2011, മേയ് 9, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി


 എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പഠന റിപ്പോര്‍ട്ട് വരാതെ എന്‍ഡോസള്‍ഫാന്‍ ദേശവ്യാപകമായി നിരോധിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ സ്വീകരിച്ച നിലപാട് ഈ മാസം നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ തിരുത്താന്‍ കഴിയില്ലെന്ന സൂചനയും പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ളള പ്രതിനിധി സംഘത്തിന് നല്‍കി.  
ഒട്ടും മുനധാരണയില്ലാതെയാണ് കേരളത്തിന്റെ ആവലാതികള്‍ കേള്‍ക്കുന്നതെന്ന് പറഞ്ഞ ശേഷമാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടായി പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തോട് പറഞ്ഞത്്. സംസ്ഥാന ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നേരം നീണ്ടു നിന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വരാതെ നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇതിന് മുമ്പ് നടന്ന നിരവധി പഠന റിപ്പോര്‍ട്ടുകളുടെ കാര്യം കേരള സംഘം ബോധിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന 2002ലെ റിപ്പോര്‍ട്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 'മാധ്യമം' ഇന്ന് പുറത്തു വിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഏറ്റവും പുതിയ എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ടും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകളൊന്നും താന്‍ ഇത് വരെ കണ്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ന്നുള്ള പ്രതികരണം. ഇപ്പോള്‍ നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ കേരളം ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടുകളും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി  സര്‍വകക്ഷി സംഘത്തോട് പറഞ്ഞു.
സ്റ്റോക്ക് ഹോം പ്രതിനിധികളുടെ അന്തര്‍ദേശീയ വേദിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്ന നിലപാട് തുടര്‍ന്നാലും പിന്നീട് നിലപാട് മാറ്റുന്നതില്‍ തടസമില്ലെന്ന് പ്രധാനമന്ത്രി കേരളത്തില്‍ നിന്നെത്തിയ സര്‍വകക്ഷി സംഘത്തെ ആശ്വസിപ്പിച്ചു. സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ സ്വീകരിക്കുന്ന നിലപാട് പിന്നീട് ഇക്കാര്യം പുനഃപരിശോധിക്കുന്നതില്‍ ഇന്ത്യയെ തടയുന്നില്ല എന്ന വാദവും പ്രധാനമന്ത്രി സംഘത്തിന് മുമ്പാകെ വെച്ചു. ഏതായാലും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തുന്ന പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവിലുള്ള നിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദിഷ്ട പഠന റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് കേരളം ചൂണ്ടിക്കാണിച്ച മറ്റു പഠന റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ത്തുവെച്ച് എന്‍ഡോസള്‍ഫാന് അനുകൂലമായ സമീപനം പുനര്‍ വിചിന്തനത്തിന് വിധേയമാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.   
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇനിയും പഠനം വേണമെന്ന നിലപാട് കേരളം നേരത്തെ തള്ളിക്കളഞ്ഞതാണെന്നും പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശം കേരളത്തിന് സ്വീകാര്യമല്ലെന്നും ആരോഗ്യമന്ത്രി പി.കെ ശ്രീമതി സര്‍വകക്ഷി സംഘം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ഒറ്റക്കെട്ടായി എന്‍ഡോസള്‍ഫാനെതിരെ മുന്നോട്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു. കുത്തകകള്‍ക്ക് അനുകൂലമായി നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദേശവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക, സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അടുത്ത ഘട്ടം ചര്‍ച്ചയില്‍ അന്തര്‍ദേശീയ തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ ഇന്ത്യ നിലപാട് സ്വീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ഉന്നയിച്ചതെന്നും ഈ രണ്ട് ആവശ്യങ്ങളോടും അനുഭാവപൂര്‍ണമായ മറുപടിയല്ല പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ചതെന്നും വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
ഇവരെ കൂടാതെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍ വിവിധ കക്ഷി നേതാക്കളായതലേക്കുന്നില്‍ ബഷീര്‍ എ.കെ ശശീന്ദ്രന്‍, സി.ടി അഹമ്മദലി, ജോര്‍ജ് വര്‍ഗീസ്, വി.മുരളീധരന്‍, പി.സി തോമസ്, എ.എന്‍ രാജന്‍ ബാബു, ജോയ് അബ്രഹാം എന്നിവരാണ് സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ