2011, ഏപ്രിൽ 26, ചൊവ്വാഴ്ച

നിരോധനത്തിന് എതിരെ കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ .



ജനീവ/തിരു: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ലോകവ്യാപകമായി നിരോധിക്കുന്ന കാര്യം സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കരുതെന്ന് ആവശ്യപ്പെടാന്‍ ഏഷ്യ- പസഫിക് മേഖലാ യോഗത്തില്‍ അംഗരാജ്യങ്ങള്‍ക്കുമേല്‍ ഇന്ത്യാഗവര്‍മെന്റിന്റെ സമ്മര്‍ദം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ ഭൂരിഭാഗം അംഗരാജ്യങ്ങളും അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് ഒഴിവാക്കണമെന്ന തീരുമാനം ഏഷ്യ- പസഫിക് മേഖലയുടെ തീരുമാനമായി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത്. ജനീവയില്‍ തിങ്കളാഴ്ച ആരംഭിച്ച കണ്‍വന്‍ഷനില്‍ 172 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച വിഷയം ചൊവ്വാഴ്ച ഉച്ചമുതല്‍ ചര്‍ച്ചയ്ക്കെടുക്കും. കണ്‍വന്‍ഷനുമുന്നോടിയായി തിങ്കളാഴ്ച നടന്ന ഏഷ്യ- പസഫിക് മേഖലാ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ മാരകകീടനാശിനി അല്ലെന്നും ഇക്കാര്യത്തില്‍ കണ്‍വന്‍ഷനുമുന്നോടിയായി കഴിഞ്ഞ ഒക്ടോബറില്‍ പേര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊള്യൂറ്റന്റ് (പോപ്) റിവ്യൂകമ്മിറ്റി എടുത്ത തീരുമാനം ശരിയല്ലെന്നും ആവര്‍ത്തിച്ചു. നിരോധനത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാട് അടിച്ചേല്‍പ്പിക്കുംവിധത്തിലാണ് മേഖലായോഗത്തില്‍ പ്രതിനിധികള്‍ സംസാരിച്ചതെന്ന് കണ്‍വന്‍ഷനില്‍ നിരീക്ഷകനായ തിരുവനന്തപുരത്തെ "തണല്‍"" ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍, കേരളത്തില്‍നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷിര്‍ എന്നിവര്‍ "ദേശാഭിമാനിയോട്"" പറഞ്ഞു. ഇന്ത്യയില്‍നിന്ന്് കൃഷി- പരിസ്ഥിതി മന്ത്രാലയങ്ങളുടെ പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതിവകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് ഗൗബയാണ് സംഘത്തലവന്‍. കൃഷിവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയിന്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനിയായ എക്സല്‍ ഡയറക്ടര്‍ ഹരിഹരന്‍ തുടങ്ങിയവരും പങ്കെടുക്കുന്നു. നിരോധനതീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനുള്ള സമ്മര്‍ദതന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റോക്ഹോമില്‍ പയറ്റുന്നത്. കണ്‍വന്‍ഷനില്‍ നിരോധനം വേണ്ടെന്നു തീരുമാനിച്ചാല്‍ 2015 വരെയെങ്കിലും നിലവിലുള്ള സ്ഥിതി തുടരാം. ആ സാഹചര്യമാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ