2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: സമരത്തിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കണം


എന്‍ഡോസള്‍ഫാന്‍: സമരത്തിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കണം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാനെതിരെ ഉപവാസസമരം നടത്തുന്നതിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.  കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്റെ (ഐ.എന്‍.ടി.യു.സി) അമ്പത്തിയാറാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ 2006 ഒക്‌ടോബറില്‍  കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച്  ഉത്തരവിറക്കി. അനുബന്ധ നടപടികള്‍ക്ക് സര്‍വാധികാരങ്ങളും സംസ്ഥാനത്തിന്  നല്‍കി. എന്നിട്ടും  നാലരവര്‍ഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലും അനക്കിയില്ല.  മുഖ്യമന്ത്രി കേരളത്തില്‍ ഉപവസിക്കുമ്പോള്‍  ബംഗാളിലെയും ത്രിപുരയിലെയും സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാനെ എതിര്‍ക്കുന്നില്ല. ഒ.രാജഗോപാല്‍ സമരത്തില്‍ പങ്കെടുത്തെങ്കിലും ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളുടെയും നിലപാട് മറിച്ചാണ്.
ഉപവാസസമരവുമായി ബന്ധെപ്പട്ട കാര്യങ്ങള്‍ യു.ഡി.എഫുമായി കൂടിയാേലാചിക്കാത്തതുകൊണ്ടാണ്  സഹകരിക്കാതിരുന്നത്.  ആഗോളതലത്തില്‍ നിരോധനമാവശ്യപ്പെട്ട് സമരം ചെയ്യുംമുമ്പ് കേരളത്തിലെ ഇരകള്‍ക്ക് മതിയായ സഹായം ലഭ്യമാക്കാനുള്ള നടപടികളാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
 ഇരകളിലധികവും ഇന്നും ദുരിതത്തിലാണ്. 50000 രൂപ മാത്രമാണ് ആശ്വാസധനമായി നല്‍കിയത്. ഇതുതന്നെ കുറച്ചുപേര്‍ക്കേ കിട്ടിയിട്ടുള്ളൂ. വിഷയം രാഷ്ട്രീയവത്കരിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. രണ്ടു രൂപയുടെ അരിയുടെ കാര്യത്തില്‍ ഇക്കാര്യം വ്യക്തമാണ്. രണ്ട് രൂപക്ക് അരി കിട്ടാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ഇടതുസര്‍ക്കാറിനുമാണ്. യു.ഡി.എഫും ഇലക്ഷന്‍ കമീഷനുമാണ് രണ്ട് രൂപ അരിക്ക് തടസ്സമെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ തടസ്സങ്ങളെല്ലാം മാറിയിട്ടും എന്തുകൊണ്ട് അരി ലഭ്യമാക്കുന്നിെല്ലന്ന് അദ്ദേഹം ചോദിച്ചു.  ഒരാള്‍ക്ക്  എത്ര കിലോ  അരി നല്‍കണമെന്നും സബ്‌സിഡി ആര് വഹിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.  കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സ്ഥിതി ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.  തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. ജി. കാര്‍ത്തികേയന്‍ എം.എല്‍.എ, എന്‍.ശക്തന്‍ എം.എല്‍.എ, എം.എം ഹസന്‍, അഡ്വ.ബിന്ദുകൃഷ്ണ, വിതുര ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ