വി.എസ്. അച്യുതാനന്ദന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വി.എസ്. അച്യുതാനന്ദന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാനെ എതിര്‍ക്കും - വി.എസ്


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് എന്തായാലും എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെയും ഉല്‍പാദനത്തെയും കേരളം എതിര്‍ക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാംഗങ്ങള്‍ക്കുപുറമെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കലാ മേഖലകളിലെ പ്രശസ്തരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ദേശീയ ശ്രദ്ധയാര്‍ജിച്ച ഉപവാസം  രാവിലെ 10 മണിക്കാണ് ആരംഭിച്ചത്. മന്ത്രി സി. ദിവാകരന്‍ ചൊല്ലിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞയോടെ ആരംഭിച്ച ഉപവാസം വൈകുന്നേരം അഞ്ചു മണിയോടെ കവയിത്രി സുഗതകുമാരി നല്‍കിയ നാരങ്ങാനീര് കുടിച്ചാണ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്.
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ മാനിക്കാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്‍േറതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തെ എച്ച്.ഐ.എല്‍ 1500 ടണ്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിച്ച് വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത് നിയമവിരുദ്ധമായാണ്. അത് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടി സ്വീകരിച്ചില്ല.
ജനങ്ങളെ ദ്രോഹിക്കുന്നതില്‍ ഒരു ഉളുപ്പുമില്ലാത്ത ആളാണ് കേന്ദ്ര മന്ത്രി പവാര്‍- വി.എസ് പറഞ്ഞു. രാജ്യത്തെ 126 കോടി ജനങ്ങളുടെ ഐകകണ്‌ഠ്യേനയുള്ള ആവശ്യമാണ് എന്‍ഡോസള്‍ഫാന്‍ നിരോധമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. കേരള സമൂഹത്തിലെ എല്ലാവരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ പങ്കുചേരണമെന്ന്  ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. ജനാധിപത്യ രാഷ്ട്രത്തില്‍ ഭരണാധികാരികള്‍ ശരിയായ തീരുമാനം എടുത്തില്ലെങ്കില്‍ അത് വിരല്‍ചൂണ്ടി പറയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് സുഗതകുമാരി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധം കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഇന്ന് ഒഴുകുന്ന കണ്ണീര് നാളെ ചോരയായി ഒഴുകുമെന്ന താക്കീത് കൊടുക്കുന്ന പ്രതികരണം ഉണ്ടാവണമെന്ന് സിനിമാതാരം സുരേഷ് ഗോപി പറഞ്ഞു.




എന്‍ഡോസള്‍ഫാന്‍: താക്കീതായി ജനകീയ കൂട്ടായ്മ


എന്‍ഡോസള്‍ഫാന്‍: താക്കീതായി ജനകീയ കൂട്ടായ്മ
തിരുവനന്തപുരം: ഒരു ജനതയുടെയും അവിടത്തെ പരിസ്ഥിതിയുടെയും അന്ത്യംകുറിക്കുന്ന മാരക രാസവിഷത്തിന് എതിരെ രാഷ്ട്രീയ, മത, ജാതി, വര്‍ഗ ഭേദങ്ങള്‍ മറന്ന് ജനം ഒന്നിച്ചപ്പോള്‍ അത് തെറ്റായ നയങ്ങള്‍ക്കെതിരായ താക്കീതായി. എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് നടന്ന കൂട്ട ഉപവാസമാണ് ഒരു ജനതയുടെ ആത്മരോഷത്തിന്റെ വേദിയായി മാറിയത്.
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന് എതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉപവാസം നടന്ന പാളയം രക്തസാക്ഷി മണ്ഡപം ജനകീയ പ്രതിഷേധത്തിന്റെ വേദിയായതോടെ ജനം ഒഴുകിയെത്തുകയായിരുന്നു. രാവിലെ 10 മണിക്ക് ഉപവാസ സമരത്തിനായി മുഖ്യമന്ത്രി എത്തുംമുമ്പുതന്നെ വേദിയും പരിസരവും ജനങ്ങള്‍ 'കൈയടക്കി' കഴിഞ്ഞിരുന്നു. ഉദ്ഘാടന ശേഷം  ഒരു മണിക്കൂര്‍ കഴിഞ്ഞ് കുറച്ചുനേരം കട്ടിലില്‍ കിടന്നതൊഴിച്ചാല്‍ ഉപവാസം കഴിയുന്ന അഞ്ച് മണിവരെയും വി.എസ് സജീവമായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ വിട്ടുനിന്നതൊഴിച്ചാല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ള പ്രമുഖരടക്കം കേരളത്തിന്റെ ആശങ്കയില്‍ പങ്കുചേര്‍ന്നത് ശ്രദ്ധേയമായി.  കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഓരോ വിഭാഗം ജനങ്ങളും പ്രതികരണം അറിയിക്കുമ്പോള്‍ ദൃശ്യ, പത്ര മാധ്യമങ്ങള്‍ ഇമവെട്ടാതെ അവ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഒപ്പം സ്വതന്ത്ര സോഫ്ട്‌വേര്‍ സംഘടനയായ 'സ്‌പേസി'ന്റെ നേതൃത്വത്തില്‍ ഉപവാസ സമരം തുടര്‍ച്ചയായി ഇന്റര്‍നെറ്റ് വഴി പുറംലോകങ്ങളിലേക്ക് സംപ്രേഷണവും ചെയ്തു. സ്‌റ്റോക്ക് ഹോം കണവെന്‍ഷന്‍ വേദിക്ക് പുറത്ത് സമരം ഇതുവഴി തല്‍സമയം സംപ്രേഷണം നടത്തുകയും ചെയ്തു.
ഉപവാസം ആദ്യ മണിക്കൂര്‍ പിന്നിട്ടതോടെ യുവജന, സര്‍വീസ് മേഖല, സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും സംഘടനകള്‍ അഭിവാദ്യം അര്‍പ്പിക്കാനായി എത്തുകയായിരുന്നു. ഇതാകട്ടെ ഉപവാസം അവസാനിക്കുന്നതിന് തൊട്ടുമുമ്പുവരെ തുടരുകയും ചെയ്തു.
 മുസ്‌ലിം ലീഗിന്റെ യുവജന സംഘടനയായ എം.എസ്.എഫിന്റെയും ശരത് പവാറിന്റെ പാര്‍ട്ടിയായ എന്‍.സി.പിയുടെയും പ്രതിനിധികള്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത് എന്‍ഡോസള്‍ഫാന്‍ വിഷയം കേരള സമൂഹം എത്ര ഗൗരവമായി കാണുന്നുവെന്നതിന്റെ തെളിവുമായി. മീനമാസത്തിന്റെ കൊടുംചൂടിനെ വകവെക്കാതെ പല നഗരവാസികളും കുടുംബത്തോടൊപ്പം സമരഭൂമിയില്‍ എത്തിയാണ് തങ്ങളുടെ പങ്കാളിത്തം പ്രകടിപ്പിച്ചത്. രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വവും ചലച്ചിത്ര രംഗത്തുള്ളവരും മുതല്‍ അംഗവൈകല്യം സംഭവിച്ചവര്‍ സമരത്തിനും സമരനായകനും അഭിവാദം അര്‍പ്പിക്കാന്‍ എത്തിയതോടെ സമരവേദി സമൂഹത്തിന്റെ പരിച്‌ഛേദമായി മാറി.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം. വിജയകുമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍, ആര്‍.എസ്.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍, സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള, ഒ. രാജഗോപാല്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സുഗതകുമാരി, ചലച്ചിത്രതാരം സുരേഷ് ഗോപി, ലെനിന്‍ രാജേന്ദ്രന്‍, കെ.പി. ഉദയഭാനു, കാനായി കുഞ്ഞിരാമന്‍, പന്ന്യന്‍ രവീന്ദന്‍, പാളയം ഇമാം ജമാലുദീന്‍ മങ്കട, മാര്‍ ബസേലിയോസ് കിമ്മീസ് ബാവ, ഗീവര്‍ഗീസ് മാര്‍ കുറിലോസ്, ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, സ്വാമി സന്ദീപ് ചൈതന്യ, വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, അംബികാസുതന്‍ മങ്ങാട് തുടങ്ങി അനേകംപേരാണ് ഉപവാസ സമരത്തില്‍ പങ്കെടുത്തത്.