2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: താക്കീതായി ജനകീയ കൂട്ടായ്മ


എന്‍ഡോസള്‍ഫാന്‍: താക്കീതായി ജനകീയ കൂട്ടായ്മ
തിരുവനന്തപുരം: ഒരു ജനതയുടെയും അവിടത്തെ പരിസ്ഥിതിയുടെയും അന്ത്യംകുറിക്കുന്ന മാരക രാസവിഷത്തിന് എതിരെ രാഷ്ട്രീയ, മത, ജാതി, വര്‍ഗ ഭേദങ്ങള്‍ മറന്ന് ജനം ഒന്നിച്ചപ്പോള്‍ അത് തെറ്റായ നയങ്ങള്‍ക്കെതിരായ താക്കീതായി. എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് നടന്ന കൂട്ട ഉപവാസമാണ് ഒരു ജനതയുടെ ആത്മരോഷത്തിന്റെ വേദിയായി മാറിയത്.
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന് എതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉപവാസം നടന്ന പാളയം രക്തസാക്ഷി മണ്ഡപം ജനകീയ പ്രതിഷേധത്തിന്റെ വേദിയായതോടെ ജനം ഒഴുകിയെത്തുകയായിരുന്നു. രാവിലെ 10 മണിക്ക് ഉപവാസ സമരത്തിനായി മുഖ്യമന്ത്രി എത്തുംമുമ്പുതന്നെ വേദിയും പരിസരവും ജനങ്ങള്‍ 'കൈയടക്കി' കഴിഞ്ഞിരുന്നു. ഉദ്ഘാടന ശേഷം  ഒരു മണിക്കൂര്‍ കഴിഞ്ഞ് കുറച്ചുനേരം കട്ടിലില്‍ കിടന്നതൊഴിച്ചാല്‍ ഉപവാസം കഴിയുന്ന അഞ്ച് മണിവരെയും വി.എസ് സജീവമായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ വിട്ടുനിന്നതൊഴിച്ചാല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ള പ്രമുഖരടക്കം കേരളത്തിന്റെ ആശങ്കയില്‍ പങ്കുചേര്‍ന്നത് ശ്രദ്ധേയമായി.  കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഓരോ വിഭാഗം ജനങ്ങളും പ്രതികരണം അറിയിക്കുമ്പോള്‍ ദൃശ്യ, പത്ര മാധ്യമങ്ങള്‍ ഇമവെട്ടാതെ അവ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഒപ്പം സ്വതന്ത്ര സോഫ്ട്‌വേര്‍ സംഘടനയായ 'സ്‌പേസി'ന്റെ നേതൃത്വത്തില്‍ ഉപവാസ സമരം തുടര്‍ച്ചയായി ഇന്റര്‍നെറ്റ് വഴി പുറംലോകങ്ങളിലേക്ക് സംപ്രേഷണവും ചെയ്തു. സ്‌റ്റോക്ക് ഹോം കണവെന്‍ഷന്‍ വേദിക്ക് പുറത്ത് സമരം ഇതുവഴി തല്‍സമയം സംപ്രേഷണം നടത്തുകയും ചെയ്തു.
ഉപവാസം ആദ്യ മണിക്കൂര്‍ പിന്നിട്ടതോടെ യുവജന, സര്‍വീസ് മേഖല, സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും സംഘടനകള്‍ അഭിവാദ്യം അര്‍പ്പിക്കാനായി എത്തുകയായിരുന്നു. ഇതാകട്ടെ ഉപവാസം അവസാനിക്കുന്നതിന് തൊട്ടുമുമ്പുവരെ തുടരുകയും ചെയ്തു.
 മുസ്‌ലിം ലീഗിന്റെ യുവജന സംഘടനയായ എം.എസ്.എഫിന്റെയും ശരത് പവാറിന്റെ പാര്‍ട്ടിയായ എന്‍.സി.പിയുടെയും പ്രതിനിധികള്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത് എന്‍ഡോസള്‍ഫാന്‍ വിഷയം കേരള സമൂഹം എത്ര ഗൗരവമായി കാണുന്നുവെന്നതിന്റെ തെളിവുമായി. മീനമാസത്തിന്റെ കൊടുംചൂടിനെ വകവെക്കാതെ പല നഗരവാസികളും കുടുംബത്തോടൊപ്പം സമരഭൂമിയില്‍ എത്തിയാണ് തങ്ങളുടെ പങ്കാളിത്തം പ്രകടിപ്പിച്ചത്. രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വവും ചലച്ചിത്ര രംഗത്തുള്ളവരും മുതല്‍ അംഗവൈകല്യം സംഭവിച്ചവര്‍ സമരത്തിനും സമരനായകനും അഭിവാദം അര്‍പ്പിക്കാന്‍ എത്തിയതോടെ സമരവേദി സമൂഹത്തിന്റെ പരിച്‌ഛേദമായി മാറി.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം. വിജയകുമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍, ആര്‍.എസ്.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍, സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള, ഒ. രാജഗോപാല്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സുഗതകുമാരി, ചലച്ചിത്രതാരം സുരേഷ് ഗോപി, ലെനിന്‍ രാജേന്ദ്രന്‍, കെ.പി. ഉദയഭാനു, കാനായി കുഞ്ഞിരാമന്‍, പന്ന്യന്‍ രവീന്ദന്‍, പാളയം ഇമാം ജമാലുദീന്‍ മങ്കട, മാര്‍ ബസേലിയോസ് കിമ്മീസ് ബാവ, ഗീവര്‍ഗീസ് മാര്‍ കുറിലോസ്, ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, സ്വാമി സന്ദീപ് ചൈതന്യ, വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, അംബികാസുതന്‍ മങ്ങാട് തുടങ്ങി അനേകംപേരാണ് ഉപവാസ സമരത്തില്‍ പങ്കെടുത്തത്.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ