2011, നവംബർ 28, തിങ്കളാഴ്‌ച

ഈജിപ്‌ത്‌ മര്‍ദക ഭരണത്തെ വിറപ്പിച്ച്‌ മില്യന്‍ മാര്‍ച്ച്‌


സ്റാഫ് ലേഖകന്‍/ പ്രബോധനം
ഇതെഴുതുമ്പോള്‍ ഈജിപ്‌തിന്റെ രാഷ്‌ട്രീയ ഭാവി തീര്‍ത്തും അനിശ്ചിതമാണ്‌. ഭരണം വിട്ടുകൊടുക്കില്ലെന്ന ശാഠ്യത്തിലാണ്‌ മുപ്പത്‌ കൊല്ലമായി ഈജിപ്‌ത്‌ അടക്കി വാഴുന്ന ഹുസ്‌നി മുബാറക്‌. ഈ ആധുനിക ഫറോവയുടെ മുഷ്‌കിനെതിരെ പത്ത്‌ ലക്ഷത്തിലധികം പ്രക്ഷോഭകരാണ്‌ ഈജിപ്‌ഷ്യന്‍ തലസ്ഥാന നഗരിയായ കയ്‌റോവിലെ തഹ്‌രീര്‍ മൈതാനത്ത്‌ ഒഴുകിയെത്തിയത്‌. രണ്ടാഴ്‌ചയായി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ജനസഞ്ചയത്തിനാണ്‌ തഹ്‌രീര്‍ മൈതാനം സാക്ഷിയായത്‌.
കയ്‌റോയിലും രണ്ടാമത്തെ പ്രധാന നഗരിയായ അലക്‌സാണ്ട്രിയയിലും നടന്ന മില്യന്‍ മാര്‍ച്ച്‌ തടയാന്‍ സകല വൃത്തികെട്ട അടവുകളും മുബാറകിന്റെ ഭരണകൂടം പുറത്തെടുത്തു. ഫോണ്‍ ബന്ധങ്ങള്‍ വിഛേദിച്ചു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളായ ഫേസ്‌ബുക്കിനും ട്വിറ്ററിനും നിരോധമേര്‍പ്പെടുത്തി. എല്ലാ ട്രെയ്‌നുകളും റദ്ദാക്കി. പരസ്‌പരം ബന്ധപ്പെടാനോ ആശയം കൈമാറാനോ പറ്റാത്ത വിധം സ്വേഛാധിപത്യത്തിന്റെ നീരാളിക്കൈകള്‍ അവരെ വരിഞ്ഞുമുറുക്കി. കലാപം നടക്കുമെന്നും ആരും പുറത്തിറങ്ങരുതെന്നും വീട്‌ വീടാന്തരം കയറി ഭീഷണിപ്പെടുത്തി. സൈന്യത്തെയും പ്രക്ഷോഭകരെയും തമ്മിലടിപ്പിക്കാന്‍ ആയുധധാരികളായ രഹസ്യപ്പോലീസുകാരെ പ്രക്ഷോഭകര്‍ക്കിടയിലേക്ക്‌ കയറൂരി വിട്ടു. അവരെ പ്രക്ഷോഭകര്‍ തന്നെ കൈയോടെ പിടികൂടി സൈന്യത്തെ ഏല്‍പിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈ തടസ്സങ്ങളെല്ലാം മറികടന്നാണ്‌ ജനം കയ്‌റോയിലും അലക്‌സാണ്ട്രിയയിലും ഇരമ്പിയെത്തിയത്‌. കോപ്‌റ്റ്‌ പുരോഹിതന്മാര്‍ അവരുടെ മതകീയ വസ്‌ത്രങ്ങളണിഞ്ഞ്‌ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നത്‌ പ്രക്ഷോഭത്തിന്‌ എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടെന്ന്‌ തെളിയിക്കുന്നു.
ടാങ്കുകളുമായി പട്ടാളം തെരുവുകളിലുണ്ടെങ്കിലും അവര്‍ ജനാഭിലാഷത്തോടൊപ്പം നില്‍ക്കുന്നു എന്നാണ്‌ വ്യക്തമാവുന്നത്‌. തടസ്സങ്ങള്‍ മാറ്റി മില്യന്‍ മാര്‍ച്ചില്‍ അണിനിരക്കാന്‍ അവര്‍ പ്രക്ഷോഭകര്‍ക്ക്‌ പലയിടത്തും സൗകര്യമൊരുക്കുകയും ചെയ്‌തു. ഫലത്തില്‍ പോലീസിന്റെ നിയന്ത്രണം മാത്രമേ മുബാറകിന്റെ കൈയിലുള്ളൂ; അതും ഭാഗികമായി. ഭരണമാറ്റത്തിന്റെ ശുഭസൂചനയാണിത്‌. താന്‍ പട്ടാള നേതൃത്വവുമായി മാത്രമേ ഭരണമാറ്റം ചര്‍ച്ച ചെയ്യുകയുള്ളൂവെന്ന പ്രതിപക്ഷ നേതാക്കളില്‍ പ്രമുഖനായ മുഹമ്മദ്‌ ബറാദഇയുടെ പ്രസ്‌താവന മുബാറകിന്റെ പലായനം ആസന്നമാണെന്ന്‌ തെളിയിക്കുന്നു. പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ മുബാറക്‌ തന്റെ ഡെപ്യൂട്ടിയായ ഉമര്‍ സുലൈമാനെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇഖ്‌വാനുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബറാദഇയുടെ നിലപാടിന്‌ പിന്തുണ പ്രഖ്യാപിക്കുകയാണ്‌ ചെയ്‌തത്‌. മുബാറകിനെ പുറത്താക്കി ഭരണം ഒരു ഇടക്കാല ദേശീയ ഗവണ്‍മെന്റിന്‌ കൈമാറുന്നതിനെക്കുറിച്ചാവും ബറാദഇ സൈന്യവുമായി ചര്‍ച്ച നടത്തുക. ഭരണഘടനയിലെ ജനാധിപത്യ വിരുദ്ധമായ 67,77 പോലുള്ള വകുപ്പുകള്‍ ഭേദഗതി ചെയ്‌ത്‌ സംശുദ്ധമായ പ്രസിഡന്റ്‌-പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകള്‍ക്ക്‌ വഴിയൊരുക്കുക എന്നതായിരിക്കും ഇടക്കാല ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. മുഖ്യപ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം സ്വീകാര്യമായ ഫോര്‍മുലയാണിത്‌.

അമേരിക്കന്‍-യൂറോപ്യന്‍ നിലപാട്‌
പുറമേക്ക്‌ രാഷ്‌ട്രീയ മാറ്റം, പരിഷ്‌കരണം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഏത്‌ വിധേനയും മുബാറകിനെ നിലനിര്‍ത്താനാവുമോ എന്നാണ്‌ യൂറോപ്പും അമേരിക്കയും തലപുകയ്‌ക്കുന്നത്‌. ഭരണം മാറിക്കഴിഞ്ഞാല്‍ അധികാരം ആരുടെ കൈകളിലെത്തുമെന്നതിനെക്കുറിച്ച്‌ അവര്‍ക്ക്‌ യാതൊരു നിശ്ചയവുമില്ല. മുബാറക്‌ പിടിച്ചു തൂങ്ങുന്നത്‌ ഈ അവസാന പിടിവള്ളിയിലാണ്‌. ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ഇനി മുബാറകിന്‌ മാറേണ്ടിവന്നാല്‍ അയാളേക്കാള്‍ ഭീകരനായ ഒരുത്തനാവണം പകരം വരേണ്ടത്‌ എന്ന കാര്യത്തില്‍ അമേരിക്കക്ക്‌ നിര്‍ബന്ധമുണ്ട്‌. അതിന്റെ ഭാഗമായാണ്‌ അമേരിക്കയുടെ തിട്ടൂര പ്രകാരം ഉമര്‍ സുലൈമാനെ വൈസ്‌ പ്രസിഡന്റായി നിശ്ചയിച്ചത്‌. ഈ ഉമര്‍ സുലൈമാന്‍ അമേരിക്കയുടെ സ്വന്തം ആളാണ്‌. ഈജിപ്‌തിലെ മുന്‍ രഹസ്യപ്പോലീസ്‌ തലവന്‍. സി.ഐ.എയുടെ സഹായത്തോടെ രാഷ്‌ട്രീയത്തടവുകാരെ ഇയാള്‍ ഭീകരരായി പീഡിപ്പിച്ചതിന്റെ കഥകള്‍ പുറത്ത്‌ വന്നിട്ടുണ്ട്‌. ഫലസ്‌ത്വീന്‍ ചര്‍ച്ചകള്‍ ഇസ്രയേലിനനുകൂലമായി മാറ്റിയെടുക്കുന്നതിലും ഇയാള്‍ പ്രധാന പങ്ക്‌ വഹിക്കുകയുണ്ടായി.

യഥാര്‍ഥ പ്രശ്‌നം ഇസ്രയേലിന്റെ നിലനില്‍പ്‌
മധ്യപൗരസ്‌ത്യ ദേശത്തെ ഏത്‌ പ്രശ്‌നത്തിലും അമേരിക്കയുടെ നിലപാട്‌ നിശ്ചയിക്കുന്നത്‌ ഇസ്രയേലിന്റെ നിലനില്‍പും സുരക്ഷയുമാണ്‌. ഇതിന്‌ വേണ്ടിയാണ്‌ ഇറാഖില്‍ അധിനിവേശം നടത്തിയത്‌; ഇപ്പോള്‍ ആണവ ഫയല്‍ തുറന്നു പിടിച്ച്‌ ഇറാനെ ആക്രമിക്കുമെന്ന്‌ ഭീഷണി മുഴക്കുന്നതും. വന്‍ സാമ്പത്തിക സഹായം നല്‍കി മുബാറകിനെ ഇത്രയും കാലം അമേരിക്ക പോറ്റിയതും ഇസ്രയേലിനെ വിചാരിച്ചു തന്നെ. എന്തൊക്കെ സംഭവിച്ചാലും ഇനിയങ്ങോട്ടുള്ള നയവും ഇസ്രയേലിനെ കേന്ദ്ര സ്ഥാനത്ത്‌ നിര്‍ത്തിക്കൊണ്ടുള്ളതായിരിക്കും. ഇസ്‌ലാമിസ്റ്റുകളെ ഒരു കാരണവശാലും അധികാരത്തിലേറാന്‍ സമ്മതിക്കില്ല എന്ന അമേരിക്കയുടെ ഉറച്ച നിലപാട്‌ സയണിസത്തോടുള്ള ഈ കടപ്പാടില്‍നിന്ന്‌ രൂപം കൊണ്ടതാണ്‌.

ഇഖ്‌വാന്‍ പ്രക്ഷോഭകര്‍ക്കൊപ്പം
തുനീഷ്യയുടെ ചുവട്‌ പിടിച്ച്‌ ഈജിപ്‌തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന്റെ രണ്ടാം ദിനം തന്നെ ഈജിപ്‌തിലെ ഏറ്റവും വലിയ പ്രതിപക്ഷമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേരാന്‍ ഔദ്യോഗികമായി തന്നെ ആഹ്വാനം ചെയ്‌തിരുന്നു. താമസിയാതെ മറ്റു പ്രതിപക്ഷ കക്ഷികളും ഭിന്നതകള്‍ മറന്ന്‌ രണഭൂമിയിലിറങ്ങി. `ഏപ്രില്‍ 6 യൂത്ത്‌' എന്ന കൃത്യമായ സംഘടനാ സ്വഭാവമില്ലാത്ത കൂട്ടായ്‌മയാണ്‌ പ്രക്ഷോഭം തുടങ്ങിയത്‌. ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകള്‍ മുതലെടുത്തുകൊണ്ട്‌ സമരസന്ദേശം വളരെ പെട്ടെന്ന്‌ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലെത്തിക്കാന്‍ അവര്‍ക്ക്‌ സാധിച്ചു. സ്വാതന്ത്ര്യ നിഷേധത്തിനും തൊഴിലില്ലായ്‌മക്കുമെതിരെ ഈജിപ്‌തില്‍ നടന്ന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ 2008 ഏപ്രില്‍ 6-നാണ്‌ അത്‌ നിലവില്‍ വന്നത്‌. അസംതൃപ്‌തരായ ചെറുപ്പക്കാരുടെയും വിദ്യാര്‍ഥികളുടെയും കേവല കൂട്ടായ്‌മ മാത്രമാണിത്‌. കൃത്യമായ ആദര്‍ശമോ നയനിലപാടുകളോ അവര്‍ക്കില്ല. പല തരക്കാരുള്ള അത്തരമൊരു സംഘം നയിക്കുന്ന സമരങ്ങള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത കൂടുതലായിരുന്നു. ഇഖ്‌വാനെപ്പോലുള്ള ആദര്‍ശ പ്രസ്ഥാനങ്ങളും പാരമ്പര്യമുള്ള മറ്റു രാഷ്‌ട്രീയ ധാരകളും രംഗത്തിറങ്ങിയതോടെ സമരത്തിന്‌ ദിശാബോധവും അച്ചടക്കവും കൈവന്നു.
ഈജിപ്‌തിലെ ഇഖ്‌വാന്‍ ഉപാധ്യക്ഷന്‍ ഡോ. മഹ്‌മൂദ്‌ ഇസ്സത്ത്‌ നടത്തിയ പ്രസ്‌താവനയില്‍, തസ്‌കര സംഘങ്ങളും മിലീഷ്യകളും പൊതുമുതലുകള്‍ കൊള്ളയടിക്കുന്നതും നിര്‍ബാധം അഴിഞ്ഞാടുന്നതും എന്തു വില കൊടുത്തും തടയണമെന്ന്‌ ആഹ്വാനം ചെയ്‌തിരുന്നു. ഇത്തരം അതിക്രമങ്ങള്‍ ഈ ചരിത്ര മുന്നേറ്റത്തെ കളങ്കപ്പെടുത്തും. പ്രക്ഷോഭങ്ങള്‍ വഴിതെറ്റാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പാര്‍ട്ടി ഉടനടി സ്വീകരിച്ചു. അവ സമാധാനപരമായിരിക്കാന്‍ മറ്റുള്ള പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന്‌ ഓരോ പ്രദേശത്തും കമ്മിറ്റികള്‍ രൂപവത്‌കരിച്ചു. സ്വകാര്യ -പൊതുസ്ഥാപനങ്ങള്‍ക്ക്‌ കാവല്‍ ഏര്‍പ്പെടുത്തി. സ്ഥാപനങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജനജീവിതം തടസ്സപ്പെടുന്നില്ലെന്നും ഉറപ്പ്‌ വരുത്തി. എന്തുകൊണ്ടും ഭരണമാറ്റത്തിനുള്ള സുവര്‍ണാവസരമാണ്‌ ഈജിപ്‌ഷ്യന്‍ ജനതക്ക്‌ കൈവന്നിരിക്കുന്നത്‌. സയണിസ്റ്റ്‌-അമേരിക്കന്‍ കുതന്ത്രങ്ങളെ അതിജയിക്കാന്‍ ഈ ജനകീയ മുന്നേറ്റത്തിനു കഴിയുമോ? ദിവസങ്ങള്‍ക്കകം അറിയാം ഉത്തരം.
(2.2.2011

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ