2011, മേയ് 30, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: സോളിഡാരിറ്റി പുനരധിവാസ പദ്ധതി പൂര്‍ത്തിയായി


എന്‍ഡോസള്‍ഫാന്‍: സോളിഡാരിറ്റി പുനരധിവാസ പദ്ധതി പൂര്‍ത്തിയായി
കാസര്‍കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി നിര്‍വഹണ പ്രഖ്യാപനം നടത്തി. സര്‍ക്കാറിന്റെ ഔദ്യോഗിക പുനരധിവാസം മുടന്തി നീങ്ങുമ്പോഴാണ് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ പുനരധിവാസ പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കി യുവജന സംഘടനകളുടെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ സോളിഡാരിറ്റി പുതിയ ചരിത്രം രചിച്ചത്.
പുനരധിവാസ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനത്തിനായി  തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ യോഗ ഹാളില്‍ ഒത്തുചേര്‍ന്ന ഈ രംഗത്തെ സമരപോരാളികളും ജനപ്രതിനിധികളും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ കര്‍മസാക്ഷ്യത്തിന് ആശംസയുടെ അതിരുകളില്ലാത്ത മുദ്ര ചാര്‍ത്തി. നിരവധി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ നിറഞ്ഞ സദസ്സാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വികാരം ഇന്നത്തെപ്പോലെ ഉയര്‍ന്നു നില്‍ക്കാത്ത കാലത്താണ് സോളിഡാരിറ്റി ഒരേസമയം സമരവും സേവനവും സമന്വയിപ്പിക്കുന്ന പദ്ധതിയുമായി രംഗത്തു വന്നത്. ശക്തമായ ബഹുജന സമരങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ഇരകളെ സേവിക്കുകയും ചെയ്യുന്ന ദ്വിമുഖ പദ്ധതിയാണ് പൂര്‍ത്തിയായത്.
2006ല്‍ പഠനസംഘത്തെ നിയോഗിച്ച് വിവരം ശേഖരിച്ച് വ്യക്തമായ ആസൂത്രണത്തോടെ തുടക്കം കുറിച്ച പുനരധിവാസ പദ്ധതി 2009 മേയ് 14ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പഞ്ചായത്തുകളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയ അവശരെ കൈപിടിച്ചുയര്‍ത്തുന്ന ചികിത്സാ പദ്ധതിയാണ് ആദ്യം നടപ്പിലാക്കിയത്.
പി. മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.  സമ്മേളനം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സോളിഡാരിറ്റി നടപ്പാക്കിയ പുനരധിവാസ പദ്ധതി മാതൃകാപരവും ക്രിയാത്മകവുമാണ്. അത്തരമൊരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പദ്ധതികളുടെ പ്രഖ്യാപനത്തിന് കാണിക്കുന്ന ആവേശം  നടപ്പാക്കാനും കാണിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണക്കാരായവരെ വിചാരണ ചെയ്യണമെന്നും  ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കണമെന്നും പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിയ ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
സോളിഡാരിറ്റിക്ക് കാസര്‍കോട് ജില്ലാ ജനകീയ വികസന സമിതിയുടെ ഉപഹാരം ശാഫി ചെമ്പിരിക്കയും എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഫര്‍ഹാനും സര്‍ഗ ആര്‍ട്ട് ഗാലറിയുടെ ഉപഹാരം അബ്ദുല്ല സര്‍ഗയും സമ്മാനിച്ചു. വിദ്യാഭ്യാസ സഹായ വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഷാഹിനക്ക് നല്‍കി നിര്‍വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍, എം.എ. റഹ്മാന്‍, നാരായണന്‍ പേരിയ, പി.വി. സുധീര്‍കുമാര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ. കൊട്ടന്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, സൂപ്പി വാണിമേല്‍, നാസര്‍ ചെറുകര എന്നിവര്‍ സംസാരിച്ചു.
പുനരധിവാസ പദ്ധതി കോഓഡിനേറ്റര്‍ കെ.കെ. ബഷീര്‍ പദ്ധതി വിശദീകരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി പ്രസിദ്ധീകരിച്ച 'എന്‍ഡോസള്‍ഫാന്‍: നരകത്തിലേക്ക്   തുറക്കുന്ന വാതില്‍' എന്ന പുസ്തകം ലീലാകുമാരിയമ്മ അംബികാസുതന്‍ മാങ്ങാടിന് നല്‍കി പ്രകാശനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന്, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാന്‍, സി.ആര്‍. നീലകണ്ഠന്‍, കെ.എ. ഷഫീഖ് എന്നിവര്‍ സമരനായകരെ ആദരിച്ചു.



2011, മേയ് 23, തിങ്കളാഴ്‌ച

```കവിത:എന്‍ഡോസള്‍ഫാന്‍ -സുഗതകുമാരി```


ഇരുട്ടിനും ചൂടാണിവിടെ-
ക്കാറ്റിനും
മഴക്കും ചൂടാണ്, പുഴക്കും
ചൂടാണ്
നിനക്കായ് തങ്കമേ,
ചുരന്നൊലിക്കുമെന്‍
മലപ്പാലും നഞ്ഞുചുവക്കും
ചൂടാണ്.
കരയാന്‍ വയ്യാത്ത,
മിഴിഞ്ഞ കണ്ണുള്ളോ-
രരുമപ്പൈതലേ,
നുണച്ചുറങ്ങുക.
-മാതൃഭൂമി ആഴ്ചപ്പതിപ്പ് (29.5.2011)


2011, മേയ് 16, തിങ്കളാഴ്‌ച

എല്ലാ മാരക കീടനാശിനികളും നിരോധിക്കണം -സുധീരന്‍


കണ്ണൂര്‍: മനുഷ്യ നിലനില്‍പിനെയും പരിസ്ഥിതിയെയും ബാധിക്കുന്ന എല്ലാ മാരക കീടനാശിനികളും നിരോധിക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക സാഹിതി കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ കീടനാശിനി മാനേജ്‌മെന്റ് ഏജന്‍സി രൂപവത്കരിക്കണം. നിശ്ശബ്ദമരണം ഉണ്ടാക്കുന്നതും സമൂഹത്തെയും രാജ്യത്തെയും അസ്ഥിരപ്പെടുത്തുന്നതുമായ മാരകവിഷങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുഖ്യ പങ്കുവഹിക്കണം.
മദ്യം കുടിച്ച് മരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം നല്‍കുന്നു. ഈ തുകയെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കണം. കുടിച്ചുമരിക്കുന്നവരേക്കാള്‍ അര്‍ഹതയുള്ളവരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍.
ഇവര്‍ക്ക് ആവശ്യമായ ചികിത്സ യഥാസമയം നല്‍കാന്‍ സംവിധാനം വേണം. ഇപ്പോള്‍ ലഭ്യമാക്കിയെന്നു പറയുന്ന ചികിത്സാ സംവിധാനം ഏറെ അപര്യാപ്തമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് പ്രജിതയെന്ന മൂന്നു വയസ്സുകാരി. നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും അവരുടെ വിദ്യാഭ്യാസവും മറ്റു സംരക്ഷണവും ഉറപ്പുവരുത്താനും ട്രൈബ്യൂണല്‍ രൂപവത്കരിക്കേണ്ടതുണ്ട്.
മയക്കുമരുന്നുകള്‍ക്കെതിരെയും സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഏറ്റവും നീറുന്ന പ്രശ്‌നമായി മാറിയിരിക്കുകയാണ് മാലിന്യ നിര്‍മാര്‍ജനം. നാട് മാലിന്യംകൊണ്ട് മൂടുകയാണ്.സമഗ്രമായ തെരഞ്ഞെടുപ്പു പരിഷ്‌കരണം അനിവാര്യമാണ്. ആഡംബരമായ തെരഞ്ഞെടുപ്പുരീതി മാറണം.
 കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്‌നങ്ങളോ ജീവല്‍പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യപ്പെട്ടില്ല. വ്യക്തിവൈരാഗ്യവും വ്യക്തിഹത്യയുമാണ് പ്രചാരണായുധമായത്. നമ്മുടെ സംസ്‌കാരത്തിനും പൈതൃകത്തിനും യോജിച്ച പ്രചാരണമല്ല ഉണ്ടാകുന്നത്. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ മേമ്പൊടിക്കു പോലും ചര്‍ച്ചചെയ്യപ്പെട്ടില്ല. ജനങ്ങളാണ് എല്ലാം എന്ന തിരിച്ചറിവ് നഷ്ടപ്പെടുകയാണെന്നും സുധീരന്‍ പറഞ്ഞു.
പ്രഫ. ബി. മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ്, പി. രാമകൃഷ്ണന്‍, കെ.പി. നൂറുദ്ദീന്‍, എ.ഡി. മുസ്തഫ, എം. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.



എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധം



Published on Fri, 05/13/2011
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വില്‍പനയും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചു. എട്ടാഴ്ചത്തേക്കാണ് ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഇടക്കാല നിരോധം ഏര്‍പ്പെടുത്തിയത്. ഈ കാലയളവിനുള്ളില്‍ നിര്‍ദിഷ്ട പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ക്ക് സു്രപീം േകാടതി നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന് ശേഷം സുരപീം കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കൃഷി മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാര്‍ഷിക കമീഷണറോടും സു്രപീം കോടതി നിര്‍ദേശിച്ചു.

2011, മേയ് 13, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധം


എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധം
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വില്‍പനയും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചു. എട്ടാഴ്ചത്തേക്കാണ് ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഇടക്കാല നിരോധം ഏര്‍പ്പെടുത്തിയത്. ഈ കാലയളവിനുള്ളില്‍ നിര്‍ദിഷ്ട പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ക്ക് സു്രപീം േകാടതി നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന് ശേഷം സുരപീം കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കൃഷി മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാര്‍ഷിക കമീഷണറോടും സു്രപീം കോടതി നിര്‍ദേശിച്ചു.



2011, മേയ് 10, ചൊവ്വാഴ്ച

എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന എച്ച്.ഐ.എല്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്‌


Posted on: 10 May 2011


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനം കളമശ്ശേരി ഏലൂരിലെ എച്ച.ഐ.എല്‍(Hindustan Insecticides Limited) അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. 2009 മുതലുള്ള മാലിന്യം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കമ്പനി അടച്ചുപൂട്ടാന്‍ കാരണമായി ഉത്തരവില്‍ പറയുന്നുണ്ട്. 

എച്ച്.ഐ.എല്‍ രാസമാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ച വരുത്തിയെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവന്‍ പറഞ്ഞു. അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത് നിരന്തരം നിയമലംഘനം നടത്തിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന ഏക സ്ഥാപനമാണ് എച്ച.ഐ.എല്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സമരക്കാര്‍ ആവശ്യപ്പെട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് ഐച്ച.ഐ.എല്‍ അടച്ചുപൂട്ടണമെന്നതായിരുന്നു. 

കമ്പനി അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട മറ്റ് നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് സൂചന

2011, മേയ് 9, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി


 എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പഠന റിപ്പോര്‍ട്ട് വരാതെ എന്‍ഡോസള്‍ഫാന്‍ ദേശവ്യാപകമായി നിരോധിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ സ്വീകരിച്ച നിലപാട് ഈ മാസം നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ തിരുത്താന്‍ കഴിയില്ലെന്ന സൂചനയും പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ളള പ്രതിനിധി സംഘത്തിന് നല്‍കി.  
ഒട്ടും മുനധാരണയില്ലാതെയാണ് കേരളത്തിന്റെ ആവലാതികള്‍ കേള്‍ക്കുന്നതെന്ന് പറഞ്ഞ ശേഷമാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടായി പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തോട് പറഞ്ഞത്്. സംസ്ഥാന ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നേരം നീണ്ടു നിന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വരാതെ നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇതിന് മുമ്പ് നടന്ന നിരവധി പഠന റിപ്പോര്‍ട്ടുകളുടെ കാര്യം കേരള സംഘം ബോധിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന 2002ലെ റിപ്പോര്‍ട്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 'മാധ്യമം' ഇന്ന് പുറത്തു വിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഏറ്റവും പുതിയ എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ടും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകളൊന്നും താന്‍ ഇത് വരെ കണ്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ന്നുള്ള പ്രതികരണം. ഇപ്പോള്‍ നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ കേരളം ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടുകളും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി  സര്‍വകക്ഷി സംഘത്തോട് പറഞ്ഞു.
സ്റ്റോക്ക് ഹോം പ്രതിനിധികളുടെ അന്തര്‍ദേശീയ വേദിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്ന നിലപാട് തുടര്‍ന്നാലും പിന്നീട് നിലപാട് മാറ്റുന്നതില്‍ തടസമില്ലെന്ന് പ്രധാനമന്ത്രി കേരളത്തില്‍ നിന്നെത്തിയ സര്‍വകക്ഷി സംഘത്തെ ആശ്വസിപ്പിച്ചു. സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ സ്വീകരിക്കുന്ന നിലപാട് പിന്നീട് ഇക്കാര്യം പുനഃപരിശോധിക്കുന്നതില്‍ ഇന്ത്യയെ തടയുന്നില്ല എന്ന വാദവും പ്രധാനമന്ത്രി സംഘത്തിന് മുമ്പാകെ വെച്ചു. ഏതായാലും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തുന്ന പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവിലുള്ള നിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദിഷ്ട പഠന റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് കേരളം ചൂണ്ടിക്കാണിച്ച മറ്റു പഠന റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ത്തുവെച്ച് എന്‍ഡോസള്‍ഫാന് അനുകൂലമായ സമീപനം പുനര്‍ വിചിന്തനത്തിന് വിധേയമാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.   
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇനിയും പഠനം വേണമെന്ന നിലപാട് കേരളം നേരത്തെ തള്ളിക്കളഞ്ഞതാണെന്നും പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശം കേരളത്തിന് സ്വീകാര്യമല്ലെന്നും ആരോഗ്യമന്ത്രി പി.കെ ശ്രീമതി സര്‍വകക്ഷി സംഘം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ഒറ്റക്കെട്ടായി എന്‍ഡോസള്‍ഫാനെതിരെ മുന്നോട്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു. കുത്തകകള്‍ക്ക് അനുകൂലമായി നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദേശവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക, സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അടുത്ത ഘട്ടം ചര്‍ച്ചയില്‍ അന്തര്‍ദേശീയ തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ ഇന്ത്യ നിലപാട് സ്വീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ഉന്നയിച്ചതെന്നും ഈ രണ്ട് ആവശ്യങ്ങളോടും അനുഭാവപൂര്‍ണമായ മറുപടിയല്ല പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ചതെന്നും വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
ഇവരെ കൂടാതെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍ വിവിധ കക്ഷി നേതാക്കളായതലേക്കുന്നില്‍ ബഷീര്‍ എ.കെ ശശീന്ദ്രന്‍, സി.ടി അഹമ്മദലി, ജോര്‍ജ് വര്‍ഗീസ്, വി.മുരളീധരന്‍, പി.സി തോമസ്, എ.എന്‍ രാജന്‍ ബാബു, ജോയ് അബ്രഹാം എന്നിവരാണ് സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നത്.


എന്‍ഡോസള്‍ഫാന്‍: കീടനാശിനി നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍


എന്‍ഡോസള്‍ഫാന്‍: കീടനാശിനി നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഹരജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കീടനാശിനി കമ്പനികളുടെ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു.
കീടനാശിനി പ്രയോഗമില്ലാതെ രാജ്യത്തെ കാര്‍ഷിക വിളകളില്‍ മൂന്നിലൊന്നും നശിക്കുന്നുവെന്നും അതുവഴി പ്രതിവര്‍ഷം 90,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിന്  സംഭവിക്കുന്നുവെന്നും ഇതുസംബന്ധിച്ച് നല്‍കിയ അപേക്ഷയില്‍ നിര്‍മാണ കമ്പനികളുടെ സംഘടന വിശദീകരിച്ചു. ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 7500 കോടി രൂപയുടെ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്തുവരുന്ന കാര്യവും കോടതി കണക്കിലെടുക്കണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കും. അതിന് പറ്റിയ ബദലില്ലെന്നും അപേക്ഷയില്‍ വിശദീകരിച്ചു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും നിലപാട് തേടിയിട്ടുണ്ട്. കേസ് 11ന് കോടതി പരിഗണിച്ചേക്കും.

ജയ്‌റാം രമേഷിന്‌ സുധീരനെ അറിയില്ലേ? -സി.ആര്‍.നീലകണ്‌ഠന്‍

എന്‍ഡോസള്‍ഫാനെതിരേ കേരളത്തില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുക്കുന്ന ശക്‌തമായ പ്രതിരോധങ്ങള്‍ നടക്കുമ്പോള്‍ മഹാരാഷ്‌ട്രയില്‍ മറ്റൊരു ശക്‌തമായ സമരം നടക്കുന്നുണ്ടായിരുന്നു. താരാപൂരില്‍നിന്നു തുടങ്ങി ജൈതാപൂരില്‍ സമാപിക്കുന്ന ബഹുജനജാഥയായിരുന്നു അത്‌. ജൈതാപൂരില്‍ സ്‌ഥാപിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 മെഗാവാട്ട്‌ ആണവ നിലയങ്ങള്‍ക്കെതിരേ തദ്ദേശീയര്‍ നടത്തുന്ന രൂക്ഷമായ പോരാട്ടത്തിനു പിന്തുണ നല്‍കുന്ന ജാഥയായിരുന്നു അത്‌. ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും മുന്‍ ജഡ്‌ജിമാരായ പി.ബി. സാവന്ത്‌, കെ.ജി. ഖോസ്ല, മുന്‍ നാവികസേനാ മേധാവി അഡ്‌മിറല്‍ എല്‍. രാംദാസ്‌, വന്ദനാ ശിവ, പ്രഫുല്‍ ബിദ്വായി, മേധാ പട്‌കര്‍, അച്ചി പൈനിക്‌ തുടങ്ങിയ പ്രമുഖരും ആണവനിലയ പദ്ധതികള്‍ക്കെതിരേ സമരം ചെയ്യുന്ന മറ്റു സംഘടനകളുടെ (പശ്‌ചിമബംഗാള്‍, ഹരിയാന, തമിഴ്‌നാട്ടിലെ കൂടംകുളം) പ്രതിനിധികളും മത്സ്യത്തൊഴിലാളി നേതാക്കളും പങ്കെടുത്ത ആ ജാഥയില്‍ ഈ ലേഖകനുമുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യ ആണവ വൈദ്യുതിനിലയം സ്‌ഥാപിച്ചിട്ടുള്ള താരാപൂരില്‍നിന്നു ജാഥ ആരംഭിച്ചത്‌ അര്‍ഥപൂര്‍ണമായി. ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ നടത്തിയ വെടിവയ്‌പില്‍ കഴിഞ്ഞയാഴ്‌ച മരിച്ചതടക്കം ആറുപേര്‍ രക്‌തസാക്ഷികളായിക്കഴിഞ്ഞിരിക്കുന്നു.


ജപ്പാനില്‍ ഫുകുഷിമ ദുരന്തമുണ്ടാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ ജൈതാപൂര്‍ നിലയത്തിന്റെ അപകടസാധ്യതകളെയും അതിന്റെ സാമ്പത്തിക ബാധ്യതയെയും പറ്റി ഇതേ പംക്‌തിയില്‍ എഴുതിയിരുന്നു ('ഈ മാരണം നമുക്കു വേണോ'-ജനുവരി 1 മംഗളം ദിനപത്രം). യാത്ര തടസപ്പെടുത്താന്‍ തുടക്കം മുതല്‍ തന്നെ പോലീസ്‌ പല അടവുകളും പ്രയോഗിച്ചിരുന്നു. കുറെപ്പേരെ വഴിയില്‍ തടഞ്ഞുവച്ചു. നിസാര കുറ്റങ്ങള്‍ ചാര്‍ത്തി വണ്ടികള്‍ പിടിച്ചുവച്ചു. മുന്‍ നാവികസേനാധിപനടക്കമുള്ളവര്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ശേഷമാണ്‌, രാത്രി ഏറെ വൈകി ഇവരെ വിട്ടയച്ചത്‌.



ചെര്‍ണോബില്‍ ദുരന്തത്തിന്റെ 25-ആം വാര്‍ഷികം കൂടിയായിരുന്നു ഏപ്രില്‍ 26.ലോകത്താദ്യമായാണു ഫ്രഞ്ച്‌ കമ്പനിയായ അറീവ ഇത്ര വലുതും പുതിയ രൂപകല്‍പനയിലുള്ളതുമായ നിലയം ജൈതാപൂരില്‍ സ്‌ഥാപിക്കുന്നത്‌. ജനസാന്ദ്രതയേറിയ കൊങ്കണ്‍ തീരത്ത്‌ ആണവനിലയം സ്‌ഥാപിക്കുന്നതിനെതിരേ ജനങ്ങള്‍ ഉയര്‍ത്തിയ ആശങ്കകളെല്ലാം കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. ഫുകുഷിമ ആണവദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ എല്ലാ പാശ്‌ചാത്യ രാജ്യങ്ങളും ആണവപദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവച്ചു. വന്‍തോതിലുള്ള ആണവപദ്ധതിക്കു തയാറെടുത്തിരുന്ന ചൈനയുടെ ആണവമോഹങ്ങള്‍ പോലും ഫുകുഷിമ നിലയത്തിലെ ഇന്ധനദണ്ഡുകള്‍ പോലെ ഉരുകിയൊലിക്കാന്‍ തുടങ്ങി. ഇതൊക്കെയാണെങ്കിലും ജൈതാപൂരില്‍ നിലയം സ്‌ഥാപിക്കുമെന്ന്‌ ഏപ്രില്‍ 26-നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം ആവര്‍ത്തിക്കുകയായിരുന്നു. ഈ പുതിയ തരം നിലയം ഇന്ത്യയില്‍ സുരക്ഷിതമായിരിക്കുമെന്ന്‌ ഇവരെങ്ങനെയാണ്‌ ഉറപ്പാക്കുക? 



ഇന്ത്യയുടെ പല മടങ്ങു സാമ്പത്തിക-സാങ്കേതിക-മാനേജ്‌മെന്റ്‌ ശേഷിയുള്ള രാജ്യമാണല്ലോ ജപ്പാന്‍. എന്നിട്ടും ഫുകുഷിമ എത്ര വലിയ ദുരന്തമാണു സൃഷ്‌ടിച്ചത്‌. ആ ദുരന്തം കരയിലും കടലിലുമായി വിതച്ച ആണവവികിരണ പദാര്‍ഥങ്ങള്‍ എത്രായിരം വര്‍ഷത്തേക്ക്‌ അപകടകാരിയായി നിലനില്‍ക്കും? 



വിദേശനിര്‍മിത ആണവനിലയം സുരക്ഷിതമാണെങ്കില്‍ പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദമുണ്ടായിട്ടുകൂടി ആണവ ബാധ്യതാ നിയമത്തില്‍ വിദേശക്കമ്പനികളുടെ ബാധ്യത കേവലം 1500 കോടി രൂപയായി ഒതുക്കാന്‍ സര്‍ക്കാര്‍ ബലം പിടിച്ചതെന്തിന്‌?നിര്‍മാണത്തകരാറുകൊണ്ടാണ്‌ അപകടമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമാണ്‌ ഈ ബാധ്യത. എന്നാല്‍, ഫുകുഷിമയിലെ അവസ്‌ഥയെന്താണ്‌? നിലയത്തിലേയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലേയും ആണവമാലിന്യങ്ങള്‍ നീക്കി സുരക്ഷിതമാക്കാന്‍ മാത്രം പതിനായിരം കോടി രൂപ ചെലവു വരുമെന്നാണ്‌ അമേരിക്കന്‍ കമ്പനികള്‍ നല്‍കുന്ന കണക്ക്‌. മനുഷ്യരുടെ മരണവും മറ്റു നാശനഷ്‌ടങ്ങളും കൂടി കണക്കാക്കിയാല്‍ ഇത്‌ ഒരുലക്ഷം കോടി രൂപ കവിയുമെന്നു പറയുന്നു.



ഈ തുക നാം മുടക്കേണ്ടിവരുമ്പോള്‍ അപകടത്തിനു കാരണക്കാരായ കമ്പനികള്‍ നല്‍കുക പരമാവധി 1500 കോടി രൂപ മാത്രം. ബാക്കി സര്‍ക്കാര്‍ അഥവാ ജനങ്ങള്‍ വഹിക്കണം.അപകടമുണ്ടായില്ലെങ്കില്‍ത്തന്നെ ഇറക്കുമതി ചെയ്‌ത ഇന്ധനം (ഇന്ത്യയില്‍ സമ്പുഷ്‌ടീകരണ ശേഷിയില്ല), സ്‌പെയര്‍ പാര്‍ട്ടുകള്‍ മുതലായവയ്‌ക്കും എരിഞ്ഞ ഇന്ധനം പതിനായിരക്കണക്കിനു വര്‍ഷത്തേക്കു സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വേണ്ടിവരുന്ന ചെലവു മാത്രം പരിഗണിച്ചാല്‍ ആണവനിലയം മഹാദുരന്തമാണ്‌. പ്രവര്‍ത്തനം അവസാനിച്ച (അപകടം മൂലമോ അല്ലാതെയോ) ഒരു നിലയം 'മൂടിയിടാന്‍' മാത്രം പതിനായിരക്കണക്കിനു കോടി രൂപ വേണ്ടിവരും. ഇതെല്ലാം പരിഗണിച്ചാല്‍ സൗരോര്‍ജവും കാറ്റിലെ വൈദ്യുതിയുമെല്ലാം ഏറെ ചെലവു കുറഞ്ഞതാകുമെന്ന സത്യം കേന്ദ്ര പരിസ്‌ഥിതി മന്ത്രിയെങ്കിലും ഓര്‍ക്കാത്തതെന്തേ? എന്‍ഡോസള്‍ഫാന്‍ പ്രശ്‌നവുമായി ഇതിനു നേരിട്ടു ബന്ധമുണ്ട്‌. ലക്ഷക്കണക്കിനു മനുഷ്യര്‍ക്കും പ്രകൃതിക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും ദ്രോഹകരവും പരിഹാരമില്ലാത്ത ദുരന്തം സൃഷ്‌ടിക്കുന്നതുമായ ഈ രണ്ടു പദ്ധതികള്‍ക്കു പിന്നിലെയും പ്രധാന പ്രേരകശക്‌തി കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറാണ്‌. കീടനാശിനിക്കാര്യത്തില്‍ കൃഷിമന്ത്രിയായും മഹാരാഷ്‌ട്രയിലെ വികസനവീരനായും നിന്നുകൊണ്ടാണു ശരദ്‌ പവാര്‍ എന്‍ഡോസള്‍ഫാനെയും ആണവപദ്ധതിയെയും ശക്‌തമായി ന്യായീകരിക്കുന്നത്‌. ദേശീയ അന്തര്‍ദേശീയ കോര്‍പറേറ്റുകളുടെ താല്‍പര്യം സാധാരണ മനുഷ്യരുടെ താല്‍പര്യങ്ങളേക്കാള്‍ ഏറെ പ്രധാനമാണെന്നു ശരദ്‌ പവാറും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലൂവാലിയയും വാദിക്കുന്നതില്‍ ആരും അത്ഭുതപ്പെടില്ല. അവര്‍ അത്തരക്കാരാണ്‌. മൂലധനമാണവരുടെ ദൈവം, കമ്പോളമാണവരുടെ ക്ഷേത്രം, ലാഭമാണവരുടെ വരം. എന്നാല്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേഷിനെപ്പറ്റി ഇങ്ങനെയൊന്നുമല്ല നമ്മള്‍ ധരിച്ചിരുന്നത്‌. ഈ ലേഖകന്‍ തന്നെ അദ്ദേഹത്തിന്റെ നിരവധി നിലപാടുകളെ പ്രശംസിച്ചിട്ടുണ്ട്‌.




 Environment Minister Jairam Ramesh presents the clearance 
certificate for the Jaitapur nuclear power plant to 
Maharashtra Chief Minister Prithviraj Chavan.
പ്രകൃതിക്കും ജൈവവൈവിധ്യത്തിനും മനുഷ്യര്‍ക്കും പ്രഥമ പരിഗണന നല്‍കുന്ന മന്ത്രിയെന്ന നിലയിലാണു കേരളത്തിലെ അതിരപ്പിള്ളി, കണ്ണൂരിലെ കണ്ടല്‍പാര്‍ക്ക്‌, കൊച്ചി ഐ.പി.എല്‍. സ്‌റ്റേഡിയം തുടങ്ങിയ പദ്ധതികളില്‍ അദ്ദേഹം ശക്‌തമായ നിലപാടെടുത്തത്‌.അഖിലേന്ത്യാതലത്തില്‍ ഏറെ സമ്മര്‍ദമുണ്ടായിട്ടും ജനിതക രൂപഭേദം വരുത്തിയ വഴുതനങ്ങയുടെ കാര്യത്തിലും ജയ്‌റാം രമേഷ്‌ ഉറച്ചുനിന്നു. കേരളത്തിലെ പ്രശ്‌നങ്ങള്‍ കക്ഷിരാഷ്‌ട്രീയാടിസ്‌ഥാനത്തിലുള്ള ഇടപെടലാണെന്നു ചില സി.പി.എം. നേതാക്കള്‍ ആരോപിച്ചപ്പോള്‍ കോണ്‍ഗ്രസും മറ്റും ഭരിക്കുന്ന ആന്‌ധ്രയിലും ഒറീസയിലുമെല്ലാം ജയ്‌റാം രമേഷ്‌ സ്വീകരിച്ച നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരാണു നമ്മള്‍. ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം അവകാശപ്പെടുന്ന സോണിയാ ഗാന്ധിയുടെ പിന്തുണ ജയ്‌റാം രമേഷിനുണ്ടെന്നും കേട്ടിരുന്നു. എന്നാല്‍ പെട്ടെന്ന്‌ എല്ലാം തകിടം മറിഞ്ഞു. കോര്‍പറേറ്റ്‌ രാഷ്‌ട്രീയത്തിന്‌ ഇദ്ദേഹം കീഴ്‌പ്പെടുന്ന കാഴ്‌ചയാണ്‌ പിന്നീടു നാം കാണുന്നത്‌. (It's paradoxical that environmentalists are against nuclear energy: Jairam Ramesh) ഒറീസയിലെ പോസ്‌കോ ഖനനത്തിനും നവി മുംബൈയിലെ വിമാനത്താവള പദ്ധതിക്കും ജൈതാപൂര്‍ ആണവനിലയത്തിനും നല്‍കിയ അനുമതികള്‍ ഇതിനു തെളിവാണ്‌.ഏറെ ദുര്‍ബലമായ ചില വ്യവസ്‌ഥകള്‍വച്ചുകൊണ്ടാണ്‌ ആണവനിലയത്തിനു മന്ത്രി അനുമതി നല്‍കിയതെന്നതും ശ്രദ്ധേയമാണ്‌. അനുമതിയിലെ 23 പൊതുവ്യവസ്‌ഥകളും 12 പ്രത്യേക വ്യവസ്‌ഥകളും പരിഹാസ്യമാണ്‌. 'നിയമങ്ങളെല്ലാം പാലിക്കണം' എന്ന പൊതു ഗീര്‍വാണമാണ്‌ അധികവും. ആണവനിലയം സംബന്ധിച്ച്‌ യാതൊരുവിധ വിവരങ്ങളും പൊതുസമൂഹത്തിനു നല്‍കേണ്ടതില്ലെന്ന നിലപാടാണ്‌ ജയ്‌റാം രമേഷിനുമുള്ളത്‌. മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിലയത്തിന്റെ ആറു കിലോമീറ്റര്‍ പരിധിയില്‍ കയറാനാവില്ല. പരിശോധനാ സംവിധാനമായ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ അണുശക്‌തി വകുപ്പിന്റെ കീഴിലാണ്‌. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയുടെ നിലയങ്ങളില്‍ നടന്ന അപകടങ്ങളുടെ യാതൊരു വിശദാംശവും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഫുകുഷിമ മാതൃകയില്‍ ഒരപകടം ജൈതാപൂരിലുണ്ടായാല്‍ 20 കി. മീറ്ററില്‍നിന്നു കുടിയൊഴിപ്പിക്കേണ്ടത്‌ അനേകലക്ഷം മനുഷ്യരെയാണ്‌. ഈ നിലയം കടലിലുണ്ടാക്കുന്ന നാശങ്ങളും ഏറെയാണ്‌. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും ജയ്‌റാം രമേഷിന്റെ നിലപാട്‌ ഏറെ വിമര്‍ശിക്കപ്പെട്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിലാണ്‌ ജയ്‌റാം രമേഷിനു കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം.പിയുമായ വി.എം. സുധീരനെ അറിയില്ലേയെന്ന ചോദ്യം ഉയരുന്നത്‌. അറിയാതിരിക്കാന്‍ വഴിയില്ല, വ്യക്‌തിപരമായി, എന്നാല്‍ കേവല സങ്കുചിതമായി കക്ഷിരാഷ്‌ട്രീയത്തിനപ്പുറം സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കുവേണ്ടി ശക്‌തമായി വാദിക്കാന്‍ ഇന്നു നമുക്ക്‌ ഒരു സുധീരന്‍ മാത്രമേയുള്ളൂ.ഭരിക്കുന്നതാരെന്നോ തന്റെ കക്ഷിനേതാക്കളുടെ നിലപാടെന്തെന്നോ സുധീരന്‍ പരിഗണിക്കാറില്ല. ആലപ്പുഴ കരിമണല്‍ ഖനന സമരത്തില്‍നിന്നുകൊണ്ട്‌ സ്വന്തം മുന്നണിയിലെ ചില കക്ഷികളുടെ നീരസത്തിന്‌ അദ്ദേഹം ഇരയായി. അതിരപ്പിള്ളി, മൂലമ്പിള്ളി, ദേശീയപാത സ്വകാര്യവല്‍കരണം തുടങ്ങി എന്‍ഡോസള്‍ഫാന്‍ വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ജനപക്ഷ നിലപാട്‌ വ്യക്‌തമാണ്‌. പരിസ്‌ഥിതി തകര്‍ച്ചയും മനുഷ്യാവകാശ ധ്വംസനവും നടക്കുന്നിടങ്ങളില്‍ സുധീരനുണ്ടാകുന്നുവെന്നതാണു പ്രധാനം. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടതുപക്ഷത്തെ പലരും നാളിതുവരെ വളരെ മോശമായ നിലപാടാണ്‌ എടുത്തിരുന്നതെന്ന്‌ ആര്‍ക്കാണറിയാത്തത്‌.കേന്ദ്രം ഭരിക്കുന്നതു കോണ്‍ഗ്രസാണെന്നതിനാല്‍ മാത്രമാണു സി.പി.എമ്മുകാര്‍ ഇത്ര ആവേശം കാണിക്കുന്നത്‌.ഇവിടെയാണു ജയ്‌റാം രമേഷ്‌ സുധീരനെ തിരിച്ചറിയേണ്ടത്‌. പരിസ്‌ഥിതി, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങള്‍ കേവലം കക്ഷിരാഷ്‌ട്രീയത്തിനപ്പുറത്തുള്ള രാഷ്‌ട്രീയമാണെന്ന പാഠം വി.എം. സുധീരനില്‍നിന്നു ജയ്‌റാം രമേഷ്‌ പഠിക്കണം. 



2011, മേയ് 8, ഞായറാഴ്‌ച

എന്‍ഡോസള്‍ഫാനു പകരം പുളിയുറുമ്പ്


എന്‍ഡോസള്‍ഫാനു പകരം പുളിയുറുമ്പ്
കണ്ണൂര്‍: പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തേയിലക്കൊതുകിനെതിരെ പ്രയോഗിച്ച് ദുരന്തം വിതച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് പ്രകൃതിദത്ത ബദലായി പുളിയുറുമ്പുകളെ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) കണ്ടെത്തി. ഐ.സി.എ.ആറിനു കീഴിലുള്ള കാസര്‍കോട് സി.പി.സി.ആര്‍.ഐയുടെ അനുബന്ധസ്ഥാപനമായി കര്‍ണാടക പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ തോട്ടത്തിലാണ് ഇതിനുള്ള വിജയകരമായ പരീക്ഷണം നടക്കുന്നത്.
കശുമാവിനെ ബാധിക്കുന്ന 60 കീടങ്ങളില്‍ പ്രധാന ഇനമാണ് തേയിലക്കൊതുക്. ഇതിനെ കൊല്ലാനായിരുന്നു കാസര്‍കോട് പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. കാസര്‍കോട് പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ദുരന്തം മനസ്സിലാക്കിയ പുത്തൂരിലെ എന്‍.ആര്‍.സി.സി ഈ കീടനാശിനി ഒഴിവാക്കാന്‍ ദേശവ്യാപകമായി നിര്‍ദേശം നല്‍കിയിരുന്നു. ബദലിനായി ഗവേഷണവും തുടങ്ങി.
എന്‍.ആര്‍.സി.സി നടത്തിയ പരീക്ഷണങ്ങളില്‍ തേയിലക്കൊതുകിനെ പ്രതിരോധിക്കാന്‍ പ്രകൃതിദത്ത മാര്‍ഗം പുളിയുറുമ്പുകളാണെന്ന് കണ്ടെത്തി. തളിര്‍ക്കുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്ന മൂന്നു ഘട്ടങ്ങളിലാണ് കീടങ്ങളുടെ ആക്രമണമുണ്ടാവുക. തോട്ടങ്ങളില്‍ പൊതുവെ കാണുന്ന ചുവന്ന പുളിയുറുമ്പുകളുടെ വംശവര്‍ധനയിലൂടെ തേയിലക്കൊതുകിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയത്. കശുമാവില്‍നിന്ന് ഉണങ്ങിവീഴുന്ന കമ്പുകളും കരിയിലകളും കൂട്ടിയിട്ട് മുകളില്‍ നേരിയ തോതില്‍ മണ്ണു പാകി പുകയിടുന്നതാണ് കീടപ്രതിരോധത്തിന് പരീക്ഷിച്ച് വിജയംകണ്ട മറ്റൊരു രീതി. മൂന്നു ഘട്ടങ്ങളില്‍ ഇങ്ങനെ പുകക്കുന്നതിലൂടെ തേയിലക്കൊതുകിനെ പൂര്‍ണമായി അകറ്റാന്‍ കഴിയും.
ജനീവ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് ബദല്‍ കണ്ടെത്താന്‍ കാലയളവ് ആവശ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.