2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍ :സമരമുഖത്തെ വിസ്മയക്കാഴ്ച്ചകള്‍

-ജലീല്‍ പടന്ന

കാസര്‍ഗോഡ്‌ ജില്ലയിലെ പതിനൊന്നോളം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പ്ലാ ന്റെഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ രണ്ടരപ്പതിട്ടാണ്ടുകാലം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ വിഷം തളിച്ചതിന്റെ ഫലമായി ഒരു ജനവിഭാഗത്തെ മുഴുവന്‍ അതിജീവനം പോലും അസാധ്യമാകും വിധത്തില്‍ ദുരിതത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതക്കെതിരെയുള്ള സമരം അന്തിമഘട്ടത്തോടടുത്തിരിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ ഓടിക്കിതച്ചെത്തി സമരക്കോലം കെട്ടിയാടുന്ന മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ താളത്തിനൊത്ത്‌ തുള്ളുന്ന മത-മതേതര -സാംസാരിക പ്രവര്‍ത്തകരും ഇക്കാലമത്രയും ഈ വിഷയത്തില്‍ സ്വീകരിച്ചിരുന്ന നിലപാട് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.നമ്മള്‍ പൗരസമൂഹം വിഡ്ഢികളെല്ലന്നു ബോധ്യപ്പെടുത്താനെങ്കിലും.
ഈ സമരമുഖത്ത്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും നമ്മള്‍ കാസര്‍കോട്ടുകാര്‍ നാളിതുവരെയായി കണ്ടിട്ടില്ല .മാത്രവുമല്ല എന്താണ് എന്‍ഡോസള്‍ഫാന്‍ ? ഇതുണ്ടാക്കിവെച്ച കെടുതികള്‍ എന്താണ് ? ഇങ്ങനെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ പോലും ഇവര്‍ ഇതുവരെ തയ്യാറായിരുന്നില്ല എന്നത് അനിഷേദ്ധ്യമായ വസ്തുതയാണ് . പി കരുണാകരന്‍ എം പിയും സി എച്ച് കുഞ്ഞമ്പു എം എല്‍ എയും മാത്രമാണ് ഇതിനൊരപവാദം . കൂട്ടായ്മ എന്നനിലയില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരസമിതിയും ഒപ്പം സോളിഡാരിറ്റി യുത്ത് മൂവ്മെന്റും ബോവിക്കാനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുഞ്ചിരി ക്ലബ്ബും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം കത്തിച്ചുനിര്‍ത്തുന്നതില്‍ നിതാന്ത ജാഗ്രതപുലര്‍ത്തി .ഒപ്പം പ്രൊഫ:എം എ റഹ്മാന്‍, ഡോ:അംബികാസുതന്‍ മാങ്ങാട്,കെ എം അഹ്മദ്, പി വി സുധീര്‍, ഡോ:മോഹന്‍കുമാര്‍ ശ്രീ പഡ്റെ , കുമാര്‍, ലീലാകുമാരിയമ്മ, നാരായണന്‍ പേരിയ തുടങ്ങിയവര്‍ സമരജ്വാല കെടാതെ സൂക്ഷിക്കാന്‍ കണ്ണും കാതും കൂര്‍പ്പിചിരുന്നവരാണ് . എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത്പോലും ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെ വായില്‍നിന്നു അറിയാതെ പോലും എന്‍ഡോസള്‍ഫാന്‍ എന്ന് വീഴാറില്ല .
ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന് അന്നും ഇന്നും എന്‍ഡോസള്‍ഫാന്‍ വിഷവുമല്ല ഒരു വിഷയവുമല്ല .കാസര്‍കോട്ടെ ദുരന്ത ഭൂമിയില്‍ വന്നു എന്‍ഡോസള്‍ഫാന് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ കേരളീയ പൊതു സമൂഹത്തിന്റെ മുഴുവന്‍ വെറുപ്പും അനിഷ്ടവും നേടിയെടുത്ത മന്ത്രി കെ വി തോമസിന് പിന്തുണ പ്രഖ്യാപിച്ചു പ്രമേയം പാസാക്കിയവരാണ് ഇവിടത്തെ ഡി സി സി നേതൃത്വം .ഏകദേശം ഒരുവര്‍ഷം മുന്‍പ് അന്നത്തെ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എം ലിജു ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ എന്‍ഡോസള്‍ഫാനെതിരെ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും വിഷയം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും പറഞ്ഞിരുന്നു . എന്നാല്‍ ഈ പ്രശ്നത്തില്‍ ഒരു പ്രസ്താവനപോലും നല്‍കാന്‍ യുത്ത് കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ഇക്കാലമത്രയും തയ്യാറായിരുന്നില്ല .എന്‍ഡോസള്‍ഫാന്‍ മനുഷ്യ ശരീരത്തില്‍ ഒരു കുഴപ്പവും ഉണ്ടാക്കില്ല എന്ന കേന്ദ്ര കൃഷിവകുപ്പിന്റെ നിലപാട് തന്നെയാണ് കോണ്‍ഗ്രസ്സിനും യൂത്ത് കോണ്‍ഗ്രസ്സിന്നും ഉള്ളതെങ്കില്‍ രാഷ്രീയ ഗിമ്മിക്കിന്നു വേണ്ടിയാണെങ്കില്‍ പോലും പാവപ്പെട്ടവരോടൊപ്പം അന്തിയുറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കാസര്‍ഗോടിനെയും വേദിയാക്കാമായിരുന്നു.വാണിനഗറിലെ ഉദയന്റെയും, എന്കമജയിലെ ദേവി കിരണിന്റെയും കുടിലില്‍ അവരുടെ കിണറില്‍ നിന്നും വെള്ളം കുടിച്ച് അവരുണ്ടാക്കിയ ഭക്ഷണം കഴിച്ച് അവരോടൊപ്പം കിടന്നുറങ്ങട്ടെ.എന്നിട്ടാവാം എന്‍ഡോസള്‍ഫാന് ക്ലീന്‍ ചീട്ടു നല്‍കാന്‍.നന്നേ ചുരുങ്ങിയത് കെ വി തോമസിനെ വെള്ളപൂശാന്‍ തിടുക്കം കാട്ടിയ വെളുത്തമ്പുവെങ്കിലും ധൈര്യം കാട്ടട്ടെ അവരുടെ കിണറില്‍ നിന്നും വെള്ളം കുടിക്കാന്‍ .
സി. പി .എമ്മും, ഡി. വൈ .എഫ്. ഐ യും, എസ്. എഫ് .ഐ യുമൊക്കെ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ സമരമുഖത്ത്‌ തിമിര്‍ത്താടുകയാണ് .ഇതുകണ്ടാല്‍ തോന്നുക ഇക്കഴിഞ്ഞമാസം ഉണ്ടായ എന്തോ പ്രശ്നത്തിന്മേലുള്ള സമരകോലാഹലമാണെന്നാണ് .25 വര്‍ഷക്കാലം ഉറക്കം നടിച്ചു കിടന്നവര്‍ പെട്ടന്ന് ചാടി എഴുന്നേറ്റു കാട്ടിക്കൂട്ടുന്ന ഈ സമര വിഭ്രാന്തി കൌതുകമുളവാക്കുന്നുണ്ട്.വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ ചിത്രീകരിക്കാന്‍ ഡോക്ക്യുമെന്റെരി സംവിധായകനും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരനായകനുമായ എം എ റഹ്മാന്‍ ക്യാമറയുമായി ദുരന്ത ഭൂമിയിലേക്ക്‌ ചെന്നപ്പോള്‍ ആട്ടിയോടിക്കാന്‍ ശ്രമിച്ച വിപ്ലവ പാര്‍ട്ടികളുടെ ഇപ്പോഴത്തെ സമരാവേശം കൊള്ളാം. വൈകിയുദിച്ച വിവേകത്തിനും നന്ദി പറയാതെ വയ്യ.അപ്പോഴും എവിടെയായിരുന്നു സഖാക്കളേ ഇക്കാലമത്രയും എന്ന് ചോദിക്കാന്‍ കാസര്‍കോടിന്റെ പൌരബോധത്തെ നിങ്ങള്‍ അനുവദിക്കണം.
മുസ്ലിം ലീഗിന്ന് പക്ഷെ, ഇക്കാലമത്രയും ഇതൊരു സാമൂഹികമോ,രാഷ്ട്രീയമോ ആയ പ്രശ്നമാനെന്നുള്ള തിരിച്ചറിവേ ഉണ്ടായിരുന്നില്ല. “യാരോതളിക്കുന്ന യന്തോസള്‍ഫാന്‍”.. എന്ന ഭാവമായിരുന്നു അവര്‍ക്ക് . തികച്ചും ശാസ്ത്രീയവും,നൂതനവുമായ രീതിയില്‍ ഒരു കോടി ചെലവഴിച്ച് സോളിഡാരിറ്റി നടപ്പിലാക്കിയ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപന സമ്മേളനത്തില്‍ പോലുംപാര്‍ട്ടിയുടെ എം. എല്‍. എ ക്ക് പങ്കെടുക്കാനായില്ല.പരിപാടിയില്‍ പദ്ധതി രേഖ കയ്മാറാംഎന്ന് ഏറ്റ എം. എല്‍. എ പക്ഷെ അന്ന് വിദേശത്തു നിന്നും വരുന്ന മകളെ സ്വീകരിക്കാന്‍ പോകുന്ന തിരക്കിലായിരുന്നു. തല വളര്‍ന്നും തൊലികള്‍ വിണ്ടു കീറിയും കൈകാലുകള്‍ വളഞ്ഞും ഇഴഞ്ഞു നീങ്ങുന്ന നൂറുക്കണക്കിനു കുട്ടികള്‍ക്കുമുണ്ട് അച്ഛനും അമ്മയും.അവരുടെ വേദന പങ്കിട്ടു,ആശ്വാസ വര്‍ത്തമാനങ്ങള്‍ പറഞ്ഞു അല്‍പസമയം അവരോടു ചെലവഴിക്കാനുള്ള മനുഷ്യത്വപരമായുള്ള ഹൃദയ വിശാലത എന്തേ ജനപ്രതിനിധികള്‍ക്ക് ഇല്ലാതെ പോയിഎന്ന കണ്ണീരണിഞ്ഞ ചോദ്യം കസര്‍ഗോടിന്റെ അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാതെ ഇപ്പോഴും അലയുന്നുണ്ട് .ഇതേ ലാഘവത്വം തന്നെയായിരുന്നു അദ്ധേഹത്തിന്റെ പാര്‍ട്ടിക്കും . കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയം നടന്ന ചാനല്‍ ചര്‍ച്ചക്കിടെ പാര്‍ട്ടിയുടെ ജില്ല നേതാവ് എന്‍ഡോ സള്‍ഫാനേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് “എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് ” ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നായിരുന്നു .നിരവധി സമരങ്ങളെ തുടര്‍ന്ന് മരുന്ന് തളി നിര്‍ത്തി പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് നേതാവ് പറയുന്നത് “തളിക്കുന്നത് ” ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന്. അജ്ഞത ഇത്രത്തോളം ആകാമോ എന്ന് ദയവു ചെയ്തു ആരും ചോദിച്ചു പോയേക്കരുത്‌ ..പകരം മത്സര ഓട്ടം ഫിനിഷിംഗ് പോയന്റില്‍ എത്തുന്നതിന്റെ തൊട്ടു മുന്‍പ് ട്രാക്കില്‍ ചാടിക്കയറി ഓടിക്കൊണ്ടിരിക്കുന്ന അവരുടെ അതിസാമര്‍ത്യത്തെ പ്രശംസിക്കുക …… ……….
ഇനി ബി.ജെ.പി. യുടെ കാര്യവും ഒട്ടും വ്യതസ്തമല്ല .നേരത്തെ പാര്‍ട്ടി കേന്ദ്രം ഭരിക്കുമ്പോഴും പിന്നീടും സമുന്നതരായ ദേശീയ-സംസ്ഥാന നേതാക്കളൊക്കെയും പലവുരു കാസര്‍ഗോഡ് വന്നിട്ടുണ്ട്.പക്ഷെ എന്ടോസള്‍ഫാന്‍ ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല.സോളിഡാരിറ്റി നടത്തിയ ബഹുജന മുന്നേറ്റത്തില്‍ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളെ പങ്കെടുപ്പിക്കാന്‍ ഒന്നിലധികം തവണ ശ്രമം നടത്തിയതാണ്.നടന്നില്ല.സ്വന്തം നിലക്ക് ഒരു പ്രക്ഷോഭവും ഇവര്‍ സംഘടിപ്പിച്ചതുമില്ല.എന്നാല്‍ ഇപ്പോള്‍ ബി ജെ പി യും സമരമുഖത്ത്‌ ആരുടെയും പിന്നിലല്ല.ധര്‍ണയും ഉപവാസവുമൊക്കെയായി സമര രംഗം കൊഴുപ്പിക്കുന്നുണ്ട്‌ അവരും.ഒരു കാലത്ത് കേരളത്തിലെ സകലമാന പരിസ്ഥിതി പ്രശ്നങ്ങളിലും ഇടപെടലുകള്‍ നടത്തിയിരുന്ന ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുംപെങ്ങാനോ ഒരു സര്‍വ്വേ നടത്തി പോയതിനു ശേഷം പിന്നെ ഈ ഭാഗത്ത് കണ്ടിരുന്നില്ല.ദാ,ഇപ്പോള്‍ അവരും തിരിച്ചെത്തിയിരിക്കുന്നു.പിന്നെ പു.സ.ക. മാത്രമായി എന്തിനു മാറി നില്‍ക്കണം.അവരുമുണ്ട് ഇപ്പോള്‍ സമര മുന്നണിയില്‍.സാഹിത്യ-നാടക അക്കടമിസ്ടുകള്‍ ബാന്റു വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വളരെ ആഘോഷപൂര്‍വ്വമാണ് സമര മുഖത്ത് എത്തിയിരിക്കുന്നത്.
ഇതിനെക്കാള്‍ ഏറെ കൌതുകം ചില മത സംഘടനകളുടെ രംഗപ്രവേശം കാണുമ്പോഴാണ്. എന്ടോസള്‍ഫാന്‍ എന്ന് കേള്‍ക്കുമ്പോഴേ കൃമികടി തുടങ്ങുന്നവരായിരുന്നു ഇക്കൂട്ടരില്‍ ചിലര്‍.സോളിഡാരിറ്റി ദുരിത മേഖലയില്‍ സമര-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പരിഹസിക്കുകയും അതിനെ മതദര്‍ശനവുമായി ബന്ധമില്ലാത്ത വെറും ഭൌതിക പ്രശ്നമായി ചുരുക്കുകയും ചെയ്തു ഇവര്‍. ഒരു കൂട്ടര്‍ കുറെ കൂടിക്കടന്നു മറ്റു കീടനാശിനി കമ്പനികളില്‍ നിന്ന് പണം വാങ്ങി എന്‍ഡോസള്‍ഫാനെ തകര്‍ക്കാന്‍ വേണ്ടിയാണ് സോളിഡാരിറ്റി സമരം ചെയ്യുന്നത് എന്ന് കൂടി പറഞ്ഞു കളഞ്ഞു.എന്നാല്‍ നേരത്തെ പറഞ്ഞതൊന്നും തിരുത്താതെ തന്നെ ജാള്യത ലവലേശം ഇല്ലാതെ ഇപ്പോള്‍ ഇവരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രസ്താവനാ യുദ്ധം തുടങ്ങിയിരിക്കുന്നു. ഒരു കൂട്ടര്‍ എന്‍ഡോസള്‍ഫാനെതിരെ മൗനം പാലിക്കാന്‍ നമുക്ക് എന്തുണ്ട് ന്യായം എന്ന് ചോദിക്കുമ്പോള്‍ ,വേറൊരു കൂട്ടര്‍ സമ്പൂര്‍ണ്ണ നിരോധം എന്നതില്‍ കവിഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലത്രേ !!! കാലം പോയോരുപോക്കെ ,ഇത് ഏതായാലും ആദര്‍ശ വ്യതിയാനമല്ല പ്രോത്സാഹിപ്പിക്കപ്പെടെണ്ട ധീരമായ നിലപാട് മാറ്റം തന്നെയാണ് ..
സോളിഡാരിറ്റി അതിന്റെ രൂപീകരണത്തിന്റെ ഒന്നാം തിയതി മുതല്‍ തന്നെ ഈ മേഖലയില്‍ സമര -സേവന പ്രവര്ത്തനഗളില്‍ സക്രിയമാണ്.പ്രശ്നത്തിന്റെ വ്യാപ്തിയം സങ്കീര്‍ണ്ണതയും ബോധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി നേരിട്ട് തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് .കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി കരുണ വറ്റാത്ത കേരളത്തിലെ സുമനസ്സുകളില്‍ നിന്നും ശേഖരിച്ച തുകയോടൊപ്പം സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കയികധ്വാനവും ചെലവഴിച്ചു ഏകദേശം ഒരുകോടി രൂപയിലധികം വരുന്ന എന്ടോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ് .കയറിക്കിടക്കാന്‍ വീടില്ലതിരുന്ന ഇരുപതോളം കുടുമ്പങ്ങള്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ തന്നെ വീട് നിര്‍മ്മിച്ചു നല്‍കി.നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് കഴിഞ്ഞ രണ്ടര വര്‍ഷമായി മുടങ്ങാതെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്തു വരുന്നു. ദുരിത ബാധിതരുടെ മക്കളുടെയും ഒപ്പം ദുരിതം പേറുന്ന കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയൂന്നി.അംഗവൈകല്യം ബാധിച്ച കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വാഹന സൌകര്യവും പുറത്തിറങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീട്ടില്‍ വെച്ചു തന്നെ വിദ്യ പകര്‍ന്നു കൊടുക്കുവാനുള്ള സൌകര്യവും ഏര്‍പ്പെടുത്തി.തൊഴില്‍ പരിശീലന പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. ചികിത്സയാണ് പദ്ധതിയിലെ എടുത്തു പറയേണ്ട വകുപ്പ്.വിവിധ കേന്ദ്രങ്ങളില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ എത്തിയ രോഗികള്‍ക്ക് ഇപ്പോഴും തുടര്‍ ചികിത്സ നല്‍കി വരികയാണ് .വിദഗ്ദ ചികിത്സ നിര്‍ദ്ദേശിച്ച രോഗികള്‍ക്ക് മംഗലാപുരത്തെ ആശുപത്രികളിലാണ് ചികിത്സ നല്‍കി വരുന്നത്. കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത വാണി നഗറിലെ ഉദയന് ഇപ്പോള്‍ കൈപിടിച്ചു നടക്കാനാവും.സമൂഹത്തില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു പോയ ദുരിത ബാധിതരുടെ മാനസികാരോഗ്യ വളര്‍ച്ച ലക്ഷ്യംവെച്ച് കമ്മ്യുനിട്ടി ഡെവലപ്മെന്റ് എന്ന വകുപ്പ് കൂടി പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി.വിദഗ്ദരെ പങ്കെടുപ്പിച്ചു ഇവര്‍ക്ക് ആവശ്യമായ കൌണ്സെലിംഗ് -വിനോദ പരിപാടികള്‍ നടത്തി വരുന്നുണ്ട്.
ഇപ്പോള്‍ ഏതായാലും ഒരു കാര്യം വ്യക്തമാണ്‌ .കാസര്‍കോട്ടെ എന്ടോസള്‍ഫാന്‍ വിരുദ്ധ സമര സമിതിയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും അതിശക്തമായ സമര പോരാട്ടം വളരെ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു .വാര്‍ത്ത മാധ്യമങ്ങളും ഈ വിഷയം ഗൌരവപൂര്‍വ്വം ഏറ്റെടുത്തു കഴിഞ്ഞു.സോളിഡാരിറ്റി ഒരു പടികൂടി മുന്നോട്ടു കടന്നു സമരത്തെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു.ദുരിത ബാധിതരെ നേരിട്ട് തന്നെ ദേശീയ -അന്തര്‍ ദേശീയ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ എത്തിച്ച് അവരുടെ ദുരിത കഥ വിശദീകരിക്കുകയും അവരെ പങ്കെടുപ്പിച്ച് പാര്‍ലമെന്‍റ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ ജി ബാലകൃഷ്ണന്റെ മുന്നില്‍ ദുരിത ബാധിതരെ ഹാജരാക്കി ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തി.
മാത്രമോ ,ഇനിയൊരു പഠന സംഘത്തെയും കാസര്‍ഗോടിന്റെ മണ്ണിലേക്ക് കാലു കുത്താന്‍ അനുവദിക്കില്ലന്നു ദുരിത ബാധിതരെ ഇരുവശത്തും ഇരുത്തിക്കൊണ്ട് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെയും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തിക്കൊണ്ട് തന്നെ സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡണ്ട് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചു കഴിഞ്ഞു .ഈ ഇച്ചാശക്തിയും ചങ്കുറപ്പും മാത്രം മതി ഈ സമരം തോല്‍ക്കാനുള്ളതല്ല എന്ന് എന്‍ഡോസള്‍ഫാന്റെ കുഴലൂത്തുകാര്‍ക്കും ഒപ്പം നടേ പറഞ്ഞ കൂട്ടര്‍ക്കും ബോധ്യം വരാന്‍ .പിന്നെ എങ്ങിനെ മാറിനില്‍ക്കാനാവും, സമര വിജയത്തിന്റെ പങ്കു പറ്റണം.എട്ടുകാലി മമ്മൂഞ്ഞുമാര്‍ അപ്പോഴും ഒരു കാര്യം തുറന്നു പറയാന്‍ മറക്കരുത് ,ഇത്രയും കാലം എന്തേ നിങ്ങളുടെ നാവിറങ്ങിപ്പോയി ??
പിന്‍കുറി:സമരം ശക്തിപ്പെടുന്നതോടെ ഗത്യന്തരമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഒരു പക്ഷെ എന്ടോസള്‍ഫാന്‍ നിരോധിച്ചേക്കും.അതോടെ സമര മുഖത്ത് വൈകിയെത്തിയ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ യുവജന വിദ്യാര്‍ഥി പോരാളികളും മുഷ്ടി താഴ്ത്തി കൊടി അഴിച്ചു സ്ഥലം വിടും.എന്നാല്‍ ദുരിത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കി സമ്പൂര്‍ണ്ണ പുനരധിവാസം ഉറപ്പു വരുത്തുന്നത് വരെ സോളിഡാരിറ്റി സമരമുഖത്ത്‌ തന്നെ ഉണ്ടാകും. കാസര്‍ഗോഡ്‌ ജില്ലയിലെ അവസാന പ്രവര്‍ത്തകനും മരിച്ചു വീഴുന്നത് വരെ.

http://www.padanna.net/?p=3572  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ