകാരം തീരുമാനിക്കുന്ന വിലയും പ്രസ്തുത തുകയുടെ 25 ശതമാനവുംകൂടി പുനര്‍നിര്‍മാണത്തിനുവേണ്ടി നല്‍കും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ ഉപയോഗപ്രദമായ സാധനങ്ങളും അവര്‍ക്കു ഉപയോഗിക്കാം. ജീവനോപാധി നഷ്ടപ്പെടുന്ന വാടകക്കാര്‍ക്കു ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി നിശ്ചയിക്കുന്ന ഭൂമിയുടെയും കെട്ടിടത്തിന്റെയും വിലയുടെ പത്തുശതമാനം നഷ്ടപരിഹാരമായി നല്‍കും. ഒന്നിലധികം വാടകക്കാരുണ്ടെങ്കില്‍ പ്രസ്തുത തുക അവര്‍ക്കു തുല്യമായി വീതംവയ്ക്കും.
ദേശീയപാത വികസനം: നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
|
200 മീറ്റര്‍ തീരം വികസന നിരോധിത മേഖല
കേരളത്തിലെ മുഴുവന്‍ കായലോരങ്ങളെയും തീരനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയ അന്തിമ വിജ്ഞാപനം പരമ്പരാഗതമായി തീരത്ത് ജീവിക്കുന്നവര്‍ അനുഭവിച്ചുവരുന്ന തൊഴില്‍പരമായ താല്‍ക്കാലിക ഉപയോഗങ്ങള്‍ക്ക് വിലക്കില്ലെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു.
അതേസമയം, പ്രത്യേക സാമ്പത്തിക മേഖലകളിലും വികസന നിരോധിത മേഖലയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കുകയില്ലെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. പുതിയ വിജ്ഞാപനത്തോടെ കേരളത്തിന്റെ തീര മേഖല പൂര്‍ണമായും തീരനിയന്ത്രണ മേഖലയിലായി. ഇത് കൂടാതെ കായലുകള്‍ക്കിടയിലുള്ള കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളായി.
ഓരോ കായലിന്റെയും വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്റര്‍ അകലത്തിലുള്ള കരഭാഗങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വേലിയേറ്റരേഖയില്‍നിന്ന് 50 മീറ്റര്‍ വീതിയോ കായലിന്റെയോ ജലസ്രോതസ്സിന്റെയോ വീതിയോ ഇവയില്‍ ഏതാണ് കുറവെങ്കില്‍ അത്രയും അകലം എന്നായിരുന്നു കരട് വിജ്ഞാപനത്തില്‍ ഇത് കണക്കാക്കിയിരുന്നത്. ഈ പ്രദേശത്ത് പുതിയ വീടുകളോ കെട്ടിടങ്ങളോ നിര്‍മിക്കുന്നത് നിരോധിക്കും. നിലവില്‍ വേലിയേറ്റരേഖയില്‍നിന്ന് കരയിലേക്കുള്ള 50 മീറ്ററിനിടയില്‍ താമസിക്കുന്ന പരമ്പരാഗത സമൂഹങ്ങള്‍ക്ക് തങ്ങളുടെ നിലവിലുള്ള കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യാനല്ലാതെ പുതിയവ പണിയാന്‍ അനുവദിക്കുകയില്ല.
വേലിയേറ്റ രേഖയില്‍നിന്ന് കരഭാഗത്തേക്കുള്ള 50 മീറ്റര്‍ പരിധിക്ക് അപ്പുറത്തും വീട് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രത്യേക അനുമതി വാങ്ങണം. മത്സ്യബന്ധന ജെട്ടി, മത്സ്യം ഉണക്കാനുള്ള കളങ്ങള്‍, വല നെയ്യാനും നന്നാക്കുന്നതിനുമുള്ള സ്ഥലങ്ങള്‍, പരമ്പരാഗതമായ മത്സ്യ സംസ്‌കരണ രീതികള്‍, മത്സ്യബന്ധന വള്ളങ്ങളുടെ നിര്‍മാണം, റിപ്പയറിങ്, ഐസ് പ്ലാന്റുകള്‍ തുടങ്ങി തീരവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ക്ക് നിയന്ത്രിത മേഖലയില്‍ അനുമതി നല്‍കും.
വേലിയേറ്റ രേഖയും വേലിയിറക്ക രേഖയും നിര്‍ണയിക്കുന്നതിന് ദേശീയ സുസ്ഥിര തീരമേഖലാ കേന്ദ്രത്തിന്റെ ശിപാര്‍ശപ്രകാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രത്യേക ഏജന്‍സിയെ നിയോഗിക്കും. എന്നാല്‍, നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലുള്ള തീര പരിപാലന പദ്ധതി അതത് പ്രാദേശിക ഭരണകൂടങ്ങള്‍ തയാറാക്കണമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. കേരളത്തെ ഗോവയെപ്പോലെ തീര സംസ്ഥാനത്തിന്റെ പ്രത്യേക കാറ്റഗറിയില്‍പ്പെടുത്തിയാണ് തീര സംരക്ഷണ നിയമത്തിന്റെ അന്തിമ കരട് വിജ്ഞാപനമായിട്ടുള്ളത്. വേമ്പനാടിനെ സുന്ദര്‍വനങ്ങള്‍ക്കൊപ്പം അതീവ പാരിസ്ഥിതികപ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഹസനുല്‍ ബന്ന
ദേശീയപാത വികസനം : പുനരധിവാസത്തിന് കരട് രൂപമായി
ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതിനു കരടുരൂപമായി. ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണി വില നിശ്ചയിക്കുന്നതിന് ജില്ലാതല കമ്മിറ്റി രൂപീകരിക്കാന്‍ കരട് രൂപത്തില്‍ നിര്‍ദേശിക്കുന്നു. റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥരെക്കൂടാതെ അതതു പ്രദേശത്തെ ജനപ്രതിനിധികളെക്കൂടി ജില്ലാതല വിലനിര്‍ണയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താണ് നിര്‍ദേശം.
ദേശീയപാതയ്ക്കായി സ്ഥലമെടുക്കുമ്പോള്‍ ഉടമകളില്‍നിന്ന് എതിര്‍പ്പുണ്ടാകാത്ത വിധത്തിലാകണം തീര്‍പ്പു കല്പിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. സ്ഥലം, കെട്ടിടം എന്നിവയ്ക്ക് വിപണിവില നല്‍കുക, പുനരധിവാസം ഉറപ്പാക്കുക എന്നിവയും സര്‍ക്കാര്‍ നിര്‍ദേശത്തില്‍പ്പെടുന്നു.
ദേശീയപാതയ്ക്കു സ്ഥലമെടുക്കുന്നവരെ പുനരധിവസിപ്പിക്കുന്ന രീതി ഇപ്പോള്‍ നിലവിലില്ല. റവന്യൂ, പൊതുമരാമത്ത്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗമാണ് ഇന്നലെ കൂടിയത്.
കരട് നിര്‍ദേശങ്ങള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. കരടു നിര്‍ദേശങ്ങള്‍ക്കു പുറമേ പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
ദേശീയപാത വികസനം: പാക്കേജ് കേന്ദ്രത്തിന് സമര്‍പ്പിച്ചു
കേരളം ആഗസ്റ്റ് 17ന് വിളിച്ചു കൂട്ടിയ സര്‍വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കേജ് തയാറാക്കിയതെന്ന് പാക്കേജിനൊപ്പം സംസ്ഥാനം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ദേശീയപാത 17ഉം 47ഉം വികസിപ്പിക്കുന്നത് 30 മീറ്റര്‍ വീതിയിലാകണമെന്ന കേരളത്തിന്റെ ശിപാര്‍ശ തള്ളിയ സാഹചര്യത്തിലാണ് ഈ സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടിയതെന്ന് നിവേദനം വിശദീകരിക്കുന്നു. നേരത്തേ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായി ബി.ഒ.ടി അടിസ്ഥാനത്തില്‍ ദേശീയപാത വികസിപ്പിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഇതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പാക്കേജ് തയാറാക്കിയിരിക്കുന്നതെന്ന് വിശദീകരിച്ചു. അതിനാല്‍ സ്ഥലമെടുപ്പ് ബാധിക്കുന്ന വീട്ടുകാരുടെയും കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ന്യായമായ പുനരധിവാസം ഉറപ്പു വരുത്തുന്നതാണ് കേരളം തയാറാക്കിയ പാക്കേജിന്റെ കരട് നിര്‍ദേശമെന്നും നിവേദനം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന് സമര്‍പ്പിച്ച പത്തിന പാക്കേജ് ഇവയാണ്.
1.'ഫാസ്റ്റ് ട്രാക്ക്' മാതൃകയില്‍ വിലപേശി ഭൂമി വാങ്ങി ഭൂമിയുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരത്തുക ലഭ്യമാക്കുക; അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ന്യായവില, വിപണി വിലയുടെ അടിസ്ഥാനമായി കണക്കാക്കി നഷ്ടപരിഹാര ത്തുക നിജപ്പെടുത്തുക.
2. ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ച പോലെ അക്വയര്‍ ചെയ്ത ഭൂമിയില്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വിഹിതം നല്‍കുകയും അതേ സ്ഥലത്തോ പരിസരത്തോ ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിത് ബാധിക്കുന്ന കച്ചവടക്കാര്‍ക്ക് കച്ചവടത്തിന് അവസരം നല്‍കുകയും വീടുകള്‍ ഒഴിയേണ്ടവരെ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള വിദൂരമല്ലാത്ത ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യുക.
3. കെട്ടിടങ്ങള്‍ക്ക് വില കണക്കാക്കി 25 ശതമാനം കൂട്ടി നല്‍കുകയും വിപണി വില ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിക്കുകയും ചെയ്യുക.
4. വാടകക്കെടുത്ത് കച്ചവടം നടത്തുന്നവരുടെ നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ വാടക ഉടമ്പടിയും പരിഗണിക്കുക.
5. കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യവസായ തര്‍ക്ക നിയമ പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുക.
6. പൊളിക്കുന്ന വീടുകളുടെ വില ജില്ലാ പര്‍ച്ചേസ് കമ്മിറ്റി കണക്കാക്കി അതിന്റെ 25 ശതമാനം കൂട്ടി നല്‍കുകയും പഴയ വീടിന്റെ സാധന സാമഗ്രികള്‍ എടുക്കാന്‍ അനുവദിക്കുകയും ചെയ്യുക. ഇതോടൊപ്പം 25,000 രൂപ വീടുമാറ്റത്തിനുള്ള അലവന്‍സും നല്‍കുക.
7. അനധികൃത താമസക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ആറ് മാസത്തെ വേതനവും നഷ്ടപരിഹാരമായി നല്‍കുക.
8. മരങ്ങളുടെയും കാര്‍ഷികവിളകളുടെയും നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിന്റെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക.
9. ആരാധനാലയങ്ങള്‍ ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക.
10. മേല്‍പറഞ്ഞ പ്രകാരം നിശ്ചയിക്കുന്ന നഷ്ടപരിഹാരം മതിയാകാതെ വരുന്നവര്‍ക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുന്ന അപ്പലേറ്റ് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുക.
ഹസനുല് ബന്ന
ദേശീയപാത വികസനം: കേരളത്തിന്റെ നിര്‍ദേശം തള്ളി
ദേശീയ പാതയോരത്ത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഉപരിതല ഗതാഗത മന്ത്രാലയവും വ്യക്തമാക്കി.
കെ.ഇ. ഇസ്മാഈല്‍ എം.പി രാജ്യസഭയിലുന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേരളം മുന്നോട്ടുവെച്ച രണ്ടു നിര്‍ദേശങ്ങളില്‍ കേന്ദ്രം ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ആര്‍.പി സിങ് വ്യക്തമാക്കിയത്.
ദേശീയ പാത വികസനത്തിന് കേന്ദ്രം നിര്‍ദേശിച്ച വീതി 60 മീറ്ററാണ്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ ഇത് 45 മീറ്റര്‍ വരെയാക്കി പരിമിതപ്പെടുത്താമെന്നതാണ് കേന്ദ്ര നിലപാട്. കേന്ദ്ര ഫണ്ടുപയോഗിച്ചാലും സ്വകാര്യ ഫണ്ടിനെ ആശ്രയിച്ചാലും ദേശീയ പാത നാല് വരിയാക്കുകയാണെങ്കില്‍ ചുങ്കം പിരിക്കണമെന്നത് സര്‍ക്കാര്‍ നയമാണ്. അതിനാല്‍ കേരളത്തിന്റെ രണ്ടു നിര്‍ദേശങ്ങളും തള്ളാതെ നിര്‍വാഹമില്ലെന്ന് മന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ ജോസ് കെ. മാണിയും ഈ ചോദ്യമുന്നയിച്ചു.
പി. കരുണാകരന്‍ ലോക്‌സഭയില്‍ ഉന്നയിച്ച മറ്റൊരു ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി മഹാദേവ് സിങ് ഖണ്ഡേല നല്‍കിയ മറുപടിയില്‍ ദേശീയ പാതയോരത്ത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. വിശ്രമ മുറികള്‍, റസ്റ്റാറന്റുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, സ്‌നാക്ക് ബാറുകള്‍, ചെറുകിട വ്യാപാര കിയോസ്‌ക്കുകള്‍ എന്നിവ സ്ഥാപിക്കാനാണ് ദേശീയ പാതയുടെ ഭൂമി പാട്ടത്തിന് നല്‍കുകയെന്നും മന്ത്രി തുടര്‍ന്നു.
ഹസനുല്‍ ബന്ന
ദേശീയപാത വികസനം: ഉത്തര കേരളത്തില്‍ പരാതിതീര്‍ക്കാന്‍ ആര്‍ബിട്രേറ്റര്‍
വടക്കന്‍ കേരളത്തില്‍ പാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് നേരത്തേ പൂര്‍ത്തിയായിരുന്നു. ഇവരില്‍ നഷ്ടപരിഹാരത്തെപ്പറ്റി ആക്ഷേപമുള്ളവരുടെ പരാതികള്‍ ആര്‍ബിട്രേറ്റര്‍ പരിശോധിച്ച് അര്‍ഹമായപക്ഷം അധികതുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.
ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പുതിയ പുനഃസ്ഥാപന പാക്കേജ് തീരുമാനിക്കാന്‍ ദേശീയപാത അതോറിറ്റി കേരള സര്‍ക്കാറിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെയും അതിലെ സ്ഥാവര വസ്തുക്കളുടെയും വിപണി വിലയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരമുള്‍പ്പെടെ കാര്യങ്ങള്‍ തീരുമാനിക്കുക.
ഓരോ സ്ഥലത്തും നിലവിലെ വിപണി വില, റവന്യു വകുപ്പ് നിശ്ചയിച്ച ഫെയര്‍ വാല്യു, ഭൂമി രജിസ്‌ട്രേഷന്‍ അടിസ്ഥാനമാക്കിയുള്ള ബേസിക് വാല്യു എന്നിവ പരിശോധിച്ചായിരിക്കും ഏറ്റെടുക്കപ്പെടുന്ന ഭൂമിയുടെ നഷ്ടപരിഹാരവും മറ്റും അന്തിമമായി തീരുമാനിക്കുക. ഒപ്പം പാതവികസനം മൂലം ജീവിതമാര്‍ഗം നഷ്ടമാകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പാതക്കായി സ്ഥലം ഏറ്റെടുക്കപ്പെട്ടശേഷം വളരെ കുറച്ച് ഭൂമി മാത്രം മിച്ചം വരുന്നവരുണ്ടെങ്കില്‍ പ്രസ്തുത ഭൂമി കൂടി പാക്കേജില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കും.
പുനരധിവാസ പാക്കേജിന് അന്തിമരൂപം നല്‍കുന്നതിന് പൊതുമരാമത്ത്, റവന്യു വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. യോഗത്തില്‍ പുനരധിവാസനയം രൂപവത്കരിച്ച് മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കും.