2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

ജയറാം രമേശിന് മന്ത്രിസ്ഥാനത്തിരിക്കാന്‍ ധാര്‍മ്മികാവകാശമില്ല


 ജയറാം രമേശിന് മന്ത്രിസ്ഥാനത്തിരിക്കാന്‍ ധാര്‍മ്മികാവകാശമില്ല
തൃശൂര്‍: എന്‍ഡോസള്‍ഫാന് അനുകൂലമായി പ്രതികരിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന് മന്ത്രിസ്ഥാനത്തിരിക്കാന്‍ ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഒരു മന്ത്രിയില്‍ നിന്ന്  ഇത്തരം അഭിപ്രായമുണ്ടാകാന്‍ പാടില്ല. എന്‍ഡോസള്‍ഫാന്‍ ലോബിയുമായുളള കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ കൂട്ടുകെട്ടാണ് അതിനനുകൂല നിലപാട് എടുപ്പിക്കുന്നത്.
സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂലമായി ഇന്ത്യ വോട്ട് ചെയ്താല്‍ അത് ചരിത്രപരമായ വിഡ്ഢിത്തമാവുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി മനുഷ്യാവകാശ കൂട്ടായ്മ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡോസള്‍ഫാനെ കുറിച്ച് നടത്തിയ 160 പഠനങ്ങള്‍ വ്യക്തമാക്കുന്നത് എന്‍ഡോസള്‍ഫാന്‍ മാരക വിഷമാണെന്നാണ്. ഒന്നോ രണ്ടോ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് അനുകൂലമായി വന്നിട്ടുളളത്. ആ റിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്‍ ലോബിയുടെ തല്‍പരരുടെതായിരുന്നു. അത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാനു വേണ്ടി വാദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ