Published on Mon, 04/25/2011
ന്യൂദല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്താന്‍ നിശ്ചയിച്ചിച്ച പഠനം പൂര്‍ത്തിയാക്കാതെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം കേരളത്തിലേക്ക് വരുമ്പോള്‍ കാസര്‍ഗോഡ് സന്ദര്‍ശിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നേരില്‍ കാണുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വാഗ്ദാനം ചെയ്തു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും ജനീവയില്‍ തുടങ്ങിയ സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാട് സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ന്യൂദല്‍ഹിയിലത്തി അവസാന വട്ട ശ്രമം നടത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇങ്ങിനെ പ്രതികരിച്ചത്.
പുതിയ പഠനം നടത്താതെ രാജ്യവ്യാപകമായി നിരോധനം നടപ്പാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഐ.സി.എം.ആറിന്റെ പഠനം കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. അങ്ങിനെയെങ്കില്‍ പഠനം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും പഠനത്തിന് സമയ പരിധി നിശ്ചയിക്കണമെന്നും ഇരുവരും പ്രധാനമന്ത്രജയോട് ആവശ്യപ്പെട്ടു.
സമയപരിധി വെക്കാമെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഇക്കാര്യം കേന്ദ്ര കൃഷി മന്ത്രാലയത്തോടും ഐ.സി.എം.ആറിനോടും കൂടിയാലോചിച്ച് കാലപരിധി നിര്‍ണയിക്കാം എന്ന് അറിയിച്ചു. രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താത്തതിനാല്‍ സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ ജനീവ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തെ ഇന്ത്യ എതിര്‍ക്കുമെന്നും അദ്ദേഹം അവരോട് പറഞ്ഞു. എന്നാല്‍ കേരളം നിരോധിച്ചതു പോലെ ഇന്ത്യയില്‍ ഏത് സംസ്ഥാനം നിരോധനം ആവശ്യപ്പെട്ടാലും അംഗീകരിക്കുമെന്നും സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് നിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചുകൊടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ