2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: ജനീവയില്‍ ഇന്ത്യക്ക് തിരിച്ചടി


എന്‍ഡോസള്‍ഫാന്‍: ജനീവയില്‍ ഇന്ത്യക്ക് തിരിച്ചടി
ജനീവ / ന്യൂദല്‍ഹി: സ്വന്തം മണ്ണിലെ ഇരകളോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച് എന്‍ഡോസള്‍ഫാന് വേണ്ടി  പ്രചാരണത്തിനിറങ്ങിയ ഇന്ത്യ ജനീവയിലെ സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ ഒറ്റപ്പെട്ടു. ഇന്ത്യയുടെ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നതും നിരോധത്തെ എതിര്‍ത്ത ചൈന നിഷ്പക്ഷ സ്വരത്തില്‍ സംസാരിച്ചതുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കാന്‍ ഇന്ത്യയോടൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ച നിരവധി ആഫ്രിക്കന്‍ / ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തങ്ങളുടെ നിലപാട് മാറ്റി എന്‍ഡോസള്‍ഫാന്‍ നിരോധത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകത്ത് ഇന്ത്യയും ചൈനയും ഇസ്രായേലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ബ്രസീലും നിരോധത്തിന് അനൂകൂലമായ നിലപാടിലേക്ക് മാറിയവരില്‍ ഉള്‍പ്പെടും.
എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിരെ ഏഷ്യ-പസഫിക് മേഖലയുടെ പേരില്‍ കരട് പ്രസ്താവന വിതരണം ചെയ്ത ഇന്ത്യയുടെ നടപടിക്കെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം അപ്രതീക്ഷിതമായി രംഗത്തുവന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ യൂറോപ്യന്‍ യൂനിയന്റെ വ്യാപാര താല്‍പര്യങ്ങളാണെന്ന വാദമുയര്‍ത്തി എന്‍ഡോസള്‍ഫാനെതിരായ നീക്കത്തെ രാഷ്ട്രാന്തരീയ ചേരിതിരിവാക്കി മാറ്റി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഇന്ത്യ നടത്തിയ ശ്രമമാണ് അറബ് രാജ്യങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് പരാജയപ്പെടുത്തിയത്. ഇന്ത്യയുമായി മികച്ച ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്ന ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ ഭിന്നിപ്പിക്കല്‍ തന്ത്രം തിരിച്ചറിഞ്ഞു.
കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുകയും ജീവനും പരിസ്ഥിതിക്കും ഭീഷണിയാകുകയും ചെയ്യുന്ന രാസവസ്തുക്കളെ 'സ്ഥാവര ജൈവിക മാലിന്യകാരികള്‍' (പെഴ്‌സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ്‌സ്) എന്ന പട്ടികയില്‍പെടുത്തി നിരോധിക്കുന്ന നടപടിക്കാണ് സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തുടക്കമിട്ടിരിക്കുന്നത്. ഇതിനകം 22 ഇനങ്ങളുള്ള പോപ്‌സ് പട്ടികയില്‍ 23ാമത്തെ ഇനമായി എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്തുന്ന കാര്യം രണ്ടാമത്തെ അജണ്ടയായിട്ടാണ് ചൊവ്വാഴ്ച കണ്‍വെന്‍ഷന്‍ ചര്‍ച്ചക്കെടുത്തത്. അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍ റൈനര്‍ ആണ്‍ട് ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ വരുത്തിവെച്ച കെടുതികള്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിവരിച്ചു. അതിനാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് റിവ്യൂ കമ്മിറ്റിക്ക് കണ്‍വെന്‍ഷന്‍ മുമ്പാകെ വെക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിനിധി നൂറു ശതമാനം നിരോധത്തെ പിന്തുണക്കുകയാണെന്ന് വ്യക്തമാക്കി.
ചര്‍ച്ചയില്‍ പങ്കെടുത്ത ഏഷ്യ-പസഫിക് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയുടെ മാത്രം ആവശ്യം തങ്ങളുടെ  ആവശ്യമായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇന്ത്യ ഉയര്‍ത്തിയ വോട്ടെടുപ്പ് അടക്കമുള്ള പ്രശ്‌നങ്ങള്‍ രമ്യതയിലൂടെ ചര്‍ച്ച ചെയ്യണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന് ബദല്‍ നല്‍കണമെന്നും ഇത് മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു.
എവിടെയും തൊടാതെ സംസാരിച്ച ചൈന എന്‍ഡോസള്‍ഫാന്‍ നിരോധം വ്യക്തമായ ഭാഷയില്‍ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയാറായില്ല. തുടര്‍ന്ന് ഇന്ത്യയെ പ്രതിനിധാനം ചെയ്ത കേന്ദ്ര പരിസ്ഥിതി അഡീഷനല്‍ സെക്രട്ടറി നിരോധത്തിന് ഇന്ത്യ എതിരാണെന്ന് വ്യക്തമാക്കി. ഒറ്റപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ ഭാഷ മയപ്പെടുത്തിയ ഇന്ത്യ വോട്ടിനിട്ട് നിരോധിക്കുന്ന സാഹചര്യം ഒഴിവാക്കാനും നിരോധം നീട്ടിവെപ്പിക്കാനും സാങ്കേതിക തടസ്സവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധം അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിലും ശാസ്ത്ര-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലുമായിരിക്കണമെന്നാണ് ഇന്ത്യ വാദിച്ചത്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ