2011, മേയ് 9, തിങ്കളാഴ്‌ച

ജയ്‌റാം രമേഷിന്‌ സുധീരനെ അറിയില്ലേ? -സി.ആര്‍.നീലകണ്‌ഠന്‍

എന്‍ഡോസള്‍ഫാനെതിരേ കേരളത്തില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുക്കുന്ന ശക്‌തമായ പ്രതിരോധങ്ങള്‍ നടക്കുമ്പോള്‍ മഹാരാഷ്‌ട്രയില്‍ മറ്റൊരു ശക്‌തമായ സമരം നടക്കുന്നുണ്ടായിരുന്നു. താരാപൂരില്‍നിന്നു തുടങ്ങി ജൈതാപൂരില്‍ സമാപിക്കുന്ന ബഹുജനജാഥയായിരുന്നു അത്‌. ജൈതാപൂരില്‍ സ്‌ഥാപിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 മെഗാവാട്ട്‌ ആണവ നിലയങ്ങള്‍ക്കെതിരേ തദ്ദേശീയര്‍ നടത്തുന്ന രൂക്ഷമായ പോരാട്ടത്തിനു പിന്തുണ നല്‍കുന്ന ജാഥയായിരുന്നു അത്‌. ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും മുന്‍ ജഡ്‌ജിമാരായ പി.ബി. സാവന്ത്‌, കെ.ജി. ഖോസ്ല, മുന്‍ നാവികസേനാ മേധാവി അഡ്‌മിറല്‍ എല്‍. രാംദാസ്‌, വന്ദനാ ശിവ, പ്രഫുല്‍ ബിദ്വായി, മേധാ പട്‌കര്‍, അച്ചി പൈനിക്‌ തുടങ്ങിയ പ്രമുഖരും ആണവനിലയ പദ്ധതികള്‍ക്കെതിരേ സമരം ചെയ്യുന്ന മറ്റു സംഘടനകളുടെ (പശ്‌ചിമബംഗാള്‍, ഹരിയാന, തമിഴ്‌നാട്ടിലെ കൂടംകുളം) പ്രതിനിധികളും മത്സ്യത്തൊഴിലാളി നേതാക്കളും പങ്കെടുത്ത ആ ജാഥയില്‍ ഈ ലേഖകനുമുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യ ആണവ വൈദ്യുതിനിലയം സ്‌ഥാപിച്ചിട്ടുള്ള താരാപൂരില്‍നിന്നു ജാഥ ആരംഭിച്ചത്‌ അര്‍ഥപൂര്‍ണമായി. ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ നടത്തിയ വെടിവയ്‌പില്‍ കഴിഞ്ഞയാഴ്‌ച മരിച്ചതടക്കം ആറുപേര്‍ രക്‌തസാക്ഷികളായിക്കഴിഞ്ഞിരിക്കുന്നു.


ജപ്പാനില്‍ ഫുകുഷിമ ദുരന്തമുണ്ടാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ ജൈതാപൂര്‍ നിലയത്തിന്റെ അപകടസാധ്യതകളെയും അതിന്റെ സാമ്പത്തിക ബാധ്യതയെയും പറ്റി ഇതേ പംക്‌തിയില്‍ എഴുതിയിരുന്നു ('ഈ മാരണം നമുക്കു വേണോ'-ജനുവരി 1 മംഗളം ദിനപത്രം). യാത്ര തടസപ്പെടുത്താന്‍ തുടക്കം മുതല്‍ തന്നെ പോലീസ്‌ പല അടവുകളും പ്രയോഗിച്ചിരുന്നു. കുറെപ്പേരെ വഴിയില്‍ തടഞ്ഞുവച്ചു. നിസാര കുറ്റങ്ങള്‍ ചാര്‍ത്തി വണ്ടികള്‍ പിടിച്ചുവച്ചു. മുന്‍ നാവികസേനാധിപനടക്കമുള്ളവര്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ശേഷമാണ്‌, രാത്രി ഏറെ വൈകി ഇവരെ വിട്ടയച്ചത്‌.



ചെര്‍ണോബില്‍ ദുരന്തത്തിന്റെ 25-ആം വാര്‍ഷികം കൂടിയായിരുന്നു ഏപ്രില്‍ 26.ലോകത്താദ്യമായാണു ഫ്രഞ്ച്‌ കമ്പനിയായ അറീവ ഇത്ര വലുതും പുതിയ രൂപകല്‍പനയിലുള്ളതുമായ നിലയം ജൈതാപൂരില്‍ സ്‌ഥാപിക്കുന്നത്‌. ജനസാന്ദ്രതയേറിയ കൊങ്കണ്‍ തീരത്ത്‌ ആണവനിലയം സ്‌ഥാപിക്കുന്നതിനെതിരേ ജനങ്ങള്‍ ഉയര്‍ത്തിയ ആശങ്കകളെല്ലാം കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. ഫുകുഷിമ ആണവദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ എല്ലാ പാശ്‌ചാത്യ രാജ്യങ്ങളും ആണവപദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവച്ചു. വന്‍തോതിലുള്ള ആണവപദ്ധതിക്കു തയാറെടുത്തിരുന്ന ചൈനയുടെ ആണവമോഹങ്ങള്‍ പോലും ഫുകുഷിമ നിലയത്തിലെ ഇന്ധനദണ്ഡുകള്‍ പോലെ ഉരുകിയൊലിക്കാന്‍ തുടങ്ങി. ഇതൊക്കെയാണെങ്കിലും ജൈതാപൂരില്‍ നിലയം സ്‌ഥാപിക്കുമെന്ന്‌ ഏപ്രില്‍ 26-നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം ആവര്‍ത്തിക്കുകയായിരുന്നു. ഈ പുതിയ തരം നിലയം ഇന്ത്യയില്‍ സുരക്ഷിതമായിരിക്കുമെന്ന്‌ ഇവരെങ്ങനെയാണ്‌ ഉറപ്പാക്കുക? 



ഇന്ത്യയുടെ പല മടങ്ങു സാമ്പത്തിക-സാങ്കേതിക-മാനേജ്‌മെന്റ്‌ ശേഷിയുള്ള രാജ്യമാണല്ലോ ജപ്പാന്‍. എന്നിട്ടും ഫുകുഷിമ എത്ര വലിയ ദുരന്തമാണു സൃഷ്‌ടിച്ചത്‌. ആ ദുരന്തം കരയിലും കടലിലുമായി വിതച്ച ആണവവികിരണ പദാര്‍ഥങ്ങള്‍ എത്രായിരം വര്‍ഷത്തേക്ക്‌ അപകടകാരിയായി നിലനില്‍ക്കും? 



വിദേശനിര്‍മിത ആണവനിലയം സുരക്ഷിതമാണെങ്കില്‍ പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദമുണ്ടായിട്ടുകൂടി ആണവ ബാധ്യതാ നിയമത്തില്‍ വിദേശക്കമ്പനികളുടെ ബാധ്യത കേവലം 1500 കോടി രൂപയായി ഒതുക്കാന്‍ സര്‍ക്കാര്‍ ബലം പിടിച്ചതെന്തിന്‌?നിര്‍മാണത്തകരാറുകൊണ്ടാണ്‌ അപകടമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമാണ്‌ ഈ ബാധ്യത. എന്നാല്‍, ഫുകുഷിമയിലെ അവസ്‌ഥയെന്താണ്‌? നിലയത്തിലേയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലേയും ആണവമാലിന്യങ്ങള്‍ നീക്കി സുരക്ഷിതമാക്കാന്‍ മാത്രം പതിനായിരം കോടി രൂപ ചെലവു വരുമെന്നാണ്‌ അമേരിക്കന്‍ കമ്പനികള്‍ നല്‍കുന്ന കണക്ക്‌. മനുഷ്യരുടെ മരണവും മറ്റു നാശനഷ്‌ടങ്ങളും കൂടി കണക്കാക്കിയാല്‍ ഇത്‌ ഒരുലക്ഷം കോടി രൂപ കവിയുമെന്നു പറയുന്നു.



ഈ തുക നാം മുടക്കേണ്ടിവരുമ്പോള്‍ അപകടത്തിനു കാരണക്കാരായ കമ്പനികള്‍ നല്‍കുക പരമാവധി 1500 കോടി രൂപ മാത്രം. ബാക്കി സര്‍ക്കാര്‍ അഥവാ ജനങ്ങള്‍ വഹിക്കണം.അപകടമുണ്ടായില്ലെങ്കില്‍ത്തന്നെ ഇറക്കുമതി ചെയ്‌ത ഇന്ധനം (ഇന്ത്യയില്‍ സമ്പുഷ്‌ടീകരണ ശേഷിയില്ല), സ്‌പെയര്‍ പാര്‍ട്ടുകള്‍ മുതലായവയ്‌ക്കും എരിഞ്ഞ ഇന്ധനം പതിനായിരക്കണക്കിനു വര്‍ഷത്തേക്കു സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വേണ്ടിവരുന്ന ചെലവു മാത്രം പരിഗണിച്ചാല്‍ ആണവനിലയം മഹാദുരന്തമാണ്‌. പ്രവര്‍ത്തനം അവസാനിച്ച (അപകടം മൂലമോ അല്ലാതെയോ) ഒരു നിലയം 'മൂടിയിടാന്‍' മാത്രം പതിനായിരക്കണക്കിനു കോടി രൂപ വേണ്ടിവരും. ഇതെല്ലാം പരിഗണിച്ചാല്‍ സൗരോര്‍ജവും കാറ്റിലെ വൈദ്യുതിയുമെല്ലാം ഏറെ ചെലവു കുറഞ്ഞതാകുമെന്ന സത്യം കേന്ദ്ര പരിസ്‌ഥിതി മന്ത്രിയെങ്കിലും ഓര്‍ക്കാത്തതെന്തേ? എന്‍ഡോസള്‍ഫാന്‍ പ്രശ്‌നവുമായി ഇതിനു നേരിട്ടു ബന്ധമുണ്ട്‌. ലക്ഷക്കണക്കിനു മനുഷ്യര്‍ക്കും പ്രകൃതിക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും ദ്രോഹകരവും പരിഹാരമില്ലാത്ത ദുരന്തം സൃഷ്‌ടിക്കുന്നതുമായ ഈ രണ്ടു പദ്ധതികള്‍ക്കു പിന്നിലെയും പ്രധാന പ്രേരകശക്‌തി കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറാണ്‌. കീടനാശിനിക്കാര്യത്തില്‍ കൃഷിമന്ത്രിയായും മഹാരാഷ്‌ട്രയിലെ വികസനവീരനായും നിന്നുകൊണ്ടാണു ശരദ്‌ പവാര്‍ എന്‍ഡോസള്‍ഫാനെയും ആണവപദ്ധതിയെയും ശക്‌തമായി ന്യായീകരിക്കുന്നത്‌. ദേശീയ അന്തര്‍ദേശീയ കോര്‍പറേറ്റുകളുടെ താല്‍പര്യം സാധാരണ മനുഷ്യരുടെ താല്‍പര്യങ്ങളേക്കാള്‍ ഏറെ പ്രധാനമാണെന്നു ശരദ്‌ പവാറും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലൂവാലിയയും വാദിക്കുന്നതില്‍ ആരും അത്ഭുതപ്പെടില്ല. അവര്‍ അത്തരക്കാരാണ്‌. മൂലധനമാണവരുടെ ദൈവം, കമ്പോളമാണവരുടെ ക്ഷേത്രം, ലാഭമാണവരുടെ വരം. എന്നാല്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേഷിനെപ്പറ്റി ഇങ്ങനെയൊന്നുമല്ല നമ്മള്‍ ധരിച്ചിരുന്നത്‌. ഈ ലേഖകന്‍ തന്നെ അദ്ദേഹത്തിന്റെ നിരവധി നിലപാടുകളെ പ്രശംസിച്ചിട്ടുണ്ട്‌.




 Environment Minister Jairam Ramesh presents the clearance 
certificate for the Jaitapur nuclear power plant to 
Maharashtra Chief Minister Prithviraj Chavan.
പ്രകൃതിക്കും ജൈവവൈവിധ്യത്തിനും മനുഷ്യര്‍ക്കും പ്രഥമ പരിഗണന നല്‍കുന്ന മന്ത്രിയെന്ന നിലയിലാണു കേരളത്തിലെ അതിരപ്പിള്ളി, കണ്ണൂരിലെ കണ്ടല്‍പാര്‍ക്ക്‌, കൊച്ചി ഐ.പി.എല്‍. സ്‌റ്റേഡിയം തുടങ്ങിയ പദ്ധതികളില്‍ അദ്ദേഹം ശക്‌തമായ നിലപാടെടുത്തത്‌.അഖിലേന്ത്യാതലത്തില്‍ ഏറെ സമ്മര്‍ദമുണ്ടായിട്ടും ജനിതക രൂപഭേദം വരുത്തിയ വഴുതനങ്ങയുടെ കാര്യത്തിലും ജയ്‌റാം രമേഷ്‌ ഉറച്ചുനിന്നു. കേരളത്തിലെ പ്രശ്‌നങ്ങള്‍ കക്ഷിരാഷ്‌ട്രീയാടിസ്‌ഥാനത്തിലുള്ള ഇടപെടലാണെന്നു ചില സി.പി.എം. നേതാക്കള്‍ ആരോപിച്ചപ്പോള്‍ കോണ്‍ഗ്രസും മറ്റും ഭരിക്കുന്ന ആന്‌ധ്രയിലും ഒറീസയിലുമെല്ലാം ജയ്‌റാം രമേഷ്‌ സ്വീകരിച്ച നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരാണു നമ്മള്‍. ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം അവകാശപ്പെടുന്ന സോണിയാ ഗാന്ധിയുടെ പിന്തുണ ജയ്‌റാം രമേഷിനുണ്ടെന്നും കേട്ടിരുന്നു. എന്നാല്‍ പെട്ടെന്ന്‌ എല്ലാം തകിടം മറിഞ്ഞു. കോര്‍പറേറ്റ്‌ രാഷ്‌ട്രീയത്തിന്‌ ഇദ്ദേഹം കീഴ്‌പ്പെടുന്ന കാഴ്‌ചയാണ്‌ പിന്നീടു നാം കാണുന്നത്‌. (It's paradoxical that environmentalists are against nuclear energy: Jairam Ramesh) ഒറീസയിലെ പോസ്‌കോ ഖനനത്തിനും നവി മുംബൈയിലെ വിമാനത്താവള പദ്ധതിക്കും ജൈതാപൂര്‍ ആണവനിലയത്തിനും നല്‍കിയ അനുമതികള്‍ ഇതിനു തെളിവാണ്‌.ഏറെ ദുര്‍ബലമായ ചില വ്യവസ്‌ഥകള്‍വച്ചുകൊണ്ടാണ്‌ ആണവനിലയത്തിനു മന്ത്രി അനുമതി നല്‍കിയതെന്നതും ശ്രദ്ധേയമാണ്‌. അനുമതിയിലെ 23 പൊതുവ്യവസ്‌ഥകളും 12 പ്രത്യേക വ്യവസ്‌ഥകളും പരിഹാസ്യമാണ്‌. 'നിയമങ്ങളെല്ലാം പാലിക്കണം' എന്ന പൊതു ഗീര്‍വാണമാണ്‌ അധികവും. ആണവനിലയം സംബന്ധിച്ച്‌ യാതൊരുവിധ വിവരങ്ങളും പൊതുസമൂഹത്തിനു നല്‍കേണ്ടതില്ലെന്ന നിലപാടാണ്‌ ജയ്‌റാം രമേഷിനുമുള്ളത്‌. മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിലയത്തിന്റെ ആറു കിലോമീറ്റര്‍ പരിധിയില്‍ കയറാനാവില്ല. പരിശോധനാ സംവിധാനമായ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ അണുശക്‌തി വകുപ്പിന്റെ കീഴിലാണ്‌. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയുടെ നിലയങ്ങളില്‍ നടന്ന അപകടങ്ങളുടെ യാതൊരു വിശദാംശവും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഫുകുഷിമ മാതൃകയില്‍ ഒരപകടം ജൈതാപൂരിലുണ്ടായാല്‍ 20 കി. മീറ്ററില്‍നിന്നു കുടിയൊഴിപ്പിക്കേണ്ടത്‌ അനേകലക്ഷം മനുഷ്യരെയാണ്‌. ഈ നിലയം കടലിലുണ്ടാക്കുന്ന നാശങ്ങളും ഏറെയാണ്‌. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും ജയ്‌റാം രമേഷിന്റെ നിലപാട്‌ ഏറെ വിമര്‍ശിക്കപ്പെട്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിലാണ്‌ ജയ്‌റാം രമേഷിനു കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം.പിയുമായ വി.എം. സുധീരനെ അറിയില്ലേയെന്ന ചോദ്യം ഉയരുന്നത്‌. അറിയാതിരിക്കാന്‍ വഴിയില്ല, വ്യക്‌തിപരമായി, എന്നാല്‍ കേവല സങ്കുചിതമായി കക്ഷിരാഷ്‌ട്രീയത്തിനപ്പുറം സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കുവേണ്ടി ശക്‌തമായി വാദിക്കാന്‍ ഇന്നു നമുക്ക്‌ ഒരു സുധീരന്‍ മാത്രമേയുള്ളൂ.ഭരിക്കുന്നതാരെന്നോ തന്റെ കക്ഷിനേതാക്കളുടെ നിലപാടെന്തെന്നോ സുധീരന്‍ പരിഗണിക്കാറില്ല. ആലപ്പുഴ കരിമണല്‍ ഖനന സമരത്തില്‍നിന്നുകൊണ്ട്‌ സ്വന്തം മുന്നണിയിലെ ചില കക്ഷികളുടെ നീരസത്തിന്‌ അദ്ദേഹം ഇരയായി. അതിരപ്പിള്ളി, മൂലമ്പിള്ളി, ദേശീയപാത സ്വകാര്യവല്‍കരണം തുടങ്ങി എന്‍ഡോസള്‍ഫാന്‍ വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ജനപക്ഷ നിലപാട്‌ വ്യക്‌തമാണ്‌. പരിസ്‌ഥിതി തകര്‍ച്ചയും മനുഷ്യാവകാശ ധ്വംസനവും നടക്കുന്നിടങ്ങളില്‍ സുധീരനുണ്ടാകുന്നുവെന്നതാണു പ്രധാനം. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടതുപക്ഷത്തെ പലരും നാളിതുവരെ വളരെ മോശമായ നിലപാടാണ്‌ എടുത്തിരുന്നതെന്ന്‌ ആര്‍ക്കാണറിയാത്തത്‌.കേന്ദ്രം ഭരിക്കുന്നതു കോണ്‍ഗ്രസാണെന്നതിനാല്‍ മാത്രമാണു സി.പി.എമ്മുകാര്‍ ഇത്ര ആവേശം കാണിക്കുന്നത്‌.ഇവിടെയാണു ജയ്‌റാം രമേഷ്‌ സുധീരനെ തിരിച്ചറിയേണ്ടത്‌. പരിസ്‌ഥിതി, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങള്‍ കേവലം കക്ഷിരാഷ്‌ട്രീയത്തിനപ്പുറത്തുള്ള രാഷ്‌ട്രീയമാണെന്ന പാഠം വി.എം. സുധീരനില്‍നിന്നു ജയ്‌റാം രമേഷ്‌ പഠിക്കണം. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ