2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: നിലപാടിന്റെ വിഷപ്രയോഗങ്ങള്‍-അംബികാസുതന്‍ മാങ്ങാട്


ഇപ്പോള്‍ ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഇതുവരെ ശരദ്പവാര്‍ മാത്രമായിരുന്നു പ്രതിക്കൂട്ടില്‍. സര്‍വകക്ഷി സംഘം ദല്‍ഹിയിലെത്തിയപ്പോഴാണ് അണിയറക്ക് പിന്നിലുള്ളവര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കേന്ദ്രമന്ത്രാലയത്തിന്റെ ഉള്ളിലിരിപ്പ് എന്‍ഡോസള്‍ഫാന് അനുകൂലമാണെന്ന് വ്യക്തമായി.
കൃഷി പ്രശ്‌നത്തെക്കാള്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഒരു പരിസ്ഥിതി പ്രശ്‌നമാണെന്നിരിക്കെ കേന്ദ്രപരിസ്ഥിതി മന്ത്രി ജയ്‌റാം രമേശിന്റെ നിഗൂഢപരിവേഷവും പുറത്തായി. പ്രധാനമന്ത്രിയും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ല.
കാസര്‍കോട്ട് ഒരു മഹാദുരന്തം നടന്നിട്ടും ഇപ്പോഴും നിലവിളിക്കുന്ന ജീവിതങ്ങള്‍ നീതിക്കുവേണ്ടി കാത്തിരിക്കുമ്പോഴും കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. ഭരണകൂട ഭീകരതയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടും നാലായിരത്തിലധികം പേര്‍ ഗുരുതരമായ അവസ്ഥയിലായിരുന്നിട്ടും പതിനാറായിരത്തിലധികം പേര്‍ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയിട്ടും അധികാരികളുടെ കണ്ണുകളില്‍ നിര്‍വികാരതയാണ് നിറഞ്ഞിരിക്കുന്നത്.
തെളിവു വേണം, തെളിവു വേണം എന്നാണ് കീടനാശിനി ലോബിയെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. ആരാണ് തെളിവ് നല്‍കേണ്ടത്? നിസ്വരായ, ദരിദ്രരായ പാവം ഇരകളാണോ?.
തെളിവുകള്‍ ഇല്ലാഞ്ഞിട്ടാണോ? നൂറുകണക്കിന് ശാസ്ത്രീയ പഠനങ്ങള്‍ ലോകത്തില്‍ ഉണ്ടായിട്ടുണ്ട്. ആ പഠനങ്ങളിലെല്ലാം ഈ കാളകൂടവിഷം ഏതൊക്കെ വിധത്തിലാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് അപകടം വരുത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരു ദശകം മുമ്പ് മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശമനുസരിച്ച് ഐ.സി.എം.ആറിന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.ഒ.എച്ച് നടത്തിയ പഠനവും സി.എസ്.ഇ നടത്തിയ പഠനവുമൊക്കെത്തന്നെ ഈ വിഷത്തിന്റെ കരാളത ബോധ്യപ്പെടുത്തിയതാണ്. ഇങ്ങനെ ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഇപ്പോള്‍ കേന്ദ്രം പറയുന്നത് വീണ്ടും ഐ.സി.എം.ആര്‍ പഠിക്കട്ടെ എന്നാണ്. എന്തിന്?. മനുഷ്യരെ കബളിപ്പിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ നിര്‍ണായക തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍ ഒളിച്ചോടാനുള്ള ശ്രമമാണിത്.
കസ്തൂര്‍ബാ മെഡിക്കല്‍ കോളജിന്റെ വിദഗ്ധ സംഘം പെഡ്രെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ പ്രത്യുല്‍പാദന വ്യവസ്ഥയിലടക്കം ഉണ്ടാക്കുന്ന അപകട സ്ഥിതിയെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. 2005ല്‍ ഈപഠനം ഐ.സി.എം.ആറിന് സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്നുവരെ ഈ ഫലം പുറത്തുവിട്ടിട്ടില്ല. എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് അനുകൂലമായ പഠനഫലങ്ങളെ സ്വീകരിക്കുകയും അല്ലാത്തവയെ തമസ്‌കരിക്കുകയും ചെയ്യുക എന്നത് ഒരു ദശകമായി ഇവിടെ അരങ്ങേറുന്ന നാടകമാണ്.
മാറിമാറി ഭരിച്ച കേരളത്തിലെ ഭരണകൂടങ്ങള്‍ക്ക് കീഴിലെ പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടാണ് ജില്ലയിലെ അയ്യായിരത്തോളം ഹെക്ടറില്‍ കാല്‍നൂറ്റാണ്ടു കാലത്തോളം വിഷം കോരിയൊഴിച്ചത്. ഒരു വിഷംതന്നെ മൂന്നു കൊല്ലത്തിലധികം പാടില്ല എന്ന പ്രാഥമിക തത്ത്വം തന്നെ ഇവര്‍ തള്ളിക്കളഞ്ഞു.
93ന് ശേഷം ഹെലികോപ്ടര്‍ വഴി തളിക്കാന്‍ അനുവാദം ഇല്ലാതിരുന്നിട്ടും വിഷം പ്രയോഗിച്ചു. മനുഷ്യനും ഇതര ജൈവവൈവിധ്യങ്ങള്‍ക്കും നേരെ നടന്ന ക്രൂരമായ ഒരു വ്യോമാക്രമണമാണ് കാസര്‍കോട്ട് അരങ്ങേറിയത്.
കുഞ്ഞുങ്ങളും അമ്മമാരുമാണ് ഏറെ അനുഭവിച്ചത്. 'അമ്മേ' എന്ന് വിളിക്കുമോ എന്ന് പ്രതീക്ഷിച്ച് പത്തും ഇരുപതും കൊല്ലം അമ്മമാര്‍ മടിയിലിരുത്തിയ കുഞ്ഞുങ്ങളില്‍ പലരും മരിച്ചുപോയി. കുറേപ്പേര്‍ വിവിധ യാതനകള്‍ അനുഭവിച്ചുകൊണ്ട് ജീവിച്ചിരിക്കുന്നു.
ഇപ്പോള്‍ പുറത്തുവന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പഠനസംഘത്തിന്റെ റിപ്പോര്‍ട്ടും മനുഷ്യസ്‌നേഹികളെ ഞെട്ടിപ്പിക്കുന്നതാണ്.
മനുഷ്യ ശരീരത്തിലും ജൈവ പ്രകൃതിയിലും ഇപ്പോഴും അപകടകരമായ അളവില്‍ ഈ വിഷം ഉണ്ടെന്ന കണ്ടുപിടിത്തം എന്തുകൊണ്ട് കേന്ദ്ര ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ല?. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം, ഉറക്കം നടിച്ചു കിടക്കുന്നവരെയോ?.
കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ ജനവിരുദ്ധ നയത്തിനെതിരെ എല്ലാവരും യോജിച്ച് സമരത്തിനിറങ്ങേണ്ട സമയം സമാഗതമായിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ