2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

മനുഷ്യര്‍ തന്നെ പരീക്ഷണ മൃഗങ്ങള്‍!


എന്‍ഡോസള്‍ഫാന്‍ കീടനാശിനി ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയാകാന്‍ പ്രധാന കാരണം പല രാജ്യങ്ങളും ഇത് നിരോധിക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധത്തിന് ആവശ്യപ്പെടുകയും ചെയ്തതാണ്.
ആത്മഹത്യക്കും മറ്റുമായി  ഉയര്‍ന്ന അളവില്‍  എന്‍ഡോസള്‍ഫാന്‍ കഴിക്കുന്നവര്‍ക്ക് തീവ്ര വിഷബാധ (Acute toxicity) ഉണ്ടാകുമെന്ന് മെഡിക്കല്‍ സയന്‍സിന് അറിവുള്ള കാര്യമാണ്. എന്നാല്‍, നിരവധി കാലംകൊണ്ട് ചെറിയ തോതിലുള്ള ഡോസ് മനുഷ്യശരീരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമോ എന്നത് അടുത്തകാലംവരെ ഊഹം മാത്രമായിരുന്നു.  ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കാമെന്ന് പരീക്ഷണ മൃഗങ്ങളില്‍ കാണുകയും ഇത് മനുഷ്യരിലും ബാധകമാകാമോ എന്ന സംശയംമൂലം ഈ കീടനാശിനി നിരോധിക്കുകയാണ് അഭികാമ്യമെന്ന ചിന്താഗതി രൂപപ്പെടുകയുമാണുണ്ടായത്. എന്നാല്‍, ഇന്ത്യയില്‍ -കൃത്യമായി പറഞ്ഞാല്‍ കാസര്‍കോട്ടെ ഗ്രാമങ്ങളില്‍- മനുഷ്യര്‍തന്നെ പരീക്ഷണ മൃഗങ്ങളാകുന്ന സ്ഥിതിയാണ് കണ്ടത്. ഇവിടെ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് എന്‍ഡോസള്‍ഫാന്റെ കുറഞ്ഞ അളവിലുള്ള ഉപയോഗംപോലും മനുഷ്യരില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ (endocrine disruption) ഉണ്ടാക്കാമെന്നതാണ്.
പല ഗ്രന്ഥികളുടെയും ഹോര്‍മോണ്‍ ഉല്‍പാദനത്തെ ഇത് സാരമായി ബാധിക്കുകയും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥക്ക്  കാരണമാകുകയും ചെയ്യും.  വന്ധ്യതക്കും ഗര്‍ഭധാരണത്തിനും ഭ്രൂണാവസ്ഥക്കും ഗര്‍ഭസ്ഥ ശിശുവിനും ഇത് സാരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൗമാരപ്രായക്കാരില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന്റെ ഫലമായുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങളെയും കീടനാശിനി ദോഷകരമായി ബാധിക്കും. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഭീതിയാണ് യൂറോപ്യന്‍ രാജ്യങ്ങളെ ഇതിനെതിരെ രംഗത്തുകൊണ്ടുവരാനും നിരോധത്തിന് ആവശ്യമുന്നയിക്കാനും  പ്രേരിപ്പിച്ചത്. ഈ രാജ്യങ്ങളിലൊന്നും നേരിട്ടുള്ള തെളിവുകളോ സാക്ഷ്യങ്ങളോ ഇതിനില്ല. എന്നിട്ടും ഭാവിയില്‍ കീടനാശിനിമൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെപ്പറ്റിയുള്ള ആശങ്കയില്‍ നിന്ന് അവര്‍ നടപടിക്ക് തയാറാകുന്നു. എന്നാല്‍, നമ്മുടെ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതത്തിനും പ്രശ്‌നങ്ങള്‍ക്കും വ്യക്തമായ തെളിവുകളുണ്ട്. വര്‍ഷങ്ങളോളം വന്‍തോതില്‍ തുടര്‍ച്ചയായി തളിച്ചതുമൂലം കുടിവെള്ളത്തില്‍ കലര്‍ന്നും മറ്റുമാണ് ദുരന്തമുണ്ടാവുന്നത്.
രണ്ടായിരാമാണ്ടില്‍ സര്‍ക്കാര്‍ നിയോഗിച്ച അച്ചുതന്‍ കമ്മിറ്റി ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തതാണ്. കൃത്യമായ കണക്കെടുപ്പ് നടത്താനായില്ലെങ്കിലും കീടനാശിനിയുടെ ഉപയോഗം മാരക ദോഷ ഫലങ്ങളുണ്ടാക്കിയെന്ന് ഇവര്‍ കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിക്കണമെന്നും കാസര്‍കോട് ഇനി ഒരു കീടനാശിനിയും ഉപയോഗിക്കരുതെന്നും  എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെപ്പറ്റി വിശദമായ പഠനം നടത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
തുടര്‍ന്ന് പഠനം നടത്തിയ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്  (ഐ.സി.എം.ആര്‍) കീഴിലുള്ള അഹ്മദാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷനല്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്) ദുരന്തം കൃത്യമായി കണ്ടെത്തി. കീടനാശിനി തളിച്ച പ്രദേശവും തളിക്കാത്ത പ്രദേശവും തമ്മില്‍ താരതമ്യ പഠനം നടത്തിയായിരുന്നു ഇത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെപ്പറ്റി പഠിച്ച് ഇവര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിനെപ്പറ്റി രണ്ട് ആധികാരിക ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍  ലേഖനങ്ങള്‍ വന്നു.
വസ്തുനിഷ്ഠമായ പഠനങ്ങള്‍മാത്രം ഉള്‍കൊള്ളിക്കുന്ന എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് പെസ്‌പെക്റ്റീവ് എന്ന പ്രസിദ്ധീകരണത്തില്‍ 2003 ഡിസംബറില്‍ ഇത് പ്രസിദ്ധീകരിച്ചു. എന്നിട്ടും ഇനിയും ഒരു പഠനം വേണമെന്ന കൃഷിമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പരാമര്‍ശങ്ങള്‍ തീര്‍ത്തും ബാലിശമാണ്. എന്തുകൊണ്ട് ഈ ആധികാരിക പഠനങ്ങള്‍ സ്വീകരിക്കാനാവില്ലെന്നും  പഠനങ്ങളുടെ ന്യൂനത എന്താണെന്നും പറയാന്‍ പുനര്‍ പഠനത്തിന് ആവശ്യപ്പെടുന്നവര്‍ക്ക് ബാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദുബെ കമ്മിറ്റിയാണ് മുന്‍ പഠനങ്ങള്‍ തെറ്റാണെന്ന് വാദിച്ചത്. വിദഗ്ധ ശാസ്ത്രജ്ഞരും ഉന്നത യോഗ്യതയുള്ളവരും അടങ്ങുന്ന എന്‍.ഐ.ഒ.എച്ചിന്റെ പഠനം തെറ്റാണെന്ന് വാദിക്കുന്ന ദുബെ കമ്മിറ്റിയില്‍ ശാസ്ത്രജ്ഞരോ ശാസ്ത്രീയ പഠനങ്ങള്‍ നടത്താന്‍ യോഗ്യതയുള്ളവരോ ഇല്ലെന്നതാണ് വാസ്തവം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനവും എന്‍.ഐ.ഒ.എച്ചിന്റെ പഠനത്തെ സാധൂകരിക്കുന്നതാണ്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഭീതിയില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടെടുക്കുമ്പോള്‍ നമ്മുടെ രാജ്യം വ്യക്തമായ തെളിവുകളും പഠനവും ഉണ്ടായിട്ടുപോലും വിഷത്തിനനുകൂലമാവുകയാണ്. കീടനാശിനി കമ്പനികളുമായുള്ള അവിഹിത ബന്ധവും അഴിമതിയുമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ഏതൊരു രാജ്യത്തോടും കിടപിടിക്കുന്ന  ഏറ്റവും പുതിയ  രാസവസ്തുക്കളും കീടനാശിനിയും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യ ഈയൊരു മാരക കീടനാശിനിയില്‍നിന്ന് മാറാന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ അതിന് ഇതല്ലാതെ മറ്റൊരു കാരണം കണ്ടെത്താനാകില്ല.
ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഈ പ്രതിഷേധം എന്‍ഡോസള്‍ഫാന്‍ നിരോധം മാത്രം കേന്ദ്രീകരിച്ചാണ്. ഇനി ഈ കീടനാശിനി നിരോധിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല. കാരണം അപ്പോഴും ചില ചോദ്യങ്ങള്‍ ശേഷിക്കും. കാസര്‍കോട് ഇത്തരമൊരു മാരക കീടനാശിനി തളിക്കാനുണ്ടായ സാഹചര്യമെന്ത്? ഇതിന് അനുമതി നല്‍കിയതാര്? എന്ത് അടിസ്ഥാനത്തിലാണ് ആകാശം വഴി ഇത് തളിക്കാന്‍ അനുമതി നല്‍കിയത്? എന്തെങ്കിലും മുന്‍കരുതല്‍ ഇതിന് എടുത്തിരുന്നോ? ഇതിന്റെ ഉത്തരവാദികള്‍ ആര്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ദുബെ കമ്മിറ്റിയെപ്പറ്റിയും അന്വേഷിക്കേണ്ടതുണ്ട്. ഇനിയും ഇത്തരം തെറ്റുകളും ദുരന്തങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരമൊരു അന്വേഷണം അത്യന്താപേക്ഷിതമാണ്.
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മുന്‍ പ്രസിഡന്റാണ് ലേഖകന്‍)




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ