2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വഴിതേടുന്നു


തൊടുപുഴ: മുഖ്യമന്ത്രിയുടെ എന്‍ഡോസള്‍ഫാന്‍ പോരാട്ടം ജനം ഏറ്റെടുത്ത സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വഴിതേടുന്നു. ഇടതുപക്ഷമെന്നതിനപ്പുറം യു.ഡി.എഫില്‍ പോലും മുഖ്യമന്ത്രിയുടെ പോരാട്ടം പൊതു സ്വാധീനം ചെലുത്തുകയും ഇതിന്റെ ചലനങ്ങള്‍ താഴെ തലം വരെ എത്തുകയും ചെയ്തിരിക്കെയാണ് പാര്‍ട്ടി മറുതന്ത്രം ആലോചിക്കുന്നത്.
പിടിച്ചുനില്‍ക്കണമെങ്കില്‍ എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന് പാര്‍ട്ടിയില്‍  ഉയര്‍ന്ന വികാരം കണക്കിലെടുത്താണ് ഈ നീക്കം. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇക്കാലമത്രയും കേരള സര്‍ക്കാറിനെ പഴിപറഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി നടത്തിയ ഉപവാസം വന്‍ ജനപിന്തുണ ആര്‍ജിച്ചത് കോണ്‍്രഗസിന് തിരിച്ചടിയാവുകയായിരുന്നു. തൊട്ടുപിന്നാലെ കേന്ദ്ര സര്‍ക്കാറിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല സ്‌റ്റോക്‌ഹോം നിലപാടുകൂടി വന്നത് ശരിക്കും രാഷ്ട്രീയ ആഘാതമായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ ഇതിനകം അഭിപ്രായം രൂപപ്പെട്ടു.
ഈ സാഹചര്യത്തില്‍ ശനിയാഴ്ച നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ഗൗരവ ചര്‍ച്ചയാകുമെന്നാണ് സൂചന. അന്നുതന്നെ എറണാകുളത്ത് നടക്കുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിലും വിഷയം ചര്‍ച്ചയാകും.
വി.എസിന് വീരപരിവേഷം കിട്ടുന്ന തരത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം കോണ്‍ഗ്രസ് നേതൃത്വം വഷളാക്കിയെന്നും എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരിക്കെ കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്റെ വിതരണവും ഉപയോഗവും തടയുന്നതില്‍ പരാജയപ്പെട്ട വി.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നുമാണ് അണികളുടെ വികാരം. എന്‍ഡോസള്‍ഫാന്‍ വിഷയം ഉയര്‍ത്തി സര്‍വകക്ഷി സംഘം ദല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ താല്‍പ്പര്യമില്ലാതിരുന്ന കോണ്‍ഗ്രസിന് പക്ഷേ ഒഴിയാനാകാതെ വന്നു. പിന്നാലെ ഉപവാസം പ്രഖ്യാപിച്ചതോടെ രാഷ്ട്രീയപ്രേരിതമെന്ന ആക്ഷേപമുയര്‍ത്തി മാറിനിന്ന കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ പോരാട്ടത്തിന് ലഭിച്ച സ്വീകാര്യത മുന്‍കൂട്ടി കാണാനായില്ല.
യൂത്ത്‌ലീഗും കെ.എസ്.യുവും സന്നദ്ധ സംഘടനകളും കോണ്‍ഗ്രസ് നേതാവ് സുധീരനും മുഖ്യമന്ത്രി ഉയര്‍ത്തിവിട്ട പ്രതിഷേധത്തിനൊപ്പം നില്‍ക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. എന്‍ഡോസള്‍ഫാന്‍ നിരോധം കേരളത്തില്‍ ഫലപ്രദമായി നടപ്പാക്കാനാവാത്ത മുഖ്യമന്ത്രിയാണ് വി.എസ് എന്ന പ്രചാരണം അഴിച്ചുവിടാനും തങ്ങളാണ് സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതെന്ന് ഉയര്‍ത്തിക്കാട്ടാനുമായിരിക്കും കോണ്‍ഗ്രസ് ഇനി ശ്രമിക്കുകയെന്നാണ് സൂചന.
അത്രകണ്ട് ഏശിയേക്കില്ലെന്ന് അറിയാമെങ്കിലും മറ്റ് സാധ്യതകളില്ലാത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ അലട്ടുന്നുണ്ട്. കേരളത്തിന്റെ പൊതുവികാരം തണുപ്പിക്കുന്നതും പാര്‍ട്ടിക്ക് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പുതുജീവന്‍ പകരുന്നതുമായ പ്രഖ്യാപനം പ്രധാനമന്ത്രിയില്‍ നിന്നു തന്നെ നേരിട്ടുണ്ടാക്കാനുള്ള സാധ്യതയും ആലോചനയിലുണ്ട്. കേന്ദ്ര സര്‍ക്കാറും പാര്‍ട്ടിയും സ്‌റ്റോക്‌ഹോം ഇടപാടോടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്രതിക്കൂട്ടിലായിരിക്കെ പുകഞ്ഞുനില്‍ക്കുന്ന കേരളത്തിലെങ്കിലും നിലപാടെടുത്ത് മുഖം രക്ഷിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ ആകില്ലെന്നാണ് വിലയിരുത്തുന്നത്. ഇതിന് കോണ്‍ഗ്രസ് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് എതിരല്ലെന്ന പ്രചാരണത്തിനും പാര്‍ട്ടി തയാറായേക്കും. വി.എസിന്റെ നിലപാട് രാഷ്ട്രീയപ്രേരിതമാണെന്ന് കാമ്പയിന്‍ മുന്നില്‍വെച്ച് തന്നെയാകും മറ്റ് വിഷയങ്ങളും ഉയര്‍ത്തുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ