2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് കേരളമെങ്ങും മുറവിളി


എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് കേരളമെങ്ങും മുറവിളി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന മുറവിളിക്ക് കരുത്തുപകര്‍ന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ കൂട്ട ഉപവാസത്തിന് പിന്നില്‍ കേരളം അണിനിരന്നു.   അതോടെ മാരക കീടനാശിനിക്കെതിരായ ജനരോഷം നാടെങ്ങും  അലയടിച്ചു.  നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ ഒറ്റക്കും കൂട്ടായും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മകള്‍ വിവിധ ജില്ലകളില്‍ നടന്നു. മുസ്‌ലിം ലീഗും ബി.ജെ.പിയുമടക്കം കോണ്‍ഗ്രസൊഴികെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും ഈ കൂട്ടായ്മയില്‍ അണിചേര്‍ന്നു.  ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ സജീവമായി പങ്കെടുത്തു.
കോട്ടയത്തെ മുഖ്യ പ്രഭാഷകനായിരുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ പങ്കെടുത്തില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാന്‍ അദ്ദേഹം ദല്‍ഹിയിലാണ്. കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണിയും വിട്ടുനിന്നു.
രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് വി.എസ് ഉപവസിച്ചത്. മന്ത്രി സി. ദിവാകരന്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവയിത്രി സുഗതകുമാരി നല്‍കിയ നാരങ്ങാ നീര് കുടിച്ചാണ് വൈകീട്ട് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.  
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ മറ്റ് സംസ്ഥാനങ്ങളെ കൂടി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരും രോഗികളായിട്ടും മരിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന കേന്ദ്ര സമീപനം ഖേദകരമാണ് -മുഖ്യമന്ത്രി പറഞ്ഞു.  
എന്‍ഡോസള്‍ഫാന്‍വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരങ്ങള്‍ അരങ്ങേറി. സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ കുരുന്നുകള്‍ ധര്‍ണ നടത്തി. ദുരന്തത്തിന്റെ ചിത്രങ്ങളും ഏന്തിയായിരുന്നു ധര്‍ണ. എ.ഐ.വൈ.എഫ്, യുവകലാസാഹിതി തുടങ്ങി നിരവധി സംഘടനകള്‍ സമരം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍ഢ്യം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട്ട് നടന്ന റാലി പി. കരുണാകരന്‍ എം.പി  ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി പി.കെ. ശ്രീമതി, എം.എല്‍.എമാരായ പള്ളിപ്രം ബാലന്‍, സി.എച്ച്. കുഞ്ഞമ്പു, കെ. കുഞ്ഞിരാമന്‍, കെ.വി. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍,  മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും പ്രതീകാത്മക കോടതിയൊരുക്കി പ്രധാനമന്ത്രി യേയും കൃഷിമന്ത്രിയേയും തൂക്കിലേറ്റി. ഡി.വൈ.എഫ്.ഐ ടൗണില്‍ പ്രതിഷേധാഗ്‌നി തെളിയിച്ചു.  സോളിഡാരിറ്റിയും എസ്.ഐ.ഒയും സമരജ്വാല സംഘടിപ്പിച്ചു. യൂത്ത്‌ലീഗും എസ്.ഡി.പി.ഐയും പ്രകടനം നടത്തി.
കണ്ണൂര്‍ കലക്ടറേറ്റില്‍ ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം. പ്രകാശന്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  എം.എല്‍.എമാരായ സി.കെ.പി. പത്മനാഭന്‍, കെ.കെ. ശൈലജ ടീച്ചര്‍, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സി.എന്‍. ചന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട്ടിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനാചരണം എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ മാനാഞ്ചിറക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു. വനംമന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.  ഇടതുപ്രസ്ഥാനങ്ങള്‍ക്കൊപ്പം ബി.ജെ.പിയും യു.ഡി.എഫ് ഘടകകക്ഷിയായ എസ്.ജെ.ഡിയും വിവിധ യുവജന സംഘടനകളും കണ്ണിചേര്‍ന്നു.
മലപ്പുറത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനാചരണം  മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ഒ  ദൂരദര്‍ശന്‍ ഓഫിസിലേക്ക് മാര്‍ച്ചും ശാസ്ത്രസാഹിത്യ പരിഷത്ത് കലക്ടറേറ്റിന് മുന്നില്‍ ജനകീയ കൂട്ടായ്മയും നടത്തി.  
രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിരുദ വിദ്യാര്‍ഥിയായ പി. അബ്ദുല്‍ ബാഇസ് മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ ഞായറാഴ്ച തുടങ്ങിയ നിരാഹാര സത്യഗ്രഹം തുടരുകയാണ്.
പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന  പരിപാടി വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു.   ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ് ബേബി അധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ കെ.കെ. ദിവാകരന്‍, കെ.എ. സലീഖ, എം. ഹംസ, കലക്ടര്‍  കെ.വി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂരില്‍ ജില്ലാതല പ്രതിഷേധ ദിനാചരണത്തിന് പുറമെ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, സോളിഡാരിറ്റി തുടങ്ങിയ യുവജന സംഘടനകളും പരിസ്ഥിതി -മനുഷ്യാവകാശ കൂട്ടായ്മയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
തേക്കിന്‍കാട് മൈതാനത്ത് നടന്ന പ്രതിഷേധത്തില്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ തുടങ്ങിയവരടക്കമുള്ളവര്‍ തൃശൂര്‍ കോര്‍പറേഷന്‍ ഓഫിസിന് മുമ്പില്‍ നടന്ന ഉപവാസത്തില്‍ പങ്കെടുത്തു. പരിസ്ഥിതി - മനുഷ്യാവകാശ കൂട്ടായ്മയാണ് ഉപവാസം സംഘടിപ്പിച്ചത്.
കൊച്ചി മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍  ഉദ്ഘാടനം ചെയ്തു. മനഃസാക്ഷിയുടെയും മനുഷ്യാവകാശത്തിന്റെ യും കരുണയുടെയും പേരില്‍ ഈ ശബ്ദം പ്രധാനമന്ത്രി കേള്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി എസ്. ശര്‍മ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സംസാരിച്ചു.
കോട്ടയത്ത്  നടന്ന  കൂട്ടായ്മ മന്ത്രി ജോസ് തെറ്റയില്‍ ഉദ്ഘാടനം  ചെയ്തു.  വി.എന്‍.വാസവന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ നിലപാടെടുത്ത എന്‍.സി.പി  സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ചടങ്ങിനെത്തി.
ഇടുക്കി  തൊടുപുഴയില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനാചരണത്തില്‍  മന്ത്രി വി. സുരേന്ദ്രന്‍പിള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ടയില്‍  മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനാചരണം ധനമന്ത്രി ഡോ. തോമസ് ഐസകും  കൂട്ടഉപവാസം മന്ത്രി ജി. സുധാകരനും ഉദ്ഘാടനം ചെയ്തു.  
കൊല്ലം പ്രസ്‌ക്ലബ് മൈതാനിയില്‍ സംഘടിപ്പിച്ച ഉപവാസം മന്ത്രി പി.കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു.  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ