2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല-മന്ത്രി മുല്ലക്കര


എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല-മന്ത്രി മുല്ലക്കര
തിരുവനന്തപുരം: ഇന്ത്യന്‍ പെസ്റ്റിസൈഡ് നിയമപ്രകാരം എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍. കൃഷി സംസ്ഥാന വിഷയമാണ്.എന്നാല്‍ പെസ്റ്റിസൈഡ് നിയമപ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്രമാണ്. കൃഷി വകുപ്പ് സംഘടിപ്പിച്ച 'എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങളും ബദലും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയില്‍ 60 ദിവസത്തേക്കാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. ഓരോ 60 ദിവസം കഴിയുമ്പോള്‍ വീണ്ടും നിരോധിക്കും. കേരളത്തില്‍ കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാറാണ് എന്‍ഡോസള്‍ഫാന് നിരോധം ഏര്‍പ്പെടുത്തിയത്.
ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാന്‍ പറയുന്ന കാരണം ബദല്‍ ഇല്ലെന്നും രണ്ട് സംസ്ഥാനങ്ങള്‍ മാത്രം നിരോധം ആവശ്യപ്പെടുന്നുവെന്നതുമാണ്. എന്നാല്‍, പറയാത്ത കാര്യങ്ങളാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതിന് പിന്നില്‍. പെസ്റ്റിസൈഡ് നിയമമനുസരിച്ച് കേസെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വേണമെന്ന് കേരളമടക്കം നിരന്തരം ആവശ്യപ്പെടുന്നതാണ്. താന്‍ മന്ത്രിയായതിന് ശേഷം ആറ് തവണ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കത്തയച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍,ഡോ.എ.ജയതിലക്,എം.ജി രാധാകൃഷ്ണന്‍ ,ഡോ.ബിജു മാത്യു,ശ്രീധരന്‍, ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ