2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന് ആഗോള നിരോധനം


Posted on: 29 Apr 2011



ജനീവ: വിഷവര്‍ഷത്തിലൂടെ ജനങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ആഗോളനിരോധനം. സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഇളവുകളോടെയാണ് നിരോധനം. എതിര്‍പ്പുകളില്ലാതെയാണ് കീടനാശിനി നിരോധിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചതെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന സ്വതന്ത്ര പ്രതിനിധി സി. ജയകുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. 

നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെയുണ്ടാകുന്ന അധിക ചിലവ് വഹിക്കുന്നതിന് ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു. 

ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് പല കൃഷികളെയും ബാധിക്കുമെന്ന വാദഗതിയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി സമവായം കണ്ടെത്താനും സമ്മേളനം തീരുമാനിച്ചു.

എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ സമവായത്തിലെത്തുന്നതിന് ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച ഒരു വിഭാഗം രാജ്യങ്ങള്‍ നിരോധനം സംബന്ധിച്ച കരടുരേഖ വ്യാഴാഴ്ച തയ്യാറാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടു തുടങ്ങിയ പ്ലീനറിസമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെടുന്ന ഭേദഗതികളോടെ വെള്ളിയാഴ്ച രേഖയ്ക്ക് അന്തിമരൂപം നല്‍കിയ ശേഷമാണ് അംഗീകാരം നല്‍കിയത്.സ്റ്റോക്‌ഹോം ഉടമ്പടിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ സമിതി കഴിഞ്ഞവര്‍ഷം എന്‍ഡോസള്‍ഫാനെ മാരക കീടനാശിനികളുടെ പട്ടികയിലുള്‍പ്പെടുത്താന്‍ തീരുമാനമാനിച്ചതിന്റെയും അതിന് ആഗോളവ്യാപകമായി നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രത്യേക ഇളവുകളോടെ നിരോധനം കൊണ്ടുവരുന്നതെന്ന് കരടുരേഖയില്‍ പറഞ്ഞിരുന്നു. 

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന സാഹചര്യത്തില്‍ ബദല്‍മാര്‍ഗങ്ങള്‍ നിലവില്‍ വരുന്നത് വരെ വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സമ്മേളനത്തില്‍ ധാരണയായിട്ടുണ്ട്. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് പല കൃഷികളെയും ബാധിക്കുമെന്ന വാദഗതിയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി സമവായം കണ്ടെത്താന്‍ സമ്മേളനം തീരുമാനിച്ചത്‌


മനുഷ്യര്‍ തന്നെ പരീക്ഷണ മൃഗങ്ങള്‍!


എന്‍ഡോസള്‍ഫാന്‍ കീടനാശിനി ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയാകാന്‍ പ്രധാന കാരണം പല രാജ്യങ്ങളും ഇത് നിരോധിക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധത്തിന് ആവശ്യപ്പെടുകയും ചെയ്തതാണ്.
ആത്മഹത്യക്കും മറ്റുമായി  ഉയര്‍ന്ന അളവില്‍  എന്‍ഡോസള്‍ഫാന്‍ കഴിക്കുന്നവര്‍ക്ക് തീവ്ര വിഷബാധ (Acute toxicity) ഉണ്ടാകുമെന്ന് മെഡിക്കല്‍ സയന്‍സിന് അറിവുള്ള കാര്യമാണ്. എന്നാല്‍, നിരവധി കാലംകൊണ്ട് ചെറിയ തോതിലുള്ള ഡോസ് മനുഷ്യശരീരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമോ എന്നത് അടുത്തകാലംവരെ ഊഹം മാത്രമായിരുന്നു.  ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കാമെന്ന് പരീക്ഷണ മൃഗങ്ങളില്‍ കാണുകയും ഇത് മനുഷ്യരിലും ബാധകമാകാമോ എന്ന സംശയംമൂലം ഈ കീടനാശിനി നിരോധിക്കുകയാണ് അഭികാമ്യമെന്ന ചിന്താഗതി രൂപപ്പെടുകയുമാണുണ്ടായത്. എന്നാല്‍, ഇന്ത്യയില്‍ -കൃത്യമായി പറഞ്ഞാല്‍ കാസര്‍കോട്ടെ ഗ്രാമങ്ങളില്‍- മനുഷ്യര്‍തന്നെ പരീക്ഷണ മൃഗങ്ങളാകുന്ന സ്ഥിതിയാണ് കണ്ടത്. ഇവിടെ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് എന്‍ഡോസള്‍ഫാന്റെ കുറഞ്ഞ അളവിലുള്ള ഉപയോഗംപോലും മനുഷ്യരില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ (endocrine disruption) ഉണ്ടാക്കാമെന്നതാണ്.
പല ഗ്രന്ഥികളുടെയും ഹോര്‍മോണ്‍ ഉല്‍പാദനത്തെ ഇത് സാരമായി ബാധിക്കുകയും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥക്ക്  കാരണമാകുകയും ചെയ്യും.  വന്ധ്യതക്കും ഗര്‍ഭധാരണത്തിനും ഭ്രൂണാവസ്ഥക്കും ഗര്‍ഭസ്ഥ ശിശുവിനും ഇത് സാരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൗമാരപ്രായക്കാരില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന്റെ ഫലമായുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങളെയും കീടനാശിനി ദോഷകരമായി ബാധിക്കും. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഭീതിയാണ് യൂറോപ്യന്‍ രാജ്യങ്ങളെ ഇതിനെതിരെ രംഗത്തുകൊണ്ടുവരാനും നിരോധത്തിന് ആവശ്യമുന്നയിക്കാനും  പ്രേരിപ്പിച്ചത്. ഈ രാജ്യങ്ങളിലൊന്നും നേരിട്ടുള്ള തെളിവുകളോ സാക്ഷ്യങ്ങളോ ഇതിനില്ല. എന്നിട്ടും ഭാവിയില്‍ കീടനാശിനിമൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെപ്പറ്റിയുള്ള ആശങ്കയില്‍ നിന്ന് അവര്‍ നടപടിക്ക് തയാറാകുന്നു. എന്നാല്‍, നമ്മുടെ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതത്തിനും പ്രശ്‌നങ്ങള്‍ക്കും വ്യക്തമായ തെളിവുകളുണ്ട്. വര്‍ഷങ്ങളോളം വന്‍തോതില്‍ തുടര്‍ച്ചയായി തളിച്ചതുമൂലം കുടിവെള്ളത്തില്‍ കലര്‍ന്നും മറ്റുമാണ് ദുരന്തമുണ്ടാവുന്നത്.
രണ്ടായിരാമാണ്ടില്‍ സര്‍ക്കാര്‍ നിയോഗിച്ച അച്ചുതന്‍ കമ്മിറ്റി ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തതാണ്. കൃത്യമായ കണക്കെടുപ്പ് നടത്താനായില്ലെങ്കിലും കീടനാശിനിയുടെ ഉപയോഗം മാരക ദോഷ ഫലങ്ങളുണ്ടാക്കിയെന്ന് ഇവര്‍ കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിക്കണമെന്നും കാസര്‍കോട് ഇനി ഒരു കീടനാശിനിയും ഉപയോഗിക്കരുതെന്നും  എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെപ്പറ്റി വിശദമായ പഠനം നടത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
തുടര്‍ന്ന് പഠനം നടത്തിയ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്  (ഐ.സി.എം.ആര്‍) കീഴിലുള്ള അഹ്മദാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷനല്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്) ദുരന്തം കൃത്യമായി കണ്ടെത്തി. കീടനാശിനി തളിച്ച പ്രദേശവും തളിക്കാത്ത പ്രദേശവും തമ്മില്‍ താരതമ്യ പഠനം നടത്തിയായിരുന്നു ഇത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെപ്പറ്റി പഠിച്ച് ഇവര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിനെപ്പറ്റി രണ്ട് ആധികാരിക ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍  ലേഖനങ്ങള്‍ വന്നു.
വസ്തുനിഷ്ഠമായ പഠനങ്ങള്‍മാത്രം ഉള്‍കൊള്ളിക്കുന്ന എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് പെസ്‌പെക്റ്റീവ് എന്ന പ്രസിദ്ധീകരണത്തില്‍ 2003 ഡിസംബറില്‍ ഇത് പ്രസിദ്ധീകരിച്ചു. എന്നിട്ടും ഇനിയും ഒരു പഠനം വേണമെന്ന കൃഷിമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പരാമര്‍ശങ്ങള്‍ തീര്‍ത്തും ബാലിശമാണ്. എന്തുകൊണ്ട് ഈ ആധികാരിക പഠനങ്ങള്‍ സ്വീകരിക്കാനാവില്ലെന്നും  പഠനങ്ങളുടെ ന്യൂനത എന്താണെന്നും പറയാന്‍ പുനര്‍ പഠനത്തിന് ആവശ്യപ്പെടുന്നവര്‍ക്ക് ബാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദുബെ കമ്മിറ്റിയാണ് മുന്‍ പഠനങ്ങള്‍ തെറ്റാണെന്ന് വാദിച്ചത്. വിദഗ്ധ ശാസ്ത്രജ്ഞരും ഉന്നത യോഗ്യതയുള്ളവരും അടങ്ങുന്ന എന്‍.ഐ.ഒ.എച്ചിന്റെ പഠനം തെറ്റാണെന്ന് വാദിക്കുന്ന ദുബെ കമ്മിറ്റിയില്‍ ശാസ്ത്രജ്ഞരോ ശാസ്ത്രീയ പഠനങ്ങള്‍ നടത്താന്‍ യോഗ്യതയുള്ളവരോ ഇല്ലെന്നതാണ് വാസ്തവം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനവും എന്‍.ഐ.ഒ.എച്ചിന്റെ പഠനത്തെ സാധൂകരിക്കുന്നതാണ്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഭീതിയില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടെടുക്കുമ്പോള്‍ നമ്മുടെ രാജ്യം വ്യക്തമായ തെളിവുകളും പഠനവും ഉണ്ടായിട്ടുപോലും വിഷത്തിനനുകൂലമാവുകയാണ്. കീടനാശിനി കമ്പനികളുമായുള്ള അവിഹിത ബന്ധവും അഴിമതിയുമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ഏതൊരു രാജ്യത്തോടും കിടപിടിക്കുന്ന  ഏറ്റവും പുതിയ  രാസവസ്തുക്കളും കീടനാശിനിയും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യ ഈയൊരു മാരക കീടനാശിനിയില്‍നിന്ന് മാറാന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ അതിന് ഇതല്ലാതെ മറ്റൊരു കാരണം കണ്ടെത്താനാകില്ല.
ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഈ പ്രതിഷേധം എന്‍ഡോസള്‍ഫാന്‍ നിരോധം മാത്രം കേന്ദ്രീകരിച്ചാണ്. ഇനി ഈ കീടനാശിനി നിരോധിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല. കാരണം അപ്പോഴും ചില ചോദ്യങ്ങള്‍ ശേഷിക്കും. കാസര്‍കോട് ഇത്തരമൊരു മാരക കീടനാശിനി തളിക്കാനുണ്ടായ സാഹചര്യമെന്ത്? ഇതിന് അനുമതി നല്‍കിയതാര്? എന്ത് അടിസ്ഥാനത്തിലാണ് ആകാശം വഴി ഇത് തളിക്കാന്‍ അനുമതി നല്‍കിയത്? എന്തെങ്കിലും മുന്‍കരുതല്‍ ഇതിന് എടുത്തിരുന്നോ? ഇതിന്റെ ഉത്തരവാദികള്‍ ആര്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ദുബെ കമ്മിറ്റിയെപ്പറ്റിയും അന്വേഷിക്കേണ്ടതുണ്ട്. ഇനിയും ഇത്തരം തെറ്റുകളും ദുരന്തങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരമൊരു അന്വേഷണം അത്യന്താപേക്ഷിതമാണ്.
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മുന്‍ പ്രസിഡന്റാണ് ലേഖകന്‍)




എന്‍ഡോസള്‍ഫാന്‍ ്രപയോഗം നരഹത്യ


എന്‍ഡോസള്‍ഫാന്‍ ്രപയോഗം നരഹത്യ
ജനാധിപത്യമെന്നതിന് ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണം എന്നാണ് നിര്‍വചനമെന്നത്രെ പ്രമാണം. ഇവിടെയിപ്പോള്‍ അങ്ങനെ അല്ല എന്നു വരുന്നു. ദേശദ്രോഹികളും ജനദ്രോഹികളുമായ ഏതാനും കഴുകന്മാര്‍ക്കു വേണ്ടി അവരുടെ സേവകരായ ചിലര്‍ ജനങ്ങളുടെ പേരില്‍ നടത്തുന്ന കപടനാടകം എന്നതായിരിക്കും ഇപ്പോള്‍ നിലവിലുള്ള സംവിധാനത്തിന് ചേര്‍ച്ചയുള്ള നിര്‍വചനം.

അനേകായിരം പേരുടെ മരണത്തിനും പതിനായിരക്കണക്കിനാളുകളുടെ അനാരോഗ്യത്തിനും കാരണമായ കൊടുംവിഷം നിരോധിക്കാന്‍ കൂട്ടാക്കാത്തത് ധാര്‍ഷ്ട്യവും ധിക്കാരവുമല്ലെങ്കില്‍ മറ്റെന്താണ്? മനുഷ്യരായ മനുഷ്യരൊക്കെ ഈ നിരോധം ആവശ്യപ്പെടുമ്പോഴും ഭരിക്കുന്നവര്‍ നാണമോ നെറിവോ ഇല്ലാതെ മഹാമാരണം നിരോധിക്കേണ്ടതില്ലെന്ന് രാഷ്ട്രാന്തരീയയോഗത്തില്‍ ശാഠ്യം പിടിക്കുന്നു!
അല്‍പം സയന്‍സ് പഠിച്ച ആര്‍ക്കും ബുദ്ധികൊണ്ടറിയാവുന്നതും ഒരു സയന്‍സും പഠിക്കാത്ത പതിനായിരങ്ങള്‍ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുന്നതുമായ പരമസത്യം പുല്ലുപോലെ കണക്കാക്കപ്പെടുകയാണ്. അതും, ജനക്ഷേമം നയമായി പ്രഖ്യാപിച്ച് വാങ്ങിയ വോട്ടിന്റെ ബലത്തില്‍ അധികാരത്തില്‍ വന്നവര്‍. വിശ്വാസവഞ്ചന എന്നല്ലാതെ ഈ കുറ്റകൃത്യത്തെ എന്തു വിളിക്കാന്‍?
ജീവനെ ഹനിക്കുന്ന വന്‍തന്മാത്രകള്‍ കീടനാശിനികളായും ഭക്ഷണവസ്തുക്കള്‍ കേടുവരാതെ സൂക്ഷിക്കാനുള്ള ചേരുവകളായും ഉപയോഗിക്കുന്നത് മിക്ക നാടുകളും നിരോധിച്ചുകഴിഞ്ഞു. മാലിന്യങ്ങളെ വിഘടിച്ച് പുറന്തള്ളാന്‍ ശരീരത്തിനുള്ള അനേകം ഉപാധികളില്‍ ഒന്നുകൊണ്ടും കൈകാര്യം ചെയ്യാനാവാത്ത രാസപദാര്‍ഥങ്ങളാണിവ. കരള്‍ മുതലായ ആന്തരികാവയവങ്ങളില്‍ ഇവ അടിഞ്ഞു കൂടുന്നു. അപചയക്രിയയെ പ്രതികൂലമായി ബാധിക്കുന്നു. അചിരേണ മരണത്തിലേക്ക് നയിക്കുന്നു.
ഇവയില്‍ ചിലതിന് ഇതിലേറെയും അപകടസ്വഭാവമുണ്ട്. ശരീരത്തിന് അടിസ്ഥാനമായുള്ള ജനിതകസൂത്രവാക്യത്തില്‍ ഇവ കയറിപ്പറ്റി ഭേദഗതികള്‍ അവതരിപ്പിക്കുന്നു. അങ്ങനെ തീരാവൈകല്യവും മാറാരോഗങ്ങളുമായി കുട്ടികള്‍ ജനിക്കുകയും വൈകൃതങ്ങള്‍ തലമുറകളിലേക്ക് നീളുകയും ചെയ്യുന്നു. ഇതൊക്കെ ശാസ്ത്രീയമായി തെളിഞ്ഞതാണ്.
നൂറോളം നാടുകള്‍ തീര്‍ത്തും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ ഇത്തരമൊരു വന്‍തന്മാത്രയാണ്. ഇതില്ലെങ്കില്‍ കശുവണ്ടികൃഷി ഗുണംപിടിക്കില്ലെന്നാണ് കൃഷിമന്ത്രിയുടെ ന്യായവാദം. കശുവണ്ടിയില്ലെങ്കില്‍ വിദേശനാണ്യം കിട്ടുന്നത് കുറയും. നാടിന്റെ സാമ്പത്തികവളര്‍ച്ച മുരടിക്കും. ഈ മഹാമാരകമായ രാസവസ്തു കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് കശുവണ്ടി എങ്ങനെയാണ് ഉണ്ടായിരുന്നത് എന്ന സരളമായ ചോദ്യത്തിന് മഹാമന്ത്രി ഉത്തരം തരണം.
ഇനി അഥവാ അണ്ടിയുടെ ഉല്‍പാദനം അല്‍പം കുറഞ്ഞാലും മിണ്ടാപ്രാണികള്‍ക്കും അവരെക്കാള്‍ ആര്‍ത്തരായ മനുഷ്യര്‍ക്കും വേണ്ടി അത് സഹിച്ചുകൂടേ? അണ്ടിയോ മനുഷ്യരോ വലുത് എന്ന കാര്യംപോലും മഹാമന്ത്രിക്ക് അറിയില്ലെന്നോ?
ഈ സാഹചര്യത്തില്‍ ഉയരുന്ന ഒരേയൊരു ചോദ്യം അണ്ടിയുല്‍പാദകരായ കുത്തകത്തോട്ടക്കാരുടെയൊ എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരുടെയൊ എത്ര സംഭാവനയാണ് ബന്ധപ്പെട്ടവര്‍ കൈപ്പറ്റിയതെന്നാണ്. ആ തുകയുടെ വലിപ്പമല്ലാതെ മുട്ടാപ്പോക്കിന് മറ്റൊരു കാരണവും കാണാനില്ല.
ഇത്തരം ജനനേതാക്കളുടെ വായില്‍ ഈരണ്ടൗണ്‍സ് എന്‍ഡോസള്‍ഫാന്‍ ഒഴിച്ചുകൊടുത്ത് ബലമായി കുടിപ്പിക്കുകയേ ഇനി വഴിയുള്ളൂ എന്നു വരരുത്. പക്ഷേ, പൂച്ചക്ക് ആര് മണി കെട്ടും എന്നതുതന്നെയാണ് ഇവിടെയും പ്രശ്‌നം.
കക്ഷിരാഷ്ട്രീയത്തിലെ 'തന്‍കുഞ്ഞുപൊന്‍കുഞ്ഞുകളി'യില്‍ നടക്കുന്നത് പഴയ ഒരു നായര്‍തറവാട്ടിലെ കാരണവരുടെ വിധിയും വിധിന്യായവുമാണ്. അടുക്കളയില്‍ ഒളിച്ചു കടന്ന് തനിക്കു കഴിക്കാന്‍ വലിയ പാത്രത്തില്‍ ചോറു മോഷ്ടിച്ചെടുത്ത് കട്ടത്തൈരു കൂട്ടി കുഴക്കുന്ന പാവം മരുമകളെ കൈയോടെ പിടികൂടിയ കാരണവരോട് ആ പെണ്‍കൊടി തന്റെ കരണത്ത് പ്രഹരം വീഴുമ്മുമ്പ് പറഞ്ഞത്രെ, 'ഇത് അമ്മായീടെ കുട്ടിക്കാണ്, വല്യമ്മാമാ!'
'ആണോ?' കാരണവര്‍ അവളുടെ കഴുത്തിലെ പിടി വിട്ടു എന്നാണ് കഥ. 'ശരിയാണല്ലോ, ഒപ്പി വടിച്ചാല്‍ നെല്ലിക്കയോളമല്ലേ കാണൂ!'
എന്റെ പാര്‍ട്ടിക്കാരനാണ് ജനദ്രോഹകരമായി മോഷ്ടിച്ചതെങ്കില്‍ വെരി ഗുഡ്. അല്ലെങ്കില്‍ ആഹന്ത കഷ്ടം. രണ്ടും മോശമെന്നു പറയാന്‍ ജനം ഒറ്റക്കെട്ടായിട്ടു വേണ്ടേ? ജാതി-മത-കക്ഷി തിരിവുകളുള്ളതുകൊണ്ട് അത് സംഭവിക്കില്ലെന്ന് എല്ലാ പാര്‍ട്ടികള്‍ക്കുമറിയാം!
നാട്ടില്‍ കാളകൂടവിഷം വാരി വര്‍ഷിക്കുന്ന മഹാദ്രോഹികള്‍ക്കെതിരെപ്പോലും ഒന്നിക്കാന്‍ കക്ഷികള്‍ക്ക് കഴിയുന്നില്ല. കാരണം, ഈ ദ്രോഹികള്‍ ഏതെല്ലാമോ കക്ഷികളുടെ പൊന്‍കുഞ്ഞുങ്ങളാണ്. എന്നുവെച്ചാല്‍ ആ കക്ഷികള്‍ക്കു വേണ്ടി ഇവര്‍ പൊന്‍മുട്ടയിടുന്നു. അതിനാല്‍, ഇവര്‍ക്കെതിരെ എന്നല്ല ആ മഹാവിഷത്തിനെതിരെപ്പോലും തെളിവില്ലത്രെ!
നമ്മുടെ നാടിന്റെ മഹോന്നതഭരണാധികാരികളില്‍ ആദര്‍ശധീരരെന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരെങ്കിലും ഈ നാടകം കൂടുതല്‍ ദുരന്തപര്യവസായിയാകാതിരിക്കാന്‍ ഉടനെ ഇടപെടണം. അതിനു കഴിയില്ലെങ്കില്‍ മഹാത്മാഗാന്ധിയുടെ പേര്‍ ഇനിയൊരിക്കലും ഉച്ചരിക്കരുത്.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പ്രാഥമികമായ അവകാശമാണ് ജീവിച്ചിരിക്കാനുള്ള പൗരാവകാശം. ആരെയെങ്കിലും കൊല്ലുന്നവനെ വധശിക്ഷക്കു വിധിക്കാന്‍ ശിക്ഷാനിയമത്തില്‍ വകുപ്പുള്ളത് അതിനാലാണ്. പക്ഷേ, ആയിരങ്ങളെ കൊല്ലുകയും പതിനായിരങ്ങളെ കൊല്ലാക്കൊല ചെയ്യുകയും പരിസ്ഥിതി മൊത്തമായി വിഷലിപ്തമാക്കുകയും നിരവധി തലമുറകളുടെ ക്ഷേമം അപകടത്തിലാക്കുകയുമൊക്കെ ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം ബാധകമാവുന്ന കാലം എന്നു വരും? ഇത്തരക്കാരെ കൊലക്കുറ്റത്തിനു ശിക്ഷിക്കാന്‍ ഏര്‍പ്പാടുണ്ടാകുവോളം ഇതൊക്കെ തുടരും

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: കേന്ദ്ര നടപടി ഇന്ത്യയുടെ മാനുഷിക മുഖം വികൃതമാക്കി -യൂത്ത്‌ലീഗ്

Published on Thu, 04/28/2011 - 07:59

കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ നിരോധത്തിലെ കേന്ദ്രനിലപാട് ഇന്ത്യയുടെ മാനുഷിക മുഖം വികൃതമാക്കിയെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷാജി. ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രശ്‌നത്തില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മൗനം വെടിയാനുള്ള സമയമായി. മനുഷ്യപക്ഷത്ത് നിലകൊള്ളാനും എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനും കേന്ദ്രമന്ത്രിമാര്‍ തയാറാകണം. ഇനിയും പഠനം നടത്തണമെന്ന വാദം പരിഹാസ്യമാണ്. നിരര്‍ഥകമായ വാദങ്ങളാണ് കേന്ദ്രത്തിന്‍േറത്. എന്‍ഡോസള്‍ഫാന്‍ ദോഷമല്ലെന്ന് പറയുന്ന മന്ത്രിമാര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അത് സ്വയം ഉപയോഗിച്ച് തെളിയിക്കാന്‍ സന്നദ്ധരാകണം -ഷാജി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഉപവാസവും എല്‍.ഡി.എഫ് ഹര്‍ത്താലുമെല്ലാം ഇരകളെ മറന്നുകൊണ്ടുള്ള രാഷ്ട്രീയ കളികളാണെന്നും ഷാജി ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍, സി.കെ. സുബൈര്‍, എം.പി. അബ്ദുസ്സമദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


എന്‍ഡോസള്‍ഫാന്‍ നിരോധം ഇന്ത്യ വീണ്ടും എതിര്‍ത്തേക്കും


എന്‍ഡോസള്‍ഫാന്‍ നിരോധം ഇന്ത്യ വീണ്ടും എതിര്‍ത്തേക്കും
ന്യൂദല്‍ഹി:  സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്രസമിതി യോഗത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന നിലപാട്  ഇന്ത്യ ആവര്‍ത്തിച്ചേക്കും. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളൊന്നും എതിര്‍പ്പ് അറിയിക്കാത്ത സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാനെ മാരക കീടനാശിനി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം. എന്‍ഡോസള്‍ഫാന്‍ രാജ്യമൊട്ടുക്കും നിരോധിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷന്റെ അഭ്യര്‍ഥനയും സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൃഷിമന്ത്രി പവാറിന്റെ അധ്യക്ഷതയില്‍ മൂന്ന് മന്ത്രാലയ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതിക്ക് രൂപം നല്‍കിയിരുന്നു. കൃഷിക്കു പുറമെ പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരായിരുന്നു മറ്റംഗങ്ങള്‍. യോഗങ്ങള്‍ മുറക്ക് നടന്നെങ്കിലും എന്‍ഡോസള്‍ഫാന്‍ നിരോധമെന്ന ആവശ്യത്തോട് സമിതി അംഗങ്ങള്‍ക്ക് ഇനിയും യോജിപ്പില്ലെന്നാണ് അറിയുന്നത്. ജനീവ യോഗത്തിനു മുമ്പെ വേറിട്ടൊരു തീരുമാനം ഉണ്ടാകാനും സാധ്യത കുറവ്. വന്‍കിട കീടനാശിനി കമ്പനികളുടെ സമ്മര്‍ദം അത്രക്ക് ശക്തമാണ്.
 ജനരോഷം കുറച്ചുകൊണ്ടുവരുക എന്നതിനപ്പുറം സംയുക്ത സമിതി രൂപവത്കരണം കൊണ്ട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലുമൊരു തീര്‍പ്പില്‍ സമിതി എത്തിച്ചേര്‍ന്നതായി തനിക്കറിയില്ലെന്ന് കേന്ദ്ര കൃഷിസഹമന്ത്രി പ്രഫ. കെ.വി. തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഏപ്രില്‍ 25 മുതല്‍ 29 വരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ്  സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്രസമിതി യോഗം. എന്‍ഡോസള്‍ഫാന്‍ നിരോധവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കണ്‍വെന്‍ഷന്‍ ചര്‍ച്ചചെയ്യും. കഴിഞ്ഞവര്‍ഷം നടന്ന യോഗത്തില്‍ ഒട്ടേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തെ പിന്തുണക്കുകയായിരുന്നു.  സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്രസമിതി കഴിഞ്ഞ ഒക്‌ടോബറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യയോടും മറ്റും ആവശ്യപ്പെട്ടതാണ്. ബ്രസീലും ആസ്‌ട്രേലിയയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ നിരോധം നടപ്പാക്കിയെങ്കിലും ഇന്ത്യ കണ്ടഭാവം നടിച്ചില്ല. സര്‍ക്കാര്‍ തലത്തില്‍ രൂപവത്കരിച്ച നാലു സമിതികളും എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നുവെന്നാണ് മന്ത്രി പവാര്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍, ബാനര്‍ജി സമിതിയും(1991), ആര്‍.ബി. സിങ് കമ്മിറ്റിയും(199) ജലസാമീപ്യം കൂടിയ പ്രദേശങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.
കേരളം ഒഴികെ മിക്ക സംസ്ഥാനങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് എതിരാണെന്ന പവാറിന്റെ പ്രസ്താവനയും വിവാദമായിരുന്നു.    യു.എസ് പരിസ്ഥിതി സംരക്ഷണ സമിതിയും മറ്റും എന്‍ഡോസള്‍ഫാന്‍ നിരോധത്തിനു വേണ്ടി ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്.
യൂറോപ്യന്‍ യൂനിയനും മറ്റും ഉന്നയിക്കുന്ന വാദങ്ങളെ മുഖവിലക്കെടുക്കാന്‍ ഇന്ത്യയിലെ കീടനാശിനി കമ്പനികള്‍ തയാറല്ല. കാരണം ലോകത്തെ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ എഴുപത് ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. 9,000 ടണ്‍ എന്‍ഡോസള്‍ഫാനാണ് പ്രതിവര്‍ഷം രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നതെന്നാണ് കണക്ക്.  ഇതില്‍ പകുതിയും ഇന്ത്യയില്‍ തന്നെയാണ് ഉപയോഗിക്കുന്നതും.  താരതമ്യേന നിരക്ക് കുറഞ്ഞതിനാല്‍ കര്‍ഷകര്‍ ഇതിനോട് അമിത താല്‍പര്യം പുലര്‍ത്തുകയും ചെയ്യുന്നു. ഐ.എസ്.സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച്  സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അടുത്തിടെയാണ്.
ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയില്ലെന്നാണ് സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന വനം പരിസ്ഥിതി മന്ത്രാലയം ജോ.സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സമിതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ചുമതലയും  മന്ത്രി പവാറിനാണെന്നു പറഞ്ഞ് പ്രഫ. കെ.വി. തോമസും ഒഴിഞ്ഞുമാറുകയാണ്.



എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി


 എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പഠന റിപ്പോര്‍ട്ട് വരാതെ എന്‍ഡോസള്‍ഫാന്‍ ദേശവ്യാപകമായി നിരോധിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ സ്വീകരിച്ച നിലപാട് ഈ മാസം നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ തിരുത്താന്‍ കഴിയില്ലെന്ന സൂചനയും പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ളള പ്രതിനിധി സംഘത്തിന് നല്‍കി.  
ഒട്ടും മുനധാരണയില്ലാതെയാണ് കേരളത്തിന്റെ ആവലാതികള്‍ കേള്‍ക്കുന്നതെന്ന് പറഞ്ഞ ശേഷമാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടായി പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തോട് പറഞ്ഞത്്. സംസ്ഥാന ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നേരം നീണ്ടു നിന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വരാതെ നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇതിന് മുമ്പ് നടന്ന നിരവധി പഠന റിപ്പോര്‍ട്ടുകളുടെ കാര്യം കേരള സംഘം ബോധിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന 2002ലെ റിപ്പോര്‍ട്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 'മാധ്യമം' ഇന്ന് പുറത്തു വിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഏറ്റവും പുതിയ എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ടും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകളൊന്നും താന്‍ ഇത് വരെ കണ്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ന്നുള്ള പ്രതികരണം. ഇപ്പോള്‍ നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ കേരളം ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടുകളും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി  സര്‍വകക്ഷി സംഘത്തോട് പറഞ്ഞു.
സ്റ്റോക്ക് ഹോം പ്രതിനിധികളുടെ അന്തര്‍ദേശീയ വേദിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്ന നിലപാട് തുടര്‍ന്നാലും പിന്നീട് നിലപാട് മാറ്റുന്നതില്‍ തടസമില്ലെന്ന് പ്രധാനമന്ത്രി കേരളത്തില്‍ നിന്നെത്തിയ സര്‍വകക്ഷി സംഘത്തെ ആശ്വസിപ്പിച്ചു. സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ സ്വീകരിക്കുന്ന നിലപാട് പിന്നീട് ഇക്കാര്യം പുനഃപരിശോധിക്കുന്നതില്‍ ഇന്ത്യയെ തടയുന്നില്ല എന്ന വാദവും പ്രധാനമന്ത്രി സംഘത്തിന് മുമ്പാകെ വെച്ചു. ഏതായാലും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തുന്ന പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവിലുള്ള നിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദിഷ്ട പഠന റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് കേരളം ചൂണ്ടിക്കാണിച്ച മറ്റു പഠന റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ത്തുവെച്ച് എന്‍ഡോസള്‍ഫാന് അനുകൂലമായ സമീപനം പുനര്‍ വിചിന്തനത്തിന് വിധേയമാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.   
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇനിയും പഠനം വേണമെന്ന നിലപാട് കേരളം നേരത്തെ തള്ളിക്കളഞ്ഞതാണെന്നും പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശം കേരളത്തിന് സ്വീകാര്യമല്ലെന്നും ആരോഗ്യമന്ത്രി പി.കെ ശ്രീമതി സര്‍വകക്ഷി സംഘം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ഒറ്റക്കെട്ടായി എന്‍ഡോസള്‍ഫാനെതിരെ മുന്നോട്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു. കുത്തകകള്‍ക്ക് അനുകൂലമായി നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദേശവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക, സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അടുത്ത ഘട്ടം ചര്‍ച്ചയില്‍ അന്തര്‍ദേശീയ തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ ഇന്ത്യ നിലപാട് സ്വീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ഉന്നയിച്ചതെന്നും ഈ രണ്ട് ആവശ്യങ്ങളോടും അനുഭാവപൂര്‍ണമായ മറുപടിയല്ല പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ചതെന്നും വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
ഇവരെ കൂടാതെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍ വിവിധ കക്ഷി നേതാക്കളായതലേക്കുന്നില്‍ ബഷീര്‍ എ.കെ ശശീന്ദ്രന്‍, സി.ടി അഹമ്മദലി, ജോര്‍ജ് വര്‍ഗീസ്, വി.മുരളീധരന്‍, പി.സി തോമസ്, എ.എന്‍ രാജന്‍ ബാബു, ജോയ് അബ്രഹാം എന്നിവരാണ് സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നത്.


എന്‍ഡോസള്‍ഫാന്‍: ജനീവയില്‍ ഇന്ത്യക്ക് തിരിച്ചടി


എന്‍ഡോസള്‍ഫാന്‍: ജനീവയില്‍ ഇന്ത്യക്ക് തിരിച്ചടി
ജനീവ / ന്യൂദല്‍ഹി: സ്വന്തം മണ്ണിലെ ഇരകളോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച് എന്‍ഡോസള്‍ഫാന് വേണ്ടി  പ്രചാരണത്തിനിറങ്ങിയ ഇന്ത്യ ജനീവയിലെ സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ ഒറ്റപ്പെട്ടു. ഇന്ത്യയുടെ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നതും നിരോധത്തെ എതിര്‍ത്ത ചൈന നിഷ്പക്ഷ സ്വരത്തില്‍ സംസാരിച്ചതുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കാന്‍ ഇന്ത്യയോടൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ച നിരവധി ആഫ്രിക്കന്‍ / ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തങ്ങളുടെ നിലപാട് മാറ്റി എന്‍ഡോസള്‍ഫാന്‍ നിരോധത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകത്ത് ഇന്ത്യയും ചൈനയും ഇസ്രായേലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ബ്രസീലും നിരോധത്തിന് അനൂകൂലമായ നിലപാടിലേക്ക് മാറിയവരില്‍ ഉള്‍പ്പെടും.
എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിരെ ഏഷ്യ-പസഫിക് മേഖലയുടെ പേരില്‍ കരട് പ്രസ്താവന വിതരണം ചെയ്ത ഇന്ത്യയുടെ നടപടിക്കെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം അപ്രതീക്ഷിതമായി രംഗത്തുവന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ യൂറോപ്യന്‍ യൂനിയന്റെ വ്യാപാര താല്‍പര്യങ്ങളാണെന്ന വാദമുയര്‍ത്തി എന്‍ഡോസള്‍ഫാനെതിരായ നീക്കത്തെ രാഷ്ട്രാന്തരീയ ചേരിതിരിവാക്കി മാറ്റി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഇന്ത്യ നടത്തിയ ശ്രമമാണ് അറബ് രാജ്യങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് പരാജയപ്പെടുത്തിയത്. ഇന്ത്യയുമായി മികച്ച ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്ന ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ ഭിന്നിപ്പിക്കല്‍ തന്ത്രം തിരിച്ചറിഞ്ഞു.
കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുകയും ജീവനും പരിസ്ഥിതിക്കും ഭീഷണിയാകുകയും ചെയ്യുന്ന രാസവസ്തുക്കളെ 'സ്ഥാവര ജൈവിക മാലിന്യകാരികള്‍' (പെഴ്‌സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ്‌സ്) എന്ന പട്ടികയില്‍പെടുത്തി നിരോധിക്കുന്ന നടപടിക്കാണ് സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തുടക്കമിട്ടിരിക്കുന്നത്. ഇതിനകം 22 ഇനങ്ങളുള്ള പോപ്‌സ് പട്ടികയില്‍ 23ാമത്തെ ഇനമായി എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്തുന്ന കാര്യം രണ്ടാമത്തെ അജണ്ടയായിട്ടാണ് ചൊവ്വാഴ്ച കണ്‍വെന്‍ഷന്‍ ചര്‍ച്ചക്കെടുത്തത്. അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍ റൈനര്‍ ആണ്‍ട് ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ വരുത്തിവെച്ച കെടുതികള്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിവരിച്ചു. അതിനാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് റിവ്യൂ കമ്മിറ്റിക്ക് കണ്‍വെന്‍ഷന്‍ മുമ്പാകെ വെക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിനിധി നൂറു ശതമാനം നിരോധത്തെ പിന്തുണക്കുകയാണെന്ന് വ്യക്തമാക്കി.
ചര്‍ച്ചയില്‍ പങ്കെടുത്ത ഏഷ്യ-പസഫിക് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയുടെ മാത്രം ആവശ്യം തങ്ങളുടെ  ആവശ്യമായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇന്ത്യ ഉയര്‍ത്തിയ വോട്ടെടുപ്പ് അടക്കമുള്ള പ്രശ്‌നങ്ങള്‍ രമ്യതയിലൂടെ ചര്‍ച്ച ചെയ്യണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന് ബദല്‍ നല്‍കണമെന്നും ഇത് മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു.
എവിടെയും തൊടാതെ സംസാരിച്ച ചൈന എന്‍ഡോസള്‍ഫാന്‍ നിരോധം വ്യക്തമായ ഭാഷയില്‍ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയാറായില്ല. തുടര്‍ന്ന് ഇന്ത്യയെ പ്രതിനിധാനം ചെയ്ത കേന്ദ്ര പരിസ്ഥിതി അഡീഷനല്‍ സെക്രട്ടറി നിരോധത്തിന് ഇന്ത്യ എതിരാണെന്ന് വ്യക്തമാക്കി. ഒറ്റപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ ഭാഷ മയപ്പെടുത്തിയ ഇന്ത്യ വോട്ടിനിട്ട് നിരോധിക്കുന്ന സാഹചര്യം ഒഴിവാക്കാനും നിരോധം നീട്ടിവെപ്പിക്കാനും സാങ്കേതിക തടസ്സവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധം അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിലും ശാസ്ത്ര-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലുമായിരിക്കണമെന്നാണ് ഇന്ത്യ വാദിച്ചത്


ഇന്ത്യയെ മറികടന്ന് കേരളം ലോകത്തിന്റെ നെറുകയില്‍


ഇന്ത്യയെ മറികടന്ന് കേരളം ലോകത്തിന്റെ നെറുകയില്‍
 ന്യൂദല്‍ഹി: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ജനീവ സമ്മേളനം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയെ മറികടന്ന് കേരളം ലോകത്തിന്റെ നെറുകയിലെത്തി.
എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി മേധാവിയുമായി ഇന്ത്യയുടെ ഔദ്യോഗിക സംഘം നിരന്തരം കൂടിയാലോചന നടത്തിയത് കണ്ടുപിടിച്ച ലോകരാജ്യങ്ങള്‍ ഇന്ത്യന്‍ ജനതയെ പ്രതിനിധാനംചെയ്യുന്നത് കേരളമാണെന്ന നിലപാടിലേക്ക് മാറുകയായിരുന്നു.
ഇന്ത്യയുടെ ഔദ്യോഗിക നിലപാട് ജനങ്ങളെ പ്രതിനിധാനംചെയ്യുന്നതല്ലെന്നും ഇന്ത്യ വിതരണം ചെയ്ത കരട് പ്രസ്താവന തള്ളിക്കളയണമെന്നും പകരം കേരളം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ത്യന്‍ ജനതയുടെ ആവശ്യമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ മുന്നോട്ടുവന്നു.  അതോടെ ജനീവയില്‍ പങ്കെടുത്ത മുഴുവന്‍ രാജ്യങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി കേരളത്തിന്റെ പ്രതിനിധികള്‍ മാറി.
കേരളം നടത്തിയ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പ്രതിനിധികള്‍ നിരോധം ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള നിരീക്ഷകരായ ഡോ. മുഹമ്മദ് അശീലിനെയും ഡോ. ജയകുമാറിനെയും സമാശ്വസിപ്പിക്കുകയും ചെയ്തു.
ഇതിനിടയിലാണ് കേരളം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി ചോദിച്ച് ഇറാന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം രാജ്യങ്ങള്‍ അവെര സമീപിച്ചത്. റിപ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പികളെടുത്ത് ഇന്ത്യന്‍ ജനതയുടെ ആവശ്യമിതാണെന്ന് പ്രഖ്യാപിച്ച് പരസ്യമായി അവര്‍ വിതരണം ചെയ്തു.
ആധികാരികമല്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും തള്ളിയ  ഈ റിപ്പോര്‍ട്ട് അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച റിപ്പോര്‍ട്ടായി മാറുകയായിരുന്നു.
കേരളത്തില്‍നിന്ന് സര്‍വകക്ഷി സംഘം വന്നപ്പോള്‍ പ്രധാനമന്ത്രിക്ക് പെട്ടെന്ന് കാര്യം ഗ്രഹിക്കാന്‍ കേരളം നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍നിന്ന് ലഭിച്ച വിവരങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളും കൂട്ടിച്ചേര്‍ത്തതായിരുന്നു ഈ സംക്ഷിപ്ത റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ ഉപവാസ സമരവും അതിന് കേരളീയര്‍ ഒന്നടങ്കം നല്‍കിയ പിന്തുണയും 'ലൈവാ'യി കണ്ട സമ്മേളന പ്രതിനിധികള്‍ക്ക് ഈ റിപ്പോര്‍ട്ടില്‍ സംശയിക്കാനൊന്നുമില്ലായിരുന്നു. പ്രചാരണം കുറിക്കു കൊണ്ടതിന്റെ തെളിവായിരുന്നു നിരോധം ചര്‍ച്ചചെയ്ത ഉപസമിതിയുടെ അധ്യക്ഷ ഹല കേരള സര്‍ക്കാറിനെ ഔദ്യോഗികമായി പ്രതിനിധാനംചെയ്ത ആരോഗ്യ വകുപ്പിലെ ഡോ. മുഹമ്മദ് അശീലിനെ പ്രത്യേകം കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.
ആരോഗ്യരംഗത്തെ മെച്ചപ്പെട്ട നിലവാരത്തില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാറുള്ള കേരളം രാജ്യത്തെ അടക്കിവാഴുന്ന കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള മുന്നേറ്റമായി മാറിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയതിന്റെ നിര്‍വൃതി ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറും മറച്ചുവെച്ചില്ല. ഡോ. അശീലിനെ പുനരധിവാസച്ചുമതല ഏല്‍പിച്ചതിലും കേരള സര്‍ക്കാറിന്റെ ചെലവില്‍ ജനീവയിലേക്ക് പറഞ്ഞയച്ചതിലും അങ്ങേയറ്റം ചാരിതാര്‍ഥ്യമനുഭവിച്ച ദിനമാണ് ഇന്നെന്ന് ശ്രീമതി ടീച്ചര്‍ 'മാധ്യമ'ത്തേട് പറഞ്ഞു.



എന്‍ഡോസള്‍ഫാന്റെ വിധി ഇന്ന്


എന്‍ഡോസള്‍ഫാന്റെ വിധി ഇന്ന്
ജനീവ: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ പ്ലീനറി സെഷനിലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിലുള്ള 'പ്രയാസവും വിഷമവും' ഇന്ത്യ ഉന്നയിച്ചതിനെ തുടര്‍ന്ന് വിഷയം വിശദ ചര്‍ച്ചക്കായി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30ന് അവസാനിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച, സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് ഉച്ചക്ക് 12ന് പുനരാരംഭിക്കും.
ഇന്ത്യയുടെ നാണംകെടലിനും ഒറ്റപ്പെടലിനുമിടയില്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ പ്ലീനറി സമ്മേളനം ബുധനാഴ്ച രാത്രിയാണ് നിര്‍ണായക ഘട്ടത്തിലേക്ക് കടന്നത്. ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടേണ്ട മാരകവിഷമാണെന്ന് എല്ലാ രാജ്യങ്ങളും ഏകാഭിപ്രായത്തിലെത്തിയതോടെ ഇന്ത്യ പഴയ നിലപാട് മയപ്പെടുത്തിയെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് വ്യാഴാഴ്ച രാത്രി സംസാരിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി ഗൗരികുമാര്‍, എന്‍ഡോസള്‍ഫാന്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന ആദ്യവാദം ആവര്‍ത്തിച്ചില്ല. അതേസമയം, എന്‍ഡോസള്‍ഫാന്‍ നിരോധം മൂലം പ്രയാസത്തിലാകുന്ന കര്‍ഷകരുടെ കാര്യത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും ഈ ആശങ്കകള്‍ പരിഹരിക്കാതെ നിരോധം അടിച്ചേല്‍പിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഉപയോഗിക്കുന്ന രാജ്യങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കും വിധം വിശദമായ ചര്‍ച്ച വേണമെന്ന് ചൈനയും നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ ചര്‍ച്ചക്കായി വിഷയം വെള്ളിയാഴ്ചത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
അനക്‌സ്-എയില്‍ ഉള്‍പ്പെടുത്തി ഈ സമ്മേളനത്തില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിലപാടിലേക്ക് ബുധനാഴ്ച മുതലാണ് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയത്. അനക്‌സ് -എയില്‍ ഉള്‍പ്പെടുത്തിയാല്‍ മൂന്നു വര്‍ഷത്തിനകം ബദല്‍ കണ്ടെത്തണം. അതേസമയം, അഞ്ചു വര്‍ഷംവരെ പരിമിതമായ തോതില്‍ ഉപയോഗത്തിന് അനുമതി ലഭിക്കുകയും ചെയ്യും. ഈ ഇളവ് ഏതൊക്കെ വിളകള്‍ക്ക് വേണമെന്ന് അതത് രാജ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ബുധനാഴ്ച നടന്ന ചര്‍ച്ചക്കൊടുവില്‍ ഉപസമിതി ക്രോഡീകരിച്ച കരട് തീരുമാനം പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റ് നിരോധം എങ്ങനെ പ്രാബല്യത്തില്‍ വരുത്തണം, നിരോധിച്ചാല്‍ വിളകളിലുണ്ടാകുന്ന പ്രത്യാഘാതമെന്ത് എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ഉപസമിതി ബുധനാഴ്ച ഉച്ചക്കു ശേഷമാണ് കരട് തീരുമാനം തയാറാക്കിയത്.



എന്‍ഡോസള്‍ഫാന്‍: കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണം -ഐ.എന്‍.എല്‍


കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ പക്ഷവും അത് നിരോധിക്കണമെന്ന മാനവരാശിയുടെ പക്ഷവുമാണ് ഇന്ന് നിലവിലുള്ളത്. ഇതില്‍ ഏത് പക്ഷത്താണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രമന്ത്രിമാര്‍ തയാറാകണം.
ഐ.എന്‍.എല്‍ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ ആറാം ചരമദിനത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് നാലുമണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, ഒ. അബ്ദുറഹ്മാന്‍, കെ. അബൂബക്കര്‍, ടി.പി. ചെറൂപ്പ, ജാഫര്‍ അത്തോളി, രാജീവ് ശങ്കര്‍, കെ. പ്രേമനാഥ്, പ്രഫ. പി. കോയ, സി.കെ. അബ്ദുല്‍ അസീസ്, എസ്.എ. പുതിയവളപ്പില്‍ എന്നിവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അഖിലേന്ത്യാ സെക്രട്ടറി അഹ്മദ് ദേവര്‍കോവിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍: ഇന്ത്യയുടെ നിലപാട് തീരാക്കളങ്കമാവും-സുധീരന്‍


കാസര്‍കോട്: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി നീങ്ങിയാല്‍ ഇന്ത്യക്കത് തീരാക്കളങ്കവും ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ പേരുദോഷം വരുത്തിവെക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കാസര്‍കോട്ട് എന്‍വിസാജിന്റെ ഒപ്പുമരച്ചോട്ടില്‍ ഒപ്പ് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയും ജനപ്രതിനിധികളും സര്‍ക്കാറും ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ പുതിയ സമരത്തിന് രൂപം കൊടുക്കണമെന്നും അദ്ദേഹം  പറഞ്ഞു. ബദിയടുക്കയില്‍ അമ്മമാരുടെ ഉച്ചകോടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഒട്ടേറെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അമ്മമാരോടൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു.
പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കന്നട എഴുത്തുകാരി സാറ അബൂബക്കര്‍, എന്‍.എ. നെല്ലിക്കുന്ന്, ടി.സി. മാധവപണിക്കര്‍, എം.എ. റഹ്മാന്‍, വി.എസ്. അനില്‍കുമാര്‍, ശ്രീപതി കജംപാടി എന്നിവര്‍ സംബന്ധിച്ചു. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു.



എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല-മന്ത്രി മുല്ലക്കര


എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല-മന്ത്രി മുല്ലക്കര
തിരുവനന്തപുരം: ഇന്ത്യന്‍ പെസ്റ്റിസൈഡ് നിയമപ്രകാരം എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍. കൃഷി സംസ്ഥാന വിഷയമാണ്.എന്നാല്‍ പെസ്റ്റിസൈഡ് നിയമപ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്രമാണ്. കൃഷി വകുപ്പ് സംഘടിപ്പിച്ച 'എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങളും ബദലും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയില്‍ 60 ദിവസത്തേക്കാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. ഓരോ 60 ദിവസം കഴിയുമ്പോള്‍ വീണ്ടും നിരോധിക്കും. കേരളത്തില്‍ കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാറാണ് എന്‍ഡോസള്‍ഫാന് നിരോധം ഏര്‍പ്പെടുത്തിയത്.
ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാന്‍ പറയുന്ന കാരണം ബദല്‍ ഇല്ലെന്നും രണ്ട് സംസ്ഥാനങ്ങള്‍ മാത്രം നിരോധം ആവശ്യപ്പെടുന്നുവെന്നതുമാണ്. എന്നാല്‍, പറയാത്ത കാര്യങ്ങളാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതിന് പിന്നില്‍. പെസ്റ്റിസൈഡ് നിയമമനുസരിച്ച് കേസെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വേണമെന്ന് കേരളമടക്കം നിരന്തരം ആവശ്യപ്പെടുന്നതാണ്. താന്‍ മന്ത്രിയായതിന് ശേഷം ആറ് തവണ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കത്തയച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍,ഡോ.എ.ജയതിലക്,എം.ജി രാധാകൃഷ്ണന്‍ ,ഡോ.ബിജു മാത്യു,ശ്രീധരന്‍, ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.



എന്‍ഡോസള്‍ഫാന്‍: സമരത്തിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കണം


എന്‍ഡോസള്‍ഫാന്‍: സമരത്തിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കണം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാനെതിരെ ഉപവാസസമരം നടത്തുന്നതിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.  കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്റെ (ഐ.എന്‍.ടി.യു.സി) അമ്പത്തിയാറാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ 2006 ഒക്‌ടോബറില്‍  കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച്  ഉത്തരവിറക്കി. അനുബന്ധ നടപടികള്‍ക്ക് സര്‍വാധികാരങ്ങളും സംസ്ഥാനത്തിന്  നല്‍കി. എന്നിട്ടും  നാലരവര്‍ഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലും അനക്കിയില്ല.  മുഖ്യമന്ത്രി കേരളത്തില്‍ ഉപവസിക്കുമ്പോള്‍  ബംഗാളിലെയും ത്രിപുരയിലെയും സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാനെ എതിര്‍ക്കുന്നില്ല. ഒ.രാജഗോപാല്‍ സമരത്തില്‍ പങ്കെടുത്തെങ്കിലും ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളുടെയും നിലപാട് മറിച്ചാണ്.
ഉപവാസസമരവുമായി ബന്ധെപ്പട്ട കാര്യങ്ങള്‍ യു.ഡി.എഫുമായി കൂടിയാേലാചിക്കാത്തതുകൊണ്ടാണ്  സഹകരിക്കാതിരുന്നത്.  ആഗോളതലത്തില്‍ നിരോധനമാവശ്യപ്പെട്ട് സമരം ചെയ്യുംമുമ്പ് കേരളത്തിലെ ഇരകള്‍ക്ക് മതിയായ സഹായം ലഭ്യമാക്കാനുള്ള നടപടികളാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
 ഇരകളിലധികവും ഇന്നും ദുരിതത്തിലാണ്. 50000 രൂപ മാത്രമാണ് ആശ്വാസധനമായി നല്‍കിയത്. ഇതുതന്നെ കുറച്ചുപേര്‍ക്കേ കിട്ടിയിട്ടുള്ളൂ. വിഷയം രാഷ്ട്രീയവത്കരിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. രണ്ടു രൂപയുടെ അരിയുടെ കാര്യത്തില്‍ ഇക്കാര്യം വ്യക്തമാണ്. രണ്ട് രൂപക്ക് അരി കിട്ടാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ഇടതുസര്‍ക്കാറിനുമാണ്. യു.ഡി.എഫും ഇലക്ഷന്‍ കമീഷനുമാണ് രണ്ട് രൂപ അരിക്ക് തടസ്സമെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ തടസ്സങ്ങളെല്ലാം മാറിയിട്ടും എന്തുകൊണ്ട് അരി ലഭ്യമാക്കുന്നിെല്ലന്ന് അദ്ദേഹം ചോദിച്ചു.  ഒരാള്‍ക്ക്  എത്ര കിലോ  അരി നല്‍കണമെന്നും സബ്‌സിഡി ആര് വഹിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.  കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സ്ഥിതി ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.  തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. ജി. കാര്‍ത്തികേയന്‍ എം.എല്‍.എ, എന്‍.ശക്തന്‍ എം.എല്‍.എ, എം.എം ഹസന്‍, അഡ്വ.ബിന്ദുകൃഷ്ണ, വിതുര ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.