2011, മേയ് 2, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: ജനകീയ ശക്തിയുടെ വിജയം- ജമാഅത്തെ ഇസ്‌ലാമി



കോഴിക്കോട്‌: ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള ജനീവയില്‍ ചേര്‍ന്ന സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ തീരുമാനം ആഹ്ലാദകരമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി ആരിഫലി അഭിപ്രായപ്പെട്ടു. സ്വന്തം ജനതയെ കാര്‍ന്നു തിന്നുന്ന ഈ കുത്തക കീടനാശിനിക്ക്‌ വേണ്ടി നിലകൊണ്ട മന്‍മോഹന്‍സിംഗ്‌ സര്‍ക്കാറിനും അദ്ദേഹത്തിനും പാര്‍ട്ടിക്കുമേറ്റ അപഹാസ്യകരമായ തിരിച്ചടി കൂടിയാണിത്‌. അതേ സമയം, എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്‌ ചില വിളകളില്‍ ഇളവ്‌ നേടിയത്‌ ആശങ്കാജനകം തന്നെയാണ്‌. ഇന്ത്യയാണ്‌ ഈ ഇളവിന്‌ വേണ്ടി വാദിച്ചതെന്നത്‌ നമ്മെ വേദനിപ്പിക്കുന്നു. എന്‍ഡോസള്‍ഫാനെതിരായ സമരം ഇനിയും തുടരേണ്ടിവരുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

എന്‍ഡോസള്‍ഫാന്‍ വിഷയം കേരളാ മനഃസാക്ഷിയുടെ മുന്നിലെത്തിക്കുന്നതില്‍ തുടക്കം മുന്‍നിരയില്‍ നിലകൊണ്ട പ്രസ്ഥാനം എന്നുള്ള നിലക്ക്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഈ സന്ദര്‍ഭത്തില്‍ വലിയ സന്തോഷമുണ്ട്‌. മുഖ്യധാരാ രാഷ്‌ട്രീയക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ അവഗണിച്ചപ്പോള്‍ കേരളത്തിന്റെ പൊതുചര്‍ച്ചയിലേക്ക്‌ ഈ വിഷയം കൊണ്ട്‌ വന്നത്‌ ജമാഅത്തിന്റെ കീഴിലുള്ള ബഹുജന സംഘടനകളായിരുന്നു. അന്ന്‌ വിഷയത്തെ അവഗണിച്ച രാഷ്‌ട്രീയക്കാര്‍ പിന്നീട്‌, ജനകീയ സമരത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഈ പ്രശ്‌നം ഏറ്റെടുക്കേണ്ടിവരികയായിരുന്നു. മുഖ്യധാരാ രാഷ്‌ട്രീയത്തിന്‌ പുറത്ത്‌ രൂപപ്പെടുന്ന പൗരസമൂഹ രാഷ്‌ട്രീയത്തിന്റെ വിജയം കൂടിയാണിത്‌. ഈ സന്ദര്‍ഭത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ പങ്കാളികളായ മുഴുവന്‍ ജനങ്ങളെയും ജമാഅത്തെ ഇസ്‌ലാമി അഭിവാദ്യം ചെയ്യുന്നു -അമീര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ നിരോധനം ആഹ്ലാദകരം - സോളിഡാരിറ്റി

കോഴിക്കോട്: സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനെടുത്ത തീരുമാനം ആഹ്ലാദകരവും ഭാവിയെക്കുറിച്ച് പ്രത്യാശനിര്‍ഭരവുമാണ് എന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ് പ്രസ്താവിച്ചു. മനുഷ്യത്ത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ആഗോളസമൂഹം പുലര്‍ത്തുന്ന ജാഗ്രതയുടെ ഉത്തമ ഉദാഹരണമാണ് ഇത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കുറ്റകരമായ സമീപനം നമ്മുടെ രാജ്യത്തിന്റെ അന്തസ്സ് തകര്‍ത്തിരിക്കുന്നു. കീടനാശിനി ലോബിക്ക് വിധേയനായ കൃഷി മന്ത്രി ശരത് പവാറില്‍നിന്ന് രാജി ആവശ്യപ്പെട്ട് കൊണ്ടും ഇരകള്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും പ്രഖ്യാപിച്ച് കൊണ്ടും പ്രധാമന്ത്രി തെറ്റ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


എസ്.ഐ.ഒ

കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ നിരോധം പൗരസമൂഹത്തിന്റെ ഇടപെടലുകളുടെ വിജയമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ പ്രസ്താവിച്ചു.

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലും സ്വാധീനിക്കുന്ന വിധത്തില്‍ സമരത്തെ മുന്നോട്ടുകൊണ്ടുപോയ കാസര്‍കോട്ടെ ജനങ്ങള്‍ക്കും സംഘടനകള്‍ക്കും അഭിമാനത്തിന്റെ നിമിഷങ്ങളാണിത്.

പൗരസമൂഹത്തിന്റെ നിതാന്ത ജാഗ്രതയുണ്ടെങ്കില്‍ ജനകീയസമരങ്ങളെ ലക്ഷ്യത്തിലെത്തിക്കാമെന്നതിന്റെ മാതൃകയാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം. എന്‍ഡോസള്‍ഫാന്‍ നിരോധത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസമടക്കമുള്ള വിഷയങ്ങളില്‍ ഇടപെടാനും പൗരസമൂഹത്തിന് ബാധ്യതയുെണ്ടന്നും ്രപസ്താവനയില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ