2011, മേയ് 16, തിങ്കളാഴ്‌ച

എല്ലാ മാരക കീടനാശിനികളും നിരോധിക്കണം -സുധീരന്‍


കണ്ണൂര്‍: മനുഷ്യ നിലനില്‍പിനെയും പരിസ്ഥിതിയെയും ബാധിക്കുന്ന എല്ലാ മാരക കീടനാശിനികളും നിരോധിക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക സാഹിതി കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ കീടനാശിനി മാനേജ്‌മെന്റ് ഏജന്‍സി രൂപവത്കരിക്കണം. നിശ്ശബ്ദമരണം ഉണ്ടാക്കുന്നതും സമൂഹത്തെയും രാജ്യത്തെയും അസ്ഥിരപ്പെടുത്തുന്നതുമായ മാരകവിഷങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുഖ്യ പങ്കുവഹിക്കണം.
മദ്യം കുടിച്ച് മരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം നല്‍കുന്നു. ഈ തുകയെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കണം. കുടിച്ചുമരിക്കുന്നവരേക്കാള്‍ അര്‍ഹതയുള്ളവരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍.
ഇവര്‍ക്ക് ആവശ്യമായ ചികിത്സ യഥാസമയം നല്‍കാന്‍ സംവിധാനം വേണം. ഇപ്പോള്‍ ലഭ്യമാക്കിയെന്നു പറയുന്ന ചികിത്സാ സംവിധാനം ഏറെ അപര്യാപ്തമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് പ്രജിതയെന്ന മൂന്നു വയസ്സുകാരി. നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും അവരുടെ വിദ്യാഭ്യാസവും മറ്റു സംരക്ഷണവും ഉറപ്പുവരുത്താനും ട്രൈബ്യൂണല്‍ രൂപവത്കരിക്കേണ്ടതുണ്ട്.
മയക്കുമരുന്നുകള്‍ക്കെതിരെയും സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഏറ്റവും നീറുന്ന പ്രശ്‌നമായി മാറിയിരിക്കുകയാണ് മാലിന്യ നിര്‍മാര്‍ജനം. നാട് മാലിന്യംകൊണ്ട് മൂടുകയാണ്.സമഗ്രമായ തെരഞ്ഞെടുപ്പു പരിഷ്‌കരണം അനിവാര്യമാണ്. ആഡംബരമായ തെരഞ്ഞെടുപ്പുരീതി മാറണം.
 കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്‌നങ്ങളോ ജീവല്‍പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യപ്പെട്ടില്ല. വ്യക്തിവൈരാഗ്യവും വ്യക്തിഹത്യയുമാണ് പ്രചാരണായുധമായത്. നമ്മുടെ സംസ്‌കാരത്തിനും പൈതൃകത്തിനും യോജിച്ച പ്രചാരണമല്ല ഉണ്ടാകുന്നത്. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ മേമ്പൊടിക്കു പോലും ചര്‍ച്ചചെയ്യപ്പെട്ടില്ല. ജനങ്ങളാണ് എല്ലാം എന്ന തിരിച്ചറിവ് നഷ്ടപ്പെടുകയാണെന്നും സുധീരന്‍ പറഞ്ഞു.
പ്രഫ. ബി. മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ്, പി. രാമകൃഷ്ണന്‍, കെ.പി. നൂറുദ്ദീന്‍, എ.ഡി. മുസ്തഫ, എം. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ